Top

‘തമിഴ്‌നാട്, ബീഹാര്‍ സഭകളില്‍ ലാത്തി ചാര്‍ജ്ജ്, തെലുങ്കാനയില്‍ കുരുമുളക് സ്‌പ്രേ, യുപിയിലേത് ചരിത്രത്തിലെ ഏറ്റവും വലിയ അക്രമം’; വിവിധ നിയമസഭയിലെ അക്രമങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി

രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിലുണ്ടായ അക്രമസംഭവങ്ങളും പ്രതിഷേധങ്ങളും പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ നിയമസഭകളിലുണ്ടായ സംഭവങ്ങളാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ വിശദീകരിച്ചത്. നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട പി.ടി തോമസിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ അക്രമസംഭവം ഉത്തര്‍പ്രദേശില്‍ നടന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞത്, പ്രസക്തഭാഗങ്ങള്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭയിലുണ്ടായ പ്രതിഷേധങ്ങള്‍ ഈ […]

29 July 2021 4:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തമിഴ്‌നാട്, ബീഹാര്‍ സഭകളില്‍ ലാത്തി ചാര്‍ജ്ജ്, തെലുങ്കാനയില്‍ കുരുമുളക് സ്‌പ്രേ, യുപിയിലേത് ചരിത്രത്തിലെ ഏറ്റവും വലിയ അക്രമം’; വിവിധ നിയമസഭയിലെ അക്രമങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി
X

രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിലുണ്ടായ അക്രമസംഭവങ്ങളും പ്രതിഷേധങ്ങളും പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ നിയമസഭകളിലുണ്ടായ സംഭവങ്ങളാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ വിശദീകരിച്ചത്. നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട പി.ടി തോമസിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ അക്രമസംഭവം ഉത്തര്‍പ്രദേശില്‍ നടന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്, പ്രസക്തഭാഗങ്ങള്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭയിലുണ്ടായ പ്രതിഷേധങ്ങള്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്.

1988 ജനുവരിയില്‍ തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാംഗങ്ങള്‍ തമ്മില്‍ അടിപിടി ഉണ്ടായി. മൈക്കും സ്റ്റാന്റും ചെരുപ്പും ഒക്കെ ഉപയോഗിച്ച് അംഗങ്ങള്‍ പരസ്പരം ആക്രമിച്ചു. കോണ്‍ഗ്രസ്സ്, ഡിഎംകെ, എഡിഎംകെ അംഗങ്ങള്‍ തമ്മിലായിരുന്നു ആക്രമണം. ഒടുവില്‍ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി.

1989 മാര്‍ച്ച് 25 ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ അടിപിടിയുണ്ടായി. കരുണാനിധി, ജയലളിത ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടു. ഡിഎംകെ, എഡിഎംകെ അംഗങ്ങള്‍ തമ്മിലായിരുന്നു അടി നടന്നത്.

1997 ഒക്ടോബര്‍ 22 ന് ഉത്തര്‍പ്രദേശില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിയമസഭയ്ക്കുള്ളില്‍ വലിയ തോതില്‍ അക്രമങ്ങളുണ്ടായി. സ്പീക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കസേര, പലക, മൈക്ക്, മറ്റു ഉപകരണങ്ങള്‍ എന്നിവയൊക്കെ ഉപയോഗിച്ചാണ് അംഗങ്ങള്‍ പരസ്പരം ആക്രമിച്ചത്. ആംബുലന്‍സ് എത്തിയാണ് പലരെയും ആശുപത്രിയില്‍ ആക്കിയത്. കോണ്‍ഗ്രസ്സ്, ബിജെപി, എസ്പി, ബിഎസ്പി അംഗങ്ങള്‍ പരസ്പരം ആക്രമിച്ചു. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ അക്രമസംഭവമായിരിക്കും ഇത്.

2007 സെപ്റ്റംബര്‍ 14 ന് ഡല്‍ഹി നിയമസഭയിലെ ഒരു കോണ്‍ഗ്രസ്സ് അംഗം ബിജെപിയുടെ ചീഫ് വിപ്പിനെ തല്ലി.

