Top

‘സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രം ഈടാക്കുക’; 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി

കൊവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണ സഹകരണമാണ് സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപനതോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി പറഞ്ഞത്: ”സ്വകാര്യ ആശുപത്രികള്‍ രോഗവ്യാപന തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തി. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു. കോവിഡ് ചികിത്സക്കും പ്രതിരോധ […]

24 April 2021 7:30 AM GMT

‘സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രം ഈടാക്കുക’; 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി
X

കൊവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണ സഹകരണമാണ് സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപനതോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി പറഞ്ഞത്:

”സ്വകാര്യ ആശുപത്രികള്‍ രോഗവ്യാപന തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തി. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു. കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണ സഹകരണമാണ് ഇന്നത്തെ യോഗത്തിലും സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തത്. വ്യാപനതോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചത്. എല്ലാ ആശുപത്രികളും കിടക്കകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം കിടക്കകളുടെ 25 ശതമാനം ഈ ഘട്ടത്തില്‍ കോവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണം. പലരും 4050 ശതമാനം കിടക്കകള്‍ ഇപ്പോള്‍ തന്നെ മാറ്റി വെച്ചിട്ടുണ്ട്. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവരക്കണക്ക് ജില്ലാ ആരോഗ്യ വകുപ്പ് മേധാവിക്ക് കൈമാറണം. കിടക്കകള്‍ ഉള്ളിടത്ത് രോഗികളെ അയക്കാന്‍ ഇത് സഹായിക്കും.”

”ഗുരുതര അവസ്ഥയിലുള്ള രോഗികള്‍ വന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം നല്‍കാന്‍ കഴിയണം. മികച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കോവിഡ് ചികിത്സയില്‍ പ്രവീണ്യം നേടിയവര്‍ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളില്‍ ഡിഎംഒ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം. ഐസിയുകളും വെന്റിലേറ്ററുകളും എത്രയും വേഗം പൂര്‍ണതോതില്‍ സജ്ജമാക്കണം. അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ ഉടനെ തീര്‍ക്കണം. ഗുരുതര രോഗികള്‍ക്കായി ഐസിയു കിടക്കകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഐസിയു കിടക്കകള്‍ അനാവശ്യമായി നിറഞ്ഞ് പോകുന്നത് പരിശോധിക്കുന്നത് നന്നാകും. 108 ആംബുലന്‍സ്, ഐഎംഎ, സ്വകാര്യ ആബുലന്‍സ് എന്നിവ യോജിച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകണം.”

”ഇപ്പോള്‍ കോവിഡ് ഇതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ഒരാശുപത്രിയും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ചില ആശുപത്രികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. അതേനിരക്ക് എല്ലാവരും സ്വീകരിക്കണം. സ്വകാര്യ ആശുപത്രികള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി എംപാനല്‍ ചെയ്യുന്നത് നന്നാകും. 15 ദിവസത്തിനകം കോവിഡ് ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ ഉന്നയിച്ച പരാതികള്‍ക്ക് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കും.”

”നാം ജാഗ്രതയോടെ നീങ്ങിയാല്‍ മാത്രമേ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍, സര്‍ക്കാരിതര വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യ മേഖലയാകെ നീങ്ങണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോട് വളരെ അനുകൂലമായാണ് എല്ലാവരും പ്രതികരിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗജന്യമായ കോവിഡ് ചികിത്സ നല്‍കി വരുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തില്‍ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേര്‍ക്കും, റഫര്‍ ചെയ്ത 13,236 പേരുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ കുറേക്കൂടെ ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. അതിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ ലഭ്യമാക്കും.”

Next Story