Top

‘കാപ്പന്‍ വഞ്ചിച്ചത് ജനങ്ങളെ’ ജനം തന്നെ അത് ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാണി സി കാപ്പന്‍ കാണിച്ചത് തന്നെ തെരഞ്ഞെടുത്തവരോടുള്ള വഞ്ചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ജനങ്ങള്‍ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”അദ്ദേഹത്തിന്റെ മോഹം നടന്ന രീതിയാണ് കാണുന്നത്. അതില്‍ ഞാനിപ്പോള്‍ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. അവിടെയുള്ള നാട്ടുകാര്, എല്‍ഡിഎഫ് എന്ന നിലയ്ക്ക് അദ്ദേഹത്തെ സഹായിച്ചവര്, അവരെയൊക്കെ കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അത് എല്‍ഡിഎഫിനോട് കാണിച്ച വഞ്ചന മാത്രമല്ല, […]

16 Feb 2021 8:40 AM GMT

‘കാപ്പന്‍ വഞ്ചിച്ചത് ജനങ്ങളെ’ ജനം തന്നെ അത് ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
X

മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാണി സി കാപ്പന്‍ കാണിച്ചത് തന്നെ തെരഞ്ഞെടുത്തവരോടുള്ള വഞ്ചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ജനങ്ങള്‍ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”അദ്ദേഹത്തിന്റെ മോഹം നടന്ന രീതിയാണ് കാണുന്നത്. അതില്‍ ഞാനിപ്പോള്‍ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. അവിടെയുള്ള നാട്ടുകാര്, എല്‍ഡിഎഫ് എന്ന നിലയ്ക്ക് അദ്ദേഹത്തെ സഹായിച്ചവര്, അവരെയൊക്കെ കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അത് എല്‍ഡിഎഫിനോട് കാണിച്ച വഞ്ചന മാത്രമല്ല, ആ നാട്ടിലെ ജനങ്ങളോടും തന്നെ തെരഞ്ഞെടുത്തവരോടും കാണിച്ച വഞ്ചനയാണ്. അതില്‍ ജനങ്ങള്‍ തന്നെ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.”

പിഎസ്‌സി സമരത്തെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്:

”പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു എന്നു ചിലര്‍ ആരോപിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇത്തരം പ്രചാരണങ്ങളുമായി രംഗത്തുവന്നത് കണ്ടു. സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 4 വര്‍ഷം 7 മാസ കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. പോലീസില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13,825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തില്‍ 201620 കാലയളവില്‍ 19,120 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. 201116 കാലയളവില്‍ ഇത് 17,711 ആയിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും അവസരം നല്‍കുകയും അര്‍ഹതപ്പെട്ട ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാരിന്റേത്. ഈ സര്‍ക്കാര്‍ വന്ന ശേഷം 1,57,909 നിയമന ശുപാര്‍ശകളാണ് പി.എസ്.സി നല്‍കിയിട്ടുള്ളള്ളത്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ നിയമനങ്ങളും നിയമന ശുപാര്‍ശകളും ഈ സര്‍ക്കാര്‍ നടത്തി.

നിലവില്‍ നിയമനലിസ്റ്റിന്റെ പേരിലുള്ള പ്രതിപക്ഷ സമരം സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പര്യത്തിനു വിരുദ്ധമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ എല്ലാ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷം രംഗത്തിറങ്ങിയത്. റാങ്ക്‌ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം കിട്ടണമെന്നും കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പിന്തുണയ്ക്കാന്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നത് ആശ്ചര്യകരമാണ്. സമരം ചെയ്യുന്നവര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍ ആഗ്രഹമുണ്ടാകും. അത് സ്വാഭാവികമാണ്. എന്നാല്‍, ആ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിതമായ ശ്രമമാണ്. 2020 ജൂണില്‍ കാലാവധി തീര്‍ന്ന സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക്‌ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നാണ് ഉയര്‍ത്തുന്ന ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെ പുനരുജ്ജീവിപ്പിക്കും? അതിന് പറ്റുന്ന ഏതെങ്കിലും നിയമമോ സാധ്യതയോ നാട്ടിലുണ്ടോ? അതറിയാത്തവരാണോ മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയായി നാടുഭരിച്ചിരുന്ന പ്രതിപക്ഷ നേതാക്കള്‍? അപ്പോള്‍ അതറിയാഞ്ഞിട്ടല്ല. ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. അതുവഴി രാഷ്ട്രീയ നേട്ടം കൊയ്യുക. അതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനുമുമ്പു തന്നെ 2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതായത് ഈ വര്‍ഷം അവസാനം വരെയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തു എന്നര്‍ത്ഥം. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി രണ്ട് റാങ്ക്‌ലിസ്റ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ പി.എസ്.സി പ്രസിദ്ധീകരിച്ചത്. ആകെ 11,420 അതില്‍ നിയമനം നല്‍കിയത്. ഇതില്‍ വയനാട്, പാലക്കാട്, മലപ്പുറം മേഖലയിലെ ആദിവാസി വിഭാഗത്തിലെ യുവതീയുവാക്കള്‍ക്കായി സൃഷ്ടിച്ച 200 തസ്തികകളുമുണ്ട്.

