Top

‘സര്‍ക്കാര്‍ എന്നും ആ അമ്മയുടെ വികാരത്തിനൊപ്പം’; ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും മുഖ്യമന്ത്രി

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കുന്നുയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ എന്നും ആ അമ്മയുടെ വികാരത്തിനൊപ്പമാണ് നിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. സിബിഐ അന്വേഷണം അടക്കം. ഒരു ഘട്ടത്തിലും അവരെ വേദനിപ്പിക്കണമെന്ന് വിചാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാം. പിന്നെ ആ പ്രശ്‌നത്തെ സംബന്ധിച്ചാണെങ്കില്‍, ഞങ്ങള്‍ക്ക് യാതൊരു മനസാക്ഷി കുത്തുമില്ല. കാരണം ആ അമ്മയുടെ വികാരത്തിനൊപ്പമാണ് ഞങ്ങള്‍ […]

16 March 2021 8:41 AM GMT

‘സര്‍ക്കാര്‍ എന്നും ആ അമ്മയുടെ വികാരത്തിനൊപ്പം’; ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും മുഖ്യമന്ത്രി
X

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കുന്നുയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ എന്നും ആ അമ്മയുടെ വികാരത്തിനൊപ്പമാണ് നിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. സിബിഐ അന്വേഷണം അടക്കം. ഒരു ഘട്ടത്തിലും അവരെ വേദനിപ്പിക്കണമെന്ന് വിചാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാം. പിന്നെ ആ പ്രശ്‌നത്തെ സംബന്ധിച്ചാണെങ്കില്‍, ഞങ്ങള്‍ക്ക് യാതൊരു മനസാക്ഷി കുത്തുമില്ല. കാരണം ആ അമ്മയുടെ വികാരത്തിനൊപ്പമാണ് ഞങ്ങള്‍ നിന്നിട്ടുള്ളത്. അതിന്റെ ഭാഗമായ നടപടികളാണ് ഓരോ ഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളത്. അവര്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. സിബിഐ അന്വേഷണം അടക്കം. ഒരു ഘട്ടത്തിലും അവരെ വേദനിപ്പിക്കണമെന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. അവര്‍ക്ക് പല തരത്തിലുള്ള ആലോചനകളുണ്ടാകും. അതിന്റെ ഭാഗമായി എന്തെങ്കിലും നിലപാട് സ്വീകരിക്കുന്നെങ്കില്‍ എടുത്തോട്ടെ. സിബിഐ അന്വേഷണത്തിന് കാര്യങ്ങള്‍ വിട്ടു. അവരെ വേറെ ആരെക്കെയോ എന്തെക്കെയോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അതിന് ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല. സിബിഐ അന്വേഷണമാണ് അതില്‍ നടക്കേണ്ടത്.”

ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ: ”ബാലശങ്കര്‍ വിട്ടുവായന്‍ അല്ല എന്നാണ് കേട്ടിട്ടുള്ളത്. എനിക്ക് അടുത്ത് അറിയില്ല. ഇപ്പോള്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസിലാവുന്നില്ല.”

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കുന്നത്. തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനംചെയ്ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്പി സോജനും എസ്ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അതാണ് മത്സരിക്കാന്‍ കാരണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തീരുമാനത്തെ പിന്തുണച്ച് കൊണ്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ഉചിതമായ തീരുമാനമാണെന്നും പിന്തുണയ്ക്കണമോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അവരെ യുഡിഎഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസിയു രംഗത്തെത്തി. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി ആവശ്യപ്പെട്ടു.
പ്രതിക്കൂട്ടില്‍ നിയമസംവിധാനവും പൊലീസും അടക്കം നില്‍ക്കുന്നുണ്ട്. അതിനാലാണ് യുഡിഎഫ് നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

Next Story