
വാക്സിന് വിഷയത്തില്‍ കേരളത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. വി മുരളീധരന് അതേ നിലയില്‍ മറുപടി പറഞ്ഞാല്‍ അന്തരീക്ഷം മോശമാകുമെന്നും കേന്ദ്രമന്ത്രി കുറേക്കൂടി ഉത്തരവാദത്തോടെ ഇടപെടുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലര്‍ വിതണ്ഡവാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് അവലോകനത്തിനുശേഷമുള്ള പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ വാക്സിന് എന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കാര്യം തന്നെയാണ്. ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. നേരത്തെ പറഞ്ഞതാണ് വാക്സിന് ഇവിടെ സൗജന്യമായിരിക്കുമെന്ന്. സൗജന്യമെന്ന് പറയുന്നത് വയസ് അടിസ്ഥാനത്തില്‍ അല്ല. ഇത് രോഗം വരാതിരിക്കാനുള്ള പ്രതിരോധമാണ്. എല്ലാവര്ക്കും സൗജന്യം തന്നെയായിരിക്കും.” പിണറായിയുടെ വാക്കുകള്‍ ഇങ്ങനെ.
കേന്ദ്രവിഹിതത്തിന് വേണ്ടി കാത്തുനില്‍ക്കാതെ കേരളം സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞത്. കേരളത്തിലെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നടക്കുന്നത് അരാജകത്വമാണെന്നും മുരളീധരന് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ വാക്സിനേഷന് കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുകയാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്സിന് നല്കുന്നതുകൊണ്ടാണ് പല കേന്ദ്രങ്ങളിലും വാക്സിന് വിതരണം മുടങ്ങുന്നത്. ആവശ്യത്തിന് വാക്സിന് ഡോസുകളില്ലെന്ന് പറഞ്ഞ് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരന് പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.