ഇതിനുപുറമെ സംസ്ഥാനത്ത് ആദ്യമായി വനിതാ ബറ്റാലിയന് രൂപം നല്‍കി. 400 കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ഇതിനായി മാത്രം സൃഷ്ടിച്ചു. ആകെ 1666 വനിതകള്‍ക്ക് പോലീസില്‍ നിയമനം ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. അങ്ങനെ മൊത്തം ഈ സര്‍ക്കാര്‍ പോലീസില്‍ 13,086 പേര്‍ക്ക് നിയമനം ലഭിക്കുന്നതിനാണ് നടപടിയെടുത്തത്. ഇതിനുപുറമെ ഇന്ത്യ റിസര്‍വ്വ് ബറ്റാലിയനിലേക്കുള്ള 739 നിയമനം ഉള്‍പ്പെടെ ആകെ 13,825 പേര്‍ക്കാണ് പൊലീസില്‍ നിയമനം നല്‍കിയത്. ഈ സര്‍ക്കാര്‍ വന്ന ശേഷം പോലീസ് വകുപ്പില്‍ 3971 സ്ഥിരം തസ്തികകളും 863 താല്‍ക്കാലിക തസ്തികകളും പുതുതായി സൃഷ്ടിച്ചു. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ പഴയ ലിസ്റ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്? ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സിന്റെ കാര്യത്തില്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ആഗസ്ത് മൂന്നുവരെ നീട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏപ്രില്‍, മെയ് മാസങ്ങളില്‍ റിട്ടയര്‍മെന്റ്മൂലം വരുന്ന ഒഴിവുകളും ഇപ്പോഴത്തെ ലിസ്റ്റിലുള്ളവര്‍ക്ക് ലഭിക്കും. ലാസ്റ്റ്‌ഗ്രേഡ് തസ്തികയില്‍ നിയമനം പരിശോധിച്ചാല്‍ റാങ്ക്‌ലിസ്റ്റില്‍ പിന്നിലുള്ളവര്‍ക്കും മുന്‍കാലങ്ങളില്‍ നിയമനം ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അതു മാറാന്‍ കാരണം പരീക്ഷയെഴുതാനുള്ള യോഗ്യതയില്‍ വരുത്തിയ മാറ്റമാണ്. 2011ലാണ് ഈ മാറ്റമുണ്ടായത്. അതോടെ ബിരുദവും അതിലുയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഉള്ളവര്‍ക്കും ലാസ്റ്റ് ഗ്രേഡിലേക്ക് അപേക്ഷിക്കാന്‍ കഴിയാതെയായി.