2009 ഡിസംബര്‍ 10 ന് മഹാരാഷ്ട്ര നിയമസഭയിലെ ഒരംഗം മറ്റൊരംഗത്തെ തല്ലി. സത്യപ്രതിജ്ഞ വാചകം മറാഠിയില്‍ ചൊല്ലാതെ ഹിന്ദിയില്‍ ചൊല്ലി എന്ന കാരണം പറഞ്ഞാണ് സഭയ്ക്കുള്ളില്‍ വെച്ചു തന്നെ ആക്രമണം ഉണ്ടായത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അംഗം സമാജ്വാദി അംഗത്തെയാണ് മര്‍ദ്ദിച്ചത്.

2011 ഡിസംബറില്‍ ഒഡീഷ നിയമസഭാ സ്പീക്കര്‍ക്കു നേരെ ഒരു കോണ്‍ഗ്രസ്സ് അംഗം കസേര എറിഞ്ഞു. സ്പീക്കര്‍ ബിജുജനതാദള്‍ അംഗമായിരുന്നു.

2013 ല്‍ തമിഴ്നാട് നിയമസഭയില്‍ ഡിഎംഡികെ യില്‍പ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തല്ലി. റിബല്‍ അംഗമായ ഒരാള്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചതായിരുന്നു കാരണം.

2014 ല്‍ തെലങ്കാന രൂപീകരണ ബില്‍ അവതരണ സമയത്ത് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സ് നേതാവ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു.

2017 മേയില്‍ ഡല്‍ഹി നിയമസഭാംഗമായിരുന്ന ആപ് അംഗത്തെ മറ്റു ആപ് അംഗങ്ങള്‍ തന്നെ വലിച്ചിഴച്ചു സഭയില്‍ നിന്നു പുറത്താക്കി.

2019 ഡിസംബറില്‍ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപി ശിവസേന അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

2021 മാര്‍ച്ച് 23 ന് ബിഹാറിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറെ ചേംബറില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അവരെ ബലമായി നീക്കം ചെയ്തു. ഉന്തിലും തള്ളിലും പെട്ട് ഒരു എംഎല്‍എക്ക് പരിക്കേറ്റു. ആര്‍ ജെ ഡി അംഗത്തിനാണ് പരിക്കേറ്റത്. സ്പീക്കര്‍ ബി ജെ പി അംഗമാണ്.

2021 ജൂലൈയില്‍ മഹാരാഷ്ട്ര അസംബ്ലിയില്‍ ബിജെപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിലെത്തി കയ്യാങ്കളി നടത്തി. സ്പീക്കര്‍ എന്‍ സി പി അംഗമാണ്.

ഇതില്‍ ബീഹാര്‍ നിയമസഭയില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസുകാര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ”ഒരു എംഎല്‍എയുടെ പേരിലും നിയമസഭയിലെ പ്രതിഷേധങ്ങളിലും ക്രിമിനല്‍ കേസ് എടുക്കുന്ന രീതി പൊതുവേ രാജ്യത്ത് ഉണ്ടായിട്ടില്ല. ഇന്ത്യന്‍ നിയമസഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു രീതി പിന്തുടരാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് കാണാവുന്നതാണ്. നിയമസഭയുടെ പ്രിവിലേജുമായി ബന്ധപ്പെട്ട സംവിധാനത്തെ നിലനിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചിട്ടുള്ളൂ.” ആര്‍ക്കെങ്കിലും എതിരെ ഒരു കേസ് നിയമസഭയ്ക്കകത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

”കാലാകാലങ്ങളിലുണ്ടാവുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാനത്തില്‍ സമൂഹത്തിലും സ്ഥാപനങ്ങളിലും ചിലപ്പോള്‍ പാര്‍ലമെന്റിലും നിയമനിര്‍മ്മാണ സഭകളിലും പ്രതിഷേധത്തിന്റെ അലകള്‍ ഉയരാറുണ്ട്. സമരങ്ങളും പ്രശ്നങ്ങളും തീരുമ്പോള്‍ സാധാരണഗതിയില്‍ തന്നെ അതിനോടനുബന്ധിച്ചുണ്ടായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് അനുമതി നല്‍കുന്നതും അവ പിന്‍വലിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയുടെ അനുമതി തേടുന്നതും ഈ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ ആദ്യമായല്ല. ഇതൊരു പുതിയ സംഭവമാണെന്ന തരത്തില്‍ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. നിയമസഭയെ സംബന്ധിച്ച് പൊതുവില്‍ രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നയം നമ്മുടെ അന്തസ്സ് തകര്‍ക്കാനേ ഇടയാക്കുകയുള്ളൂവെന്ന് ഓര്‍ക്കണം”.- മുഖ്യമന്ത്രി പറഞ്ഞു.

Next Story