Top

ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റേത് പോലെ ജനാധിപത്യ സമീപനമുണ്ടാകുമോ? മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതിന് കൃത്യമായ രീതികളുണ്ടെന്ന് നമ്മള്‍ കാണണമെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.

21 May 2021 9:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റേത് പോലെ ജനാധിപത്യ സമീപനമുണ്ടാകുമോ? മുഖ്യമന്ത്രിയുടെ മറുപടി
X

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിനും തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ വലിയ രീതിയില്‍ സഹായിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി സര്‍ക്കാരിന് കൃത്യമായ രീതികളുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ പിണറായി വിജയന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സ്വീകരിച്ചതുപോലെ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ജനാധിപത്യപരമായ സമീപനം കൊണ്ടുവരുമോ എന്ന മാധ്യമപ്രവര്‍ത്തയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഈ വിധത്തില്‍ മറുപടി പറഞ്ഞത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളെ നിയന്ത്രിച്ചുകൊണ്ട് മറ്റ് സ്വകാര്യവ്യക്തികളെ പൂര്‍ണ്ണമായും ക്ഷേത്രത്തിന്റെ അവകാശത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം ചര്‍ച്ചയായിരുന്നു. ക്ഷേത്രം വക സ്വത്തുവകകള്‍ ദേവന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഈ രേഖകളും സ്വത്തുവിവരങ്ങളും ഡിജിറ്റൈസ് ചെയ്യാനാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളും സദ്ഗുരു ജഗ്ഗി വാസുദേവിനെപ്പോലുള്ള ആത്മീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതിന് കൃത്യമായ രീതികളുണ്ടെന്ന് നമ്മള്‍ കാണണമെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. കൂടുതല്‍ ജനാധിപത്യപരമായ സമീപനം സ്വീകരിച്ചാല്‍ വലതുപക്ഷ പാര്‍ട്ടികള്‍ ഹിന്ദു വിഭാഗങ്ങളെ ഇളക്കിവിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലേ എന്ന ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ബിജെപിയെ പോലുള്ള പാര്‍ട്ടികള്‍ക്ക് വര്‍ഗീയ അജണ്ടയാണുള്ളതെന്നും കേരളത്തിലെ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടാണോ ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന ചോദ്യത്തിനും മുഖ്യമന്ത്രി കൃത്യമായി മറുപടി പറഞ്ഞു. ശബരിമല വിഷയം ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും നമ്മുക്ക് അന്തിമ വിധിക്കായി കാത്തിരിക്കാമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചത്.

Next Story

Popular Stories