മുമ്പ് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പരീക്ഷയെഴുതി ലിസ്റ്റില്‍ വരുമായിരുന്നു. ലാസ്റ്റ്‌ഗ്രേഡ് റാങ്ക്‌ലിസ്റ്റില്‍ നിയമനം ആരംഭിക്കുന്നതിനു മുമ്പുതന്നെ അത്തരം പലര്‍ക്കും മറ്റ് തസ്തികകളില്‍ നിയമനം ലഭിക്കും. അതോടെ ആ പട്ടികയില്‍ താഴെയുള്ളവര്‍ക്ക് അവസരം കിട്ടും. ലാസ്റ്റ്‌ഗ്രേഡ് റാങ്ക്‌ലിസ്റ്റില്‍നിന്ന് നിയമനം ലഭിച്ചശേഷം മറ്റു തസ്തികകളിലേക്ക് നിയമിക്കപ്പെട്ട് പോകുന്ന ഒഴിവുകള്‍ വേറെയുമുണ്ടാകും. പരീക്ഷായോഗ്യത മാറ്റിയതോടെ അത്തരം സാധ്യതകള്‍ ഇല്ലാതായി. അതേസമയം തന്നെ ബിരുദധാരികളുമായി മത്സരിക്കേണ്ടതില്ലായെന്നതുകൊണ്ട് ഉയര്‍ന്ന റാങ്ക് തുടക്കത്തിലേ തന്നെ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവര്‍ക്ക് ഉയര്‍ന്ന റാങ്കിലെത്താന്‍ കഴിയുന്ന സ്ഥിതിയും വന്നു. നേരത്തേ സെക്രട്ടേറിയറ്റ്, പി.എസ്.സി, ലോക്കല്‍ ഫണ്ട്, ഓഡിറ്റ് വകുപ്പ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവ ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ ഭാഗമായിരുന്നു. അവയെ സെക്രട്ടേറിയറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയത് 2016 ഫെബ്രുവരിയില്‍ യുഡിഎഫിന്റെ കാലത്താണ്. അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പരീക്ഷയ്ക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ഒമ്പതു ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. അതില്‍ ഏഴു ലക്ഷത്തോളം അപേക്ഷകള്‍ സാധുവായിട്ടുണ്ട്. അതിന്റെ നിയമനങ്ങള്‍ ഇനിയുള്ള നാളുകളില്‍ നടക്കും.

ഇഫയലിങ് സമ്പ്രദായം ആരംഭിച്ചതോടെ ഫയലുകള്‍ കൈകൊണ്ട് എടുത്ത് കൈകാര്യം ചെയ്യുന്ന രീതി കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ കുറവുവരുത്തണമെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ള കമ്മറ്റികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഈ ഘട്ടത്തിലാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരു നിശ്ചിത കാലയളവില്‍ ഒഴിവുവരുന്ന തസ്തികകളിലേക്കുള്ള നിയമനത്തിനാണ് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പരീക്ഷ നടത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവുള്ള തസ്തികയില്‍ നിയമനം നടത്തുന്ന രീതിയാണ് നിലവിലുള്ളത്. ഒരോ വകുപ്പിന്റെയും ആവശ്യകത കണക്കിലെടുത്താണ് തസ്തികകള്‍ സൃഷ്ടിക്കുന്നത്. അത് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കുന്നു. അതായത് വകുപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഒഴിവുകള്‍ ഉണ്ടാകുക. റാങ്ക്‌ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ തസ്തിക സൃഷ്ടിക്കുക എന്ന രീതിയില്ല.

