‘ഏതാണെന്ന് അദ്ദേഹം പറയട്ടേ..’ അമിത് ഷായുടെ സംശയാസ്പദ മരണം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ സംശയാസ്പദ മരണം പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാമര്‍ശം എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നും പറഞ്ഞാല്‍ അത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പുകമറ സൃഷ്ടിക്കാന്‍ നോക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”അദ്ദേഹം ഏതോ ഒരു സംശയാസ്പദമായ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചത് കണ്ടു. അത് ഏതാണെന്ന് അദ്ദേഹം പറയട്ടേ. പറഞ്ഞാല്‍ അത് സംബന്ധിച്ച് അന്വേഷിക്കും. പക്ഷെ പുകമറ സൃഷ്ടിക്കാന്‍ നോക്കരുത്. കേരളത്തില്‍ ഏത് സംഭവം നടന്നാലും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരള പൊലീസ് അന്വേഷിക്കും.”

ഇതിനിടെ, അമിത് പറഞ്ഞത് കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്റെ മരണത്തെക്കുറിച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അമിത് പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില്‍ അക്കാര്യം അന്വേഷിക്കട്ടെയെന്നാണ് കൊടുവള്ളി എംഎല്‍എയായ കാരാട്ട് റസാഖ് പ്രതികരിച്ചത്.

വിഷയത്തില്‍ കാരാട്ട് റസാഖ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞത് ഇങ്ങനെ: ”അമിത് ഷായുടെ പരാമര്‍ശം എന്റെ അറിവില്‍പ്പെട്ടിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്. അങ്ങനെയാരു സംഭവമുണ്ടെങ്കില്‍ അദ്ദേഹമാണ് അത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത്. എന്റെ സഹോദരന്‍ രണ്ടരവര്‍ഷം മുന്‍പ് മരിച്ചു. കാറപകടത്തിലാണ് മരണപ്പെട്ടത്. സ്വാഭാവിക അപകടമായാണ് അതിനെ കാണുന്നത്. സഹോദരന്റേത് ദുരൂഹമരണമെന്ന് അമിത് ഷായ്ക്ക് തോന്നിയെങ്കില്‍, അത് സംബന്ധിച്ച് അദ്ദേഹമാണത് വ്യക്തമാക്കേണ്ടത്. പ്രധാനപ്പെട്ട പദവിയില്‍ ഇരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നേരത്തെ പൊലീസിന്റെ ഭാഗത്ത് നിന്ന് എഫ്‌ഐആര്‍ ഇടാന്‍ ചെറിയൊരു തടസമുണ്ടായിരുന്നു. അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുകയായിരുന്നു. ദുരൂഹമരണമാണെങ്കില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷണം നടത്തട്ടെ. എന്നെയും കുടുംബത്തെയും സംബന്ധിച്ച് അന്വേഷണം സ്വാഗതാര്‍ഹമാണ്. സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. കൊലപാതകമാണെന്ന സംശയം ഞങ്ങള്‍ക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്കോ പൊലീസിനോടൊ പരാതിപ്പെടേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. എന്റെ സഹോദരന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുണ്ടെങ്കില്‍ അതും പുറത്തുവരട്ടെ.

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ട്. എനിക്കെതിരെയും സ്വര്‍ണക്കടത്തില്‍ കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു. എന്നിട്ട് എന്തായി, ഒരു ദിവസത്തെ ചാനല്‍ ചര്‍ച്ച മാത്രം. പഴയ പോലെ കഴമ്പില്ലാത്ത കാര്യങ്ങളെക്കുറിച്ച് സുരേന്ദ്രന്‍ അമിത് ഷായെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അമിത് ഷായ്ക്ക് കൊടുവള്ളിയെയും കാരാട്ട് റസാഖിനെയും സഹോദരനെയും അറിയില്ല. പിന്നെ എങ്ങനെയാണ് അമിത് ഷാ ഈ കാര്യങ്ങള്‍ പറയുക. രാജ്യത്ത് ഒരുപാട് എംഎല്‍എമാരുണ്ട്. അവരെ എല്ലാം അദ്ദേഹത്തിന് ഓര്‍മ്മിക്കാന്‍ കഴിയുമോ. ലോക്‌സഭയിലെ അംഗങ്ങളെ പോലും ഓര്‍മ്മിക്കാന്‍ കഴിയാത്ത അമിത് ഷായ്ക്ക് എങ്ങനെയാണ് കേരളത്തിലെ എംഎല്‍എയെയും സഹോദരനെയും അറിയാന്‍ സാധിച്ചു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞു. ഇതിന് പിന്നില്‍ രാഷ്ട്രീയ ദുരുദേശമുണ്ട്. അതിന് പിന്നില്‍ ശക്തമായി ബിജെപിയും യുഡിഎഫുമുണ്ട്. സുരേന്ദ്രന്‍ പറഞ്ഞുകൊടുക്കുന്നതാണ് അമിത് ഷാ ഇവിടെ വന്ന് പറയുന്നത്. സ്വര്‍ണക്കടത്തില്‍ കണ്ണി ചേര്‍ക്കാനാണ് ശ്രമിക്കുന്നത്.”

2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗഫൂറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Latest News