‘സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു’; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പിണറായി
ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാറുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന് ബന്ധപ്പെട്ടു. പ്രാദേശിക ഭരണ സംവിധാനവുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനാവും വിധം നഷ്ടപരിഹാരം നേടിയെടുക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കുടുബത്തിന്റെയും […]

ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാറുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന് ബന്ധപ്പെട്ടു. പ്രാദേശിക ഭരണ സംവിധാനവുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനാവും വിധം നഷ്ടപരിഹാരം നേടിയെടുക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കുടുബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
ഇന്നലെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.
ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇഡ്രായേലിലാണ്, രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്. ഏക മകന് അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.
കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിവരുകയാണ്. ആക്രമണത്തില്‍ 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന് പൗരര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. കിഴക്കന്‍ ജെറുസലേമിലെ പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്. ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവന്‍ ലംഘിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചെ മതിയാകൂയെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഡിവൈഎഫ്ഐ കുറിപ്പ്: കിഴക്കന്‍ ജെറുസലേമിലെ പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന പലസ്തീന് ജനതയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. നിരവധി മനുഷ്യരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ അഖ്സ മുസ്ലീം പള്ളിക്ക് സമീപം ഇസ്രയേല്‍ സേന നടത്തുന്ന ആക്രമണത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്.
ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവന്‍ ലംഘിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചെ മതിയാകൂ. അധിനിവേശം നടത്തുന്നതിന് പതിറ്റാണ്ടുകളായി ഇസ്രയേല്‍ തുടരുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കൂടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും ആക്രമണം ഉപയോഗിക്കുകയാണ്.
പലസ്തീന്‍കാരുടെ അഭിപ്രായസ്വാതന്ത്രവും ഒത്തുചേരുവാനുള്ള അവകാശവും ഇസ്രയേല്‍ മാനിക്കണം. ഒരു ജനതയ്ക്ക് മേലുള്ള കടന്നുകയറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇസ്രയേലിനെ തള്ളിപ്പറയാനും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും തയ്യാറാകണം. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും പലസ്തീന് ജനതയ്ക്ക് പിന്തുണയര്‍പ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.