അനന്തമായി റാങ്ക്‌ലിസ്റ്റുകള്‍ നീട്ടുന്നത് ആ പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം ജോലി ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുക. റാങ്ക് ലിസ്റ്റില്‍ വന്നതിനേക്കാള്‍ എത്രയോ അധികം യുവാക്കളും യുവതികളും ലിസ്റ്റിന് പുറത്ത് പരീക്ഷയെഴുതാനുള്ള യോഗ്യതയോടെ ഉണ്ടാവും. പരീക്ഷകള്‍ സമയബന്ധിതമായി നടത്തുകയും ലിസ്റ്റുകള്‍ യഥാസമയം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ പരീക്ഷകളില്‍ മത്സരിക്കുന്നതിന് അവസരമുണ്ടാക്കും. കൂടുതല്‍ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ വകുപ്പുകള്‍ക്ക് ലഭിക്കുന്നതിനും അത് സഹായകമാകും. ലിസ്റ്റുകള്‍ അനന്തമായി നീട്ടുന്നതും ഈ നീട്ടലിന്റെ ഭാഗമായി അടുത്ത ലിസ്റ്റിന്റെ കാലയളവില്‍ ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ പോലും നല്‍കുന്നതും പുതിയ തലമുറക്ക് അവസരം നിഷേധിക്കുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാരിലും മറ്റും റാങ്ക്‌ലിസ്റ്റുകള്‍ക്ക് കേരളത്തിലെ അത്രയും കാലാവധിയില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. സെക്രട്ടറിയേറ്റ് സെക്യൂരിറ്റി നിയമനത്തില്‍ ഇത്തരമൊരു സമീപനം ഇതിന് ഉദാഹരണമാണ്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന മറ്റൊരു പ്രചാരണവും നടക്കുന്നുണ്ടല്ലൊ. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. അതിലൊന്നും വ്യക്തമായ മാനദണ്ഡമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷമായവരെയടക്കം സ്ഥിരപ്പെടുത്തി. ഇനി നിയമിക്കാന്‍ പോകുന്നവരെ കൂടി സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് നാം കണ്ടില്ലേ?വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. 10 വര്‍ഷത്തിലധികം സര്‍വ്വീസുള്ള പി.എസ്.സിക്ക് വിടാത്ത തസ്തികളിലേക്ക് മാത്രമാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. മൂന്നു ലക്ഷം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന പ്രചരണം യുഡിഎഫ് നേതാക്കള്‍ നടത്തുന്നുണ്ട്. എവിടെനിന്നാണ് അങ്ങനെയൊരു കണക്ക് വന്നത് എന്നറിയില്ല. സംസ്ഥാനത്തെ ആകെ ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. പിന്നെ എവിടെനിന്നാണ് ഇത്തരം കണക്കും കൊണ്ടുവരുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കേണ്ടതാണ്. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും അഡൈ്വസ് ലഭിക്കണം എന്ന വിചിത്രമായ വാദഗതി ചിലര്‍ ഉയര്‍ത്തുന്നത് കണ്ടു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ അഞ്ചിരട്ടിയോളം വരും റാങ്ക് ലിസ്റ്റ്. റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നിയമനം നല്‍കുന്നത് അസാധ്യമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാര്യത്തില്‍ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ പ്രകാരമാണ് ഇത്തരം വിപുലമായ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്.

കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതു വഴി പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നഷ്ടം സംഭവിക്കുന്നു എന്ന് പറയുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമായ വ്യാജപ്രചരണമാണ്. പി.എസ്.സിക്ക് നിയമനങ്ങള്‍ വിട്ട സര്‍ക്കാര്‍ വകുപ്പിലോ സ്ഥാപനത്തിലോ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നില്ല. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഒരാള്‍ക്കുപോലും ഇതു കാരണം അഡൈ്വസ് ലഭിക്കാതെ പോകില്ല. യാതൊരു മാനദണ്ഡവുമില്ലാതെ സ്വജനപക്ഷപാതവും അഴിമതിയും നടത്തി താല്‍ക്കാലിക നിയമനവും സ്ഥിരപ്പെടുത്തലും ഭരണം കയ്യാളിയപ്പോള്‍ നടത്തിയവരാണ് കുപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇതില്‍ ഉദ്യോഗാര്‍ത്ഥികള്‍ വീണുപോകരുതെന്നും ഇവരുടെ പ്രേരണയ്ക്ക് വശംവദരായി അങ്ങേയറ്റം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവര്‍ പ്രേരിപ്പിക്കുന്ന സമരങ്ങളില്‍ നിന്നും പിന്തിരിയണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളോടൊപ്പമെന്ന് പറഞ്ഞ് രംഗത്തുവരുന്ന യുഡിഎഫിന് സിവില്‍ സര്‍വ്വീസിനോടുള്ള നിലപാടെന്തെന്ന് എന്ന് ഈ നാട്ടുകാര്‍ക്കറിയില്ലേ? 2002ല്‍ കോവളത്ത് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി അന്നത്തെ ഗവണ്‍മെന്റിനോട് തസ്തിക വെട്ടിച്ചുരുക്കലും നിയമനനിരോധനവും ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തത് ആര്‍ക്ക് മറക്കാനാവും? അന്ന് ഉമ്മന്‍ചാണ്ടി ആയിരുന്നില്ലേ യുഡിഎഫ് കണ്‍വീനര്‍? അതിനെത്തുടര്‍ന്നാണല്ലൊ 32 ദിവസം നീണ്ട സമരം കേരളത്തില്‍ നടന്നത്. ജീവനക്കാരെയും ബഹുജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ അന്ന് എന്തൊക്കെ കുപ്രചരണങ്ങള്‍ നടത്തി? കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന പ്രസ്താവന അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടി തന്നെയല്ലേ നടത്തിയത്? ആ നിലപാടൊക്കെ ഇപ്പോഴുമുണ്ടോ? ഇപ്പോള്‍ 6.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ എല്‍ഡിഎഫ് കാലയളവില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ എത്തിയപ്പോള്‍ നിലപാട് മാറ്റിയോ?

ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും തകര്‍ക്കുന്ന കരിനിയമങ്ങള്‍ യുഡിഎഫ് കൊണ്ടുവന്നു. അതിന് മാറ്റം വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴാണ്. ഇപ്പോള്‍ ലാസ്റ്റ് ഗ്രേഡിന് കൂടുതല്‍ തസ്തികകള്‍ നല്‍കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്ന കോണ്‍ഗ്രസ്സ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡില്‍ നിയമനം തന്നെ പാടില്ലെന്ന് പറഞ്ഞ് പ്രത്യേക സര്‍ക്കുലര്‍ തന്നെ ഇറക്കിയത് അത് മറന്നു പോയോ? കേന്ദ്ര സര്‍ക്കാരിന്റെ നിയമനനിരോധത്തിന്റെ ഭാഗമായി 8 ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് യുവാക്കള്‍ക്ക് ഇല്ലാതായത്. പൊതുമേഖല സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുപരീക്ഷയിലൂടെ കടന്നുവരാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്ന നയങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍, ഇത്തരം നയങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ തട്ടിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ സമൂഹത്തിനാവണം. മുമ്പ് പറഞ്ഞതുപോലെ പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍ നിലവിലുള്ള ഒഴിവിന്റെ അഞ്ചിരട്ടിയെങ്കിലും ഉദ്യോഗാര്‍ത്ഥികളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ലിസ്റ്റിലുള്ള മുഴുവനാളുകള്‍ക്കും നിയമനം ഉണ്ടാകുക എന്നത് അപ്രയോഗികമായ ഒന്നാണ്. അഭ്യസ്തവിദ്യര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്‌നം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ മേഖലകളിലായി കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനും മൂലധനിക്ഷേപം നടത്തുന്നതിനും സര്‍ക്കാര്‍ പരിശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താന്‍ അവശേഷിക്കുന്നുണ്ട്. നിയമനങ്ങള്‍ പലതും സ്തംഭിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അത്തരം തൊഴില്‍ മേഖലയില്‍ സാധാരണ എത്തിപ്പെടുന്ന വിഭാഗങ്ങള്‍ പോലും കേരളത്തിലെ പിഎസ്‌സിയെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം സെക്രട്ടറിയറ്റ് നടയില്‍ ഒരു കാലുപിടിപ്പിക്കല്‍ രംഗം കണ്ടു. യഥാര്‍ത്ഥത്തില്‍ ആ പിടിപ്പിച്ച ആളാണ് ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്. എന്നിട്ടു പറയണം എല്ലാ കഷ്ടത്തിനും കാരണം താന്‍ തന്നെയാണ്, മാപ്പ് നല്‍കണമെന്ന്. മുട്ടില്‍ ഇഴയേണ്ടതും മറ്റാരുമല്ല. യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക്‌ലിസ്റ്റിന്റെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് ഒരുവര്‍ഷമാക്കി കുറച്ചത് എപ്പോഴാണ്? 2014 ജൂണില്‍ അതിനായി അന്നത്തെ പിഎസ്‌സി ചെയര്‍മാന് കത്തെഴുതിയ ആഭ്യന്തരമന്ത്രി ആരായിരുന്നു? എന്‍ജെഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്? റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ലക്ഷക്കണക്കിന് വരുന്ന തൊഴില്‍ അന്വേഷകരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇടയാക്കും എന്നതും ഗൗരവമുള്ള കാര്യമാണ്. കൃത്യമായി പരീക്ഷ നടത്തുകയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും അതിലൂടെ എല്ലാവര്‍ക്കും അവസരം ഒരുക്കുകയുമാണ് സര്‍ക്കാരിന്റെ നയം. പാവപ്പെട്ട തൊഴില്‍ അന്വേഷകരെ അപകടകരമായ രീതിയില്‍ സമരം നടത്താന്‍ പ്രേരിപ്പിക്കുന്നത് ഏത് പ്രതിപക്ഷമായാലും അപകടകരമായ കളിയാണ്. അത് തിരിച്ചറിയാന്‍ ഈ യുവജനങ്ങള്‍ക്ക് കഴിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

