Top

‘ഈ വിജയം എല്‍ഡിഎഫിനെ ഒട്ടും അഹങ്കാരികളാക്കുന്നില്ല…’ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പൂര്‍ണരൂപം

”തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് പൂര്‍ണ്ണമാവുകയാണ്. ഇതുവരെ വന്ന ഫലമനുസരിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടിയിരിക്കുന്നു. 14 ജില്ലാ പഞ്ചായത്തുകളില്‍ 11ലും എല്‍ഡിഎഫ് അധികാരത്തില്‍ വരുന്ന നിലയുണ്ടാക്കിയിരിക്കുകയാണ്. സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. ഇത് ജനങ്ങളുടെ വിജയമാണ്. നമ്മള്‍ ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടെയും വിജയമാണ്. കേരളത്തെയും അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.” ”ദല്ലാള്‍മാരും കുപ്രചാരകരും വലതുപക്ഷ വൈതാളികരും പ്