‘കേന്ദ്രതീരുമാനം നിഷേധരൂപത്തിലെങ്കില്‍, വാക്‌സിന്‍ വാങ്ങിയില്ലെങ്കില്‍ നമ്മള്‍ വൈകിപോകും’; കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി
സംസ്ഥാനത്തിന് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് അയച്ച കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ശുഭ പ്രതീക്ഷ കൈവിട്ടിട്ടില്ല. നിഷേധരൂപത്തിലാണ് തീരുമാനം വരുന്നതെങ്കില്‍, കാത്തുനിന്നാല്‍, വാക്‌സിന്‍ വാങ്ങിയില്ലെങ്കില്‍ നമ്മള്‍ വൈകിപോകും. അതുകൊണ്ടാണ് വേഗത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടിയിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വാക്‌സിന്‍ ആവശ്യപ്പെട്ട് അയച്ച കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ശുഭ പ്രതീക്ഷ കൈവിട്ടിട്ടുമില്ല. കിട്ടിയാല്‍ നല്ലത് തന്നെയാണ്. പക്ഷെ അഥവാ, നിഷേധരൂപത്തിലാണ് തീരുമാനം വരുന്നതെങ്കില്‍, നമ്മള്‍ അതുവരെ […]

സംസ്ഥാനത്തിന് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് അയച്ച കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ശുഭ പ്രതീക്ഷ കൈവിട്ടിട്ടില്ല. നിഷേധരൂപത്തിലാണ് തീരുമാനം വരുന്നതെങ്കില്‍, കാത്തുനിന്നാല്‍, വാക്‌സിന്‍ വാങ്ങിയില്ലെങ്കില്‍ നമ്മള്‍ വൈകിപോകും. അതുകൊണ്ടാണ് വേഗത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടിയിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വാക്‌സിന്‍ ആവശ്യപ്പെട്ട് അയച്ച കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ശുഭ പ്രതീക്ഷ കൈവിട്ടിട്ടുമില്ല. കിട്ടിയാല്‍ നല്ലത് തന്നെയാണ്. പക്ഷെ അഥവാ, നിഷേധരൂപത്തിലാണ് തീരുമാനം വരുന്നതെങ്കില്‍, നമ്മള്‍ അതുവരെ കാത്തുനിന്നാല്‍, വാക്‌സിന്‍ വാങ്ങിയില്ലെങ്കില്‍ നമ്മള്‍ വൈകിപോകും. അതുകൊണ്ടാണ് വേഗത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടിയിലേക്ക് കടക്കുന്നത്. കേന്ദ്രം വാങ്ങിയാലും സംസ്ഥാനം വാങ്ങിയാലും ജനങ്ങള്‍ക്കാണ് അത് ഉപകാരപ്പെടുന്നത്. വാങ്ങിയില്ലെങ്കില്‍ നമ്മള്‍ വല്ലാതെ വൈകി പോകാന്‍ ഇടയുണ്ട്. എത്ര ഡോസ് ലഭ്യമാക്കുമെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എത്ര ചിലവ് വരുമെന്നത് ഉന്നതസമിതി പരിശോധിക്കും.”
വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഓര്‍ഡര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സീന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നതിന് മാത്രമായി കാത്തുനില്‍ക്കാന്‍ ഉദേശിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ നേരത്തെയുള്ള വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം വാക്‌സിന് ഓര്‍ഡര്‍ നല്‍കും.
വാക്‌സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകള്‍ സജ്ജീകരിക്കും. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഈ വിഭാഗത്തില്‍പ്പെട്ട 1.65 കോടിയാളുകള്‍ കേരളത്തിലുണ്ട്. അതിനാല്‍ തന്നെ വാക്‌സിന്‍ നല്‍കുന്നതില്‍ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാന്‍ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ആശയക്കുഴപ്പമില്ല. മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ എടുക്കാനാവൂ. നിലവില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.”