Top

‘ഉദ്യോഗസ്ഥരുടെ മേല്‍ കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുന്നു’; ആരുടെയും വക്കാലത്ത് എടുത്ത് ഇങ്ങോട്ട് വരേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് മേലെ കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയുടെ ചുമതലക്കാരെ തുടര്‍ച്ചയായി ചോദ്യം ചെയ്തത് എന്തിനാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് രാഷ്ട്രീയ നേതൃത്വം മാത്രമല്ല പങ്കാളി. സര്‍ക്കാരിന് മികച്ച ഭരണത്തിന് തുടര്‍ച്ചയായി അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. അതിന് രാഷ്ട്രീയ നേതൃത്വത്തിന് മാത്രമല്ല പങ്ക്. നിര്‍വ്വഹണം നടക്കുന്ന ഉദ്യേഗസ്ഥര്‍ക്കും പങ്കുണ്ട്. ആ ഉദ്യോഗസ്ഥരുടെ മേല്‍ ഇന്ത്യാ രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ മുഴുവന്‍ വട്ടമിട്ട് […]

16 Nov 2020 8:41 AM GMT

‘ഉദ്യോഗസ്ഥരുടെ മേല്‍ കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുന്നു’; ആരുടെയും വക്കാലത്ത് എടുത്ത് ഇങ്ങോട്ട് വരേണ്ടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് മേലെ കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയുടെ ചുമതലക്കാരെ തുടര്‍ച്ചയായി ചോദ്യം ചെയ്തത് എന്തിനാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് രാഷ്ട്രീയ നേതൃത്വം മാത്രമല്ല പങ്കാളി. സര്‍ക്കാരിന് മികച്ച ഭരണത്തിന് തുടര്‍ച്ചയായി അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. അതിന് രാഷ്ട്രീയ നേതൃത്വത്തിന് മാത്രമല്ല പങ്ക്. നിര്‍വ്വഹണം നടക്കുന്ന ഉദ്യേഗസ്ഥര്‍ക്കും പങ്കുണ്ട്. ആ ഉദ്യോഗസ്ഥരുടെ മേല്‍ ഇന്ത്യാ രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ മുഴുവന്‍ വട്ടമിട്ട് പറക്കുകയാണ്. രാജ്യത്തെ ഒരു ഏജന്‍സി ഒഴികെ ബാക്കിയെല്ലാം ഇവിടെയുണ്ടെന്നാണ് തോന്നുന്നത്. അവരെല്ലാം വട്ടമിട്ട് പറക്കുകയാണ്. എന്നിട്ട് ഉദ്യോഗസ്ഥരെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിസംഗരാക്കത്തക്ക രീതിയില്‍ ഇടപെടുകയാണ്. എന്താണ് അതിന്റെ ഉദ്ദേശം? അവരുടെ മുന്നില്‍ വന്ന ഏതെങ്കിലും കാരണങ്ങള്‍ വെച്ചല്ല അന്വേഷണങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘ലൈഫ് പദ്ധതികൊണ്ട് ഗുണം ലഭിക്കുന്നത് പാവപ്പെട്ട വീടില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ക്കാണ്. എന്തിനാണ് അതിന്റെ മെക്കിട്ട് കയറുന്നത്? അതിന്റെ ചുമതലക്കാരനെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്? എന്ത് കാര്യത്തിനാണ് ചോദ്യം ചെയ്യുന്നത്? അതിന്റെ പുറകെ വരുന്നു കെ ഫോണിനെപ്പറ്റി അറിയണമെന്ന്. നാട്ടിലെ യുവാക്കള്‍ കെ ഫോണിനെ കാത്തിരിക്കുകയാണ്. യുവതയുടെ പ്രതീക്ഷയാണത്. ചിലര്‍ക്കത് പ്രയാസമുണ്ട്. അത് പ്രയാസമുണ്ടാകുന്ന ചില നിക്ഷിപ്ത താല്‍പര്യക്കാരുണ്ട്. ആ നിക്ഷിപ്ത താല്‍പര്യം എങ്ങനെയാണ് രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്ക് വരുന്നത്?. അതാണ് പ്രശ്‌നം. എന്താണ് അവര്‍ക്കുള്ള സംശയം? കിഫ്ബിയുടെ പണമാണ് അതിന് ഉപയോഗിക്കുന്നത്. രാജ്യത്തെ നവരത്‌ന കമ്പനികളില്‍ ഒന്നായ ബിഎച്ചഇഎല്ലാണ് അത് നടപ്പാക്കുന്നത്. എവിടെയാണ് അവര്‍ക്ക് സംശയം? കെ ഫോണ്‍ നടപ്പാക്കുന്ന നിര്‍വഹണ ഏജന്‍സികളെക്കുറിച്ചല്ല. കെ ഫോണിനോടാണ് വിയോജിപ്പ്. ആ താല്‍പര്യവും കൊണ്ട് അവിടെ ഇരുന്നാല്‍ മതി. ഇങ്ങോട്ടുവരേണ്ട. അത് മനസിലാക്കിക്കൊള്ളണം’, മുഖ്യമന്ത്രി വ്യക്തമാക്കി.

