Top

അറസ്റ്റ് ചെയ്തും കായികമായി നേരിട്ടും കര്‍ഷക രോഷത്തെ നിര്‍വീര്യമാക്കാനാവില്ലെന്ന് മുഖ്യമന്ത്രി; ‘കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണം’

തിരുവനന്തപുരം: കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ മനസിലാക്കാനും അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആഗോളവല്‍ക്കരണത്തിന്റെ ആരംഭം മുതല്‍ വലതുപക്ഷ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും കര്‍ഷകര്‍ കൊടിയ അനീതി നേരിടുകയാണ്. കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനും വിപണിയിലെ കിടമത്സരത്തിനും വിട്ടു കൊടുക്കാതെ കര്‍ഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുട വാക്കുകള്‍: ”കാര്‍ഷിക മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന കോര്‍പ്പറേറ്റ് അനുകൂല വിവാദ നിയമങ്ങള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക സമരം രാജ്യമെങ്ങും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. വലിയ […]

9 Dec 2020 9:20 AM GMT

അറസ്റ്റ് ചെയ്തും കായികമായി നേരിട്ടും കര്‍ഷക രോഷത്തെ നിര്‍വീര്യമാക്കാനാവില്ലെന്ന് മുഖ്യമന്ത്രി; ‘കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണം’
X

തിരുവനന്തപുരം: കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ മനസിലാക്കാനും അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആഗോളവല്‍ക്കരണത്തിന്റെ ആരംഭം മുതല്‍ വലതുപക്ഷ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും കര്‍ഷകര്‍ കൊടിയ അനീതി നേരിടുകയാണ്. കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനും വിപണിയിലെ കിടമത്സരത്തിനും വിട്ടു കൊടുക്കാതെ കര്‍ഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുട വാക്കുകള്‍: ”കാര്‍ഷിക മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന കോര്‍പ്പറേറ്റ് അനുകൂല വിവാദ നിയമങ്ങള്‍ക്കെതിരെ ആരംഭിച്ച കര്‍ഷക സമരം രാജ്യമെങ്ങും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. വലിയ ജനപിന്തുണയാണ് വിവിധ കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തുന്ന സമരം നേടിയിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭം ഈ നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ സ്വമേധയാ പിന്തുണയുമായി രംഗത്തു വരുന്നു. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനു പകരം സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. സമര നേതാക്കളെ അറസ്റ്റ് ചെയ്തും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചും കായികമായി നേരിട്ടും കര്‍ഷക രോഷത്തെ നിര്‍വീര്യമാക്കാനാവില്ല. അത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ കര്‍ഷകര്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കുകയേ ഉള്ളൂ. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കാനും അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ആഗോളവല്‍ക്കരണത്തിന്റെ ആരംഭം മുതല്‍ വലതുപക്ഷ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും കര്‍ഷകര്‍ കൊടിയ അനീതിനേരിടുകയാണ്. കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനും വിപണിയിലെ കിടമത്സരത്തിനും വിട്ടു കൊടുക്കാതെ കര്‍ഷകരെ സംരക്ഷിക്കേണ്ട ബാധ്യത ഈ നാടിനുണ്ട്. അക്കാര്യത്തില്‍ പൊതു സമൂഹത്തിന്റെ ഒന്നാകെ പിന്തുണ കര്‍ഷകര്‍ക്ക് ഉറപ്പു വരുത്തണം. അതിനായി നാമോരുത്തരും മുന്നോട്ടു വരണം.”

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ കര്‍ഷകപ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍. കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ശക്തമാക്കാനും ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. തിങ്കളാഴ്ച ബിജെപി ഓഫീസുകള്‍ ഉപരോധിക്കും. റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. 12ന് ദില്ലി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. 14ന് രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും കര്‍ഷകരുടെ യോഗത്തില്‍ തീരുമാനമായി. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച അഞ്ചിന ഫോര്‍മുലകള്‍ കര്‍ഷക സംഘടന നേതാക്കള്‍ ഒറ്റക്കെട്ടായാണ് തള്ളിയത്. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍-കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ-സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രം സംഘടനകള്‍ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഇതെല്ലാം കര്‍ഷകനേതാക്കള്‍ തള്ളുകയായിരുന്നു. കര്‍ഷകദ്രോഹനിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും സമരത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമായി തുടരാന്‍ തീരുമാനിച്ചത്. നിയമം പിന്‍വലിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് കന്‍വാല്‍ പ്രീത് സിംഗ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയൂഷ് ഗോയലും തയ്യാറാക്കിയ ഫോര്‍മുലയില്‍ നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരുന്നു. ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് പിന്നാലെയാണ് ഇന്നലെ അമിത് ഷാ കര്‍ഷകരെ കാണാന്‍ തയ്യാറായത്. ഒരു കുറുക്കുവഴിയും കൊണ്ട് വരണ്ട, നിയമം പിന്‍വലിച്ചാല്‍ മാത്രം മതിയെന്ന് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ പറഞ്ഞിരുന്നു.
13 കര്‍ഷകസംഘടനാ നേതാക്കളാണ് അമിത് ഷായുമായി ചര്‍ച്ച നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ആദ്യ അഞ്ച് ചര്‍ച്ചകളിലും കര്‍ഷകര്‍ക്കുമുന്നില്‍വെച്ച അതേനിര്‍ദ്ദേശങ്ങള്‍ തന്നെയാണ് ഇന്നലെയും ആവര്‍ത്തിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിലപാടുകളില്‍ അയവുവരുത്തുകയും പുതിയ പ്രൊപ്പോസല്‍ കര്‍ഷകര്‍ക്കുമുന്നില്‍ വെയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ കര്‍ഷകസംഘടനകള്‍ പ്രതിഷേധത്തിലാണ്.

Next Story

Popular Stories