‘രവീന്ദ്രനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല’; ഇഡി മുമ്പാകെ ഹാജരാകുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രവീന്ദ്രന് ഇഡി മുമ്പാകെ ഹാജരാകുമെന്നും അദ്ദേഹത്തെ ഒരു അന്വേഷണ ഏജന്‍സിക്കും ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചെയ്യലില്‍ രവീന്ദ്രന് ഭയമില്ലെന്നും അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ലെന്ന് പിണറായി വ്യക്തമാക്കി.നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് കൊവിഡ് വന്നു. അതിന്റെ ഭാഗമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൊവിഡ് വന്നാല്‍ ചികിത്സ തേടണം. അത് ന്യായമായ കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ”രവീന്ദ്രനെതിരെ ചില […]

കണ്ണൂര്‍: ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രവീന്ദ്രന് ഇഡി മുമ്പാകെ ഹാജരാകുമെന്നും അദ്ദേഹത്തെ ഒരു അന്വേഷണ ഏജന്‍സിക്കും ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചെയ്യലില്‍ രവീന്ദ്രന് ഭയമില്ലെന്നും അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ലെന്ന് പിണറായി വ്യക്തമാക്കി.
നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് കൊവിഡ് വന്നു. അതിന്റെ ഭാഗമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൊവിഡ് വന്നാല്‍ ചികിത്സ തേടണം. അത് ന്യായമായ കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
”രവീന്ദ്രനെതിരെ ചില ആക്ഷേപങ്ങള്‍ ഏജന്‍സികള്‍ക്കു കിട്ടിയിട്ടുണ്ട്. പരാതികള്‍ ലഭിച്ചാല്‍ അതിനെക്കുറിച്ചു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. അതാണ് അന്വേഷണ രീതി. അന്വേഷണം അതിന്റെ രീതിയില്‍ നടക്കും. ചില പ്രത്യേക മാനസിക രീതിയുള്ളവരുണ്ട്. അവര്‍ നിരന്തരം അന്വേഷണ ഏജന്‍സികള്‍ക്കു പരാതി അയയ്ക്കും. ഒഞ്ചിയത്ത് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ ചിലര്‍ക്ക് വലിയ രാഷ്ട്രീയ വൈരാഗ്യമുണ്ട്. ആ വൈരാഗ്യം വച്ചാണ് രവീന്ദ്രനെതിരായ ആരോപണങ്ങള്‍. കാണുന്ന കെട്ടിടങ്ങളെല്ലാം രവീന്ദ്രന്റേതാണെന്ന് പറയുന്നു. അവിടെയെല്ലാം പോയി അന്വേഷിച്ചല്ലോ. എന്ത് തെളിവ് കിട്ടിയെന്ന് പറയട്ടെ.”- മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ തെറ്റുകാരെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രതികളുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും കേസിന്റെ അന്വേഷണത്തില്‍ ഒരു മുന്‍വിധിയും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളെ മുന്‍വിധിയില്ലാതെയാണ് കേരളം സ്വീകരിച്ചത്. പക്ഷെ ലക്ഷ്യം എന്തെന്ന് തിരിച്ചറിയാന്‍ വലിയ വിശകലനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കരിനിഴലില്‍ നിര്‍ത്തുന്നതാണ് ഇപ്പോഴത്തെ അന്വേഷണ രീതി. പ്രതികളെ രക്ഷിച്ചാലും സര്‍ക്കാരിന്റെ വികസനങ്ങളില്‍ എങ്ങിനെ കരിനിഴല്‍ വീഴ്ത്താം എന്നായി. മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ രഹസ്യമൊഴി ചില നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പറയുന്നു. ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് വരെ നേതാക്കള്‍ വിളിച്ച് പറയുന്നു. നാല് വര്‍ഷമായി അഴിമതിയുടെ ഒരു കറുത്ത പാടുപോലും ആരോപിക്കാനില്ല. ജനാധിപത്യത്തിന്റെ അന്തസത്തക്ക് ചേരാത്ത നിലപാടാണ് രാജ്യത്താകെ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘടിതമായ അപവാദ പ്രചരണങ്ങളെയും ഒന്നിച്ചുള്ള ആക്രമണങ്ങളെയും മറികടന്ന് സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയുന്നത് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണെന്നും ആ പിന്തുണയും ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ എന്തു ത്യാഗം സഹിച്ചും മുന്നോട്ട് പോവുമെന്ന ഉറപ്പാണ് സര്‍ക്കാരിന് നല്കാനുള്ളതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ നാടിന്റെ കരുത്ത് ജനങ്ങളുടെ ഐക്യമാണ്. ഈ ഐക്യം മുന്‍നിര്‍ത്തി ഏറ്റവും ഒടുവില്‍ കൊവിഡ് പ്രതിരോധവും കേരളം സാധ്യമാക്കി. മതനിരപേക്ഷത സംരക്ഷിക്കാനും നാടിന്റെ നേട്ടങ്ങള്‍ കാത്തു സൂക്ഷിക്കാനും നവകേരളം സാധ്യമാക്കാനും ഈ ഐക്യം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ മുന്നണിക്കാണ് അതിനെ നയിക്കുന്ന രാഷ്ട്രീയത്തിനാണ് ഈ യോജിപ്പിന്റെ പതാക ഉയര്ത്തിപ്പിടിക്കാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.