Top

‘അദാലത്തില്‍ ആള്‍ക്കൂട്ടമുണ്ടെന്ന് തോന്നുന്നത് അകലെ നിന്ന് ഫോട്ടോയെടുക്കുന്നതിനാല്‍’; ആരോഗ്യമന്ത്രിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പ്രചരണ ജാഥകള്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തികഞ്ഞ ജാഗ്രത പാലിക്കേണ്ട സമയത്ത് തെറ്റായ സന്ദേശം നല്‍കാന്‍ പാടില്ലെന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

5 Feb 2021 9:16 AM GMT

‘അദാലത്തില്‍ ആള്‍ക്കൂട്ടമുണ്ടെന്ന് തോന്നുന്നത് അകലെ നിന്ന് ഫോട്ടോയെടുക്കുന്നതിനാല്‍’; ആരോഗ്യമന്ത്രിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി
X

മന്ത്രിമാരുടെ അദാലത്ത് നടക്കുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. അദാലത്തിന്റെ ഫോട്ടോകള്‍ ദൂരെനിന്ന് എടുക്കുന്നതുകൊണ്ടാണ് ആള്‍ക്കൂട്ടമുള്ളതായി തോന്നുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യമന്ത്രിയെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അദാലത്തില്‍ കൃത്യമായ സാമൂഹ്യഅകലം പാലിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണ ജാഥകള്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തികഞ്ഞ ജാഗ്രത പാലിക്കേണ്ട സമയത്ത് തെറ്റായ സന്ദേശം നല്‍കാന്‍ പാടില്ലെന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആളുകള്‍ കൂട്ടത്തോടെ തലയിലേറ്റി നടന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആരോഗ്യമന്ത്രിയുടെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. നമ്മളെല്ലാം കണ്ട ഒരു യാഥാര്‍ഥ്യമുണ്ടല്ലോ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രകള്‍ നടത്തുകയെന്നാണ്. ഇവിടെ നമ്മള്‍ കണ്ടത് എന്താണ്. ആളേ ഇങ്ങനെ പൊക്കിയെടുത്ത് സ്‌റ്റേജിലേക്ക് കൊണ്ട് പോകുകയാണ്. ആരെയാ പൊക്കിയത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെയാണ് പൊക്കിയെടുത്തത്. എന്റെ സമ്മതമില്ലാതെ എന്നെ പൊക്കുമോ. അത് നല്‍കുന്ന സന്ദേശം എന്താണ്. ആ കാര്യത്തെക്കുറിച്ച് എന്തേ മൗനം വരുന്നത്. ഇവിടെ ഒരു മന്ത്രിയെയും പൊക്കി കൊണ്ടുപോയിട്ടില്ല. ഒരു മന്ത്രിയും കൊവിഡ് മാനദണ്ഡങ്ങളില്‍ ലംഘിക്കുന്നതിന് നേതൃത്വം നല്‍കിയിട്ടുമില്ല. ഇത് ഞാന്‍ കുറ്റപ്പെടുത്തി പറയുന്നതാണെന്ന് തോന്നേണ്ട. എത്രമാത്രം അവധാനതയില്ലാതെയാണ് കാര്യങ്ങള്‍ നീക്കുന്നത്. തികഞ്ഞ ജാഗ്രത പാലിക്കേണ്ട ഘട്ടമാണ്. തെറ്റായ സന്ദേശം നല്‍കാന്‍ പാടുണ്ടോ. ഇത് ഒരിടത്താണോ. പലയിടത്തും ആവര്‍ത്തിച്ചില്ലേ. പാലിക്കേണ്ട ജാഗ്രത പാലിച്ചേ പറ്റൂ. അത് എല്ലാവരും പാലിച്ചേ പറ്റൂ.”

ചെത്തുത്തൊഴിലാളിയുടെ മകനെന്ന കെ സുധാകരന്റെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന വിളിയില്‍ അഭിമാനമാണെന്നും അങ്ങനെ വിളിക്കുന്നത് അപമാനമോ ജാള്യതയോ തനിക്ക് തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”പരാമര്‍ശം തെറ്റാണെന്ന് തോന്നുന്നില്ല. ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ചെത്തുതൊഴിലാളിയുടെ മകനാണെന്ന്. അതില്‍ അപമാനമോ ജാള്യതയോ എനിക്ക് തോന്നുന്നില്ല.
എന്റെ മൂത്ത സഹോദരന്‍ ചെത്തുത്തൊഴിലാളിയായിരുന്നു. ആരോഗ്യമുള്ള കാലം വരെ അദ്ദേഹം ചെത്തുത്തൊഴില്‍ എടുത്ത് ജീവിച്ചു. രണ്ടാമത്തെ സഹോദരനും ചെത്തുത്തൊഴില്‍ അറിയാമായിരുന്നു. പിന്നീട് അദ്ദേഹം ബേക്കറി തൊഴിലാക്ക് മാറി. അതാണ് കുടുംബപശ്ചാത്തലം. വിളികള്‍ അപമാനകരമായി കരുതുന്നില്ല. സുധാകരനെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്നപ്പോള്‍ മുതല്‍ അറിയുന്നതാണ്. സുധാകരന്‍ ആക്ഷേപിച്ചതായിട്ട് കരുതന്നില്ല. ചെത്തുക്കാരന്റെ മകനെന്ന വിളികള്‍ അഭിമാനമായിട്ടാണ് തോന്നുന്നത്. കാരണം ഞാന്‍ ചെത്തുത്തൊഴിലാളിയുടെ മകന്‍ തന്നെയാണ്. ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന് വിളിക്കുന്നതില്‍ അഭിമാനമാണ്.”

Next Story