‘സര്‍ക്കാര്‍ എന്തിന് ഇക്കാര്യങ്ങള്‍ ചെയ്യുന്നു, അത് ചെയ്യാന്‍ രാജ്യത്ത് സ്വകാര്യ കമ്പനികളും കുത്തകകളും ഉണ്ടല്ലോ എന്നാണ് പരോക്ഷമായി ഞങ്ങളോട് പറയുന്നത്. അതിന് അതേനാണയത്തില്‍ മറുപടി പറയുകയാണ്, അത് മനസില്‍ വെച്ചാല്‍ മതി. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്തുകൊണ്ട് ഇങ്ങോട്ടുവരേണ്ട. ഞങ്ങള്‍ക്കതിലൊന്നും സംശയവും ആശങ്കയുമില്ല. എന്തിനാണ് നിങ്ങളുടെ പുറപ്പാട്? എന്തെല്ലാം വിവരങ്ങളാണ് നിങ്ങള്‍ക്ക് വേണ്ടത്?’, അദ്ദേഹം ചോദിച്ചു.

ഏതാനും വികല മനസുകളുടെ താല്‍പര്യത്തിനനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജന്‍സികള്‍ മാറാന്‍ പാടില്ല. അതുതന്നെയാണ് വ്യക്തമാക്കാനുള്ളത്. ഈ നാട് ഞങ്ങള്‍ക്ക് ഏല്‍പിച്ചുതന്ന ഉത്തരവാദിത്തമുണ്ട്. അത് 2016ല്‍ കേരളം എന്തായിരുന്നോ അതില്‍നിന്നും പുറകോട്ട് പുറകോട്ട് പോവുക എന്നുള്ളതല്ല. മറിച്ച് മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ്. അതാണ് സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ ചിലര്‍ക്ക് ഇതെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണല്ലോ നടക്കുന്നത് എന്ന വലിയ പ്രയാസമുണ്ട്. നാടിന്റെ വികസനം ഉറപ്പുവരുത്തലാണ് ഒരു സര്‍ക്കാരിന്റെ ധര്‍മ്മം. ആ പ്രവര്‍ത്തനങ്ങള്‍ ഒരു സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അത് സര്‍ക്കാരിന്റെ മെച്ചമായി പോകുമെന്നാണോ കരുതേണ്ടത്? സര്‍ക്കാരിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനമായി വിശേഷിപ്പിക്കപ്പെടുന്നത് തങ്ങളുടെ രാഷ്ട്രീയ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് നിലപാടെടുത്ത് നാടിന്റെ വികസനം തടയാനുള്ള ശ്രമം നടത്താമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

വീഴ്ചകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. വിമര്‍ശിക്കാം. അതിലൊന്നും ഞങ്ങള്‍ക്ക് യാതൊരു അങ്കലാപ്പുമില്ല. പക്ഷേ, നാടിന്റെ വികസനത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തിയാത് തങ്ങള്‍ക്ക് ദോഷമാണെന്ന് ആരും ചിന്തിക്കരുത്.

ശിവശങ്കര്‍ എന്തു പറഞ്ഞെന്നോ എന്താണ് മൊഴിയെന്നോ തനിക്ക് പറയാന്‍ കഴിയുന്ന കാര്യങ്ങളല്ല. രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിച്ചെന്നാണ് മാധ്യമങ്ങളില്‍നിന്നും മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story