കേരളത്തില്‍ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയുടെ പ്രശ്‌നം ഗൗരവമായി ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക എന്നത് ഭാവി കേരളത്തിലെ ഒരു പ്രധാനപ്പെട്ട കാര്യമാണ്. അതിനായി പൊതുമേഖലാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും പശ്ചാത്തലസൗകര്യങ്ങള്‍ വന്‍ തോതില്‍ മെച്ചപ്പെടുത്തി സ്വകാര്യ മൂലധനത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും കഴിയേണ്ടതുണ്ട്. 100 ദിന കര്‍മ്മപരിപാടിയിലൂടെ ഒന്നാം ഘട്ടത്തില്‍ 1,21,083 തൊഴിലവസരങ്ങളും രണ്ടാം ഘട്ടത്തില്‍ 49,615 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. ഇനിയും അത് വര്‍ദ്ധിപ്പിക്കാനുള്ള കര്‍മ്മപദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. നമ്മുടെ നാട്ടില്‍ യുഡിഎഫ് കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് തുടങ്ങിയതെങ്കില്‍ ഈ സര്‍ക്കാര്‍ 3900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. തൊഴില്‍ സംരംഭങ്ങള്‍ യുഡിഎഫിന്റെ കാലത്ത് 10,177 ആണ് തുടങ്ങിയതെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 30,176 സംരംഭങ്ങള്‍ തുടങ്ങി. യുഡിഎഫ് കാലത്ത് 85.1 ലക്ഷം ചതുരശ്ര അടിയാണ് ഐടി പാര്‍ക്കുകളില്‍ ഇടം വര്‍ധിപ്പിച്ചതെങ്കില്‍ ഈ സര്‍ക്കാര്‍ 102.7 ലക്ഷം ചതുരശ്ര അടി സ്ഥലം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം കാര്‍ഷികമേഖലയെ വികസിപ്പിക്കാനും, കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമുള്ള നടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇവിടെയുള്ളവര്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. അതോടൊപ്പം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമുള്ള തൊഴില്‍ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തുന്ന വിധം ഇടപെട്ട് മുന്നോട്ടുപോകുക എന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാനുണ്ട്. രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിനായി ഉദ്യോഗാര്‍ത്ഥികളുടെ വികാരം ഉപയോഗപ്പെടുത്തുന്ന രീതി നമ്മുടെ സമൂഹം തിരിച്ചറിയണം. കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കിടയില്‍ കുരുങ്ങി അപകടാവസ്ഥയിലേക്ക് പോകുന്ന നില ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ കഴിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. നിങ്ങളോടൊപ്പം ഈ സര്‍ക്കാര്‍ എല്ലാകാലത്തുമുണ്ടാകും. പക്ഷേ നിയതമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് തൊഴില്‍ നല്‍കാനാകൂ. ഞാന്‍ റാങ്ക് ലിസ്റ്റില്‍ പെട്ടിരിക്കുന്നു, അതുകൊണ്ട് എനിക്ക് തൊഴില്‍ നല്‍കണമെന്നു പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ തൊഴില്‍ ലഭിക്കൂ. അത് മനസ്സിലാക്കാന്‍ എല്ലാവരും തയ്യാറാകണം. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും മാനദണ്ഡങ്ങള്‍ പുലര്‍ത്തിപോകാന്‍ മാത്രമാണ് തയ്യാറായിട്ടുള്ളത്. അതിനനുസരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനും തെറ്റായ വഴിയില്‍ ചലിക്കാതിരിക്കാനും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി കൃത്യമായി വിലയിരുത്താനും പ്രക്ഷോഭകര്‍ക്ക് കഴിയണമെന്നാണ് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്.”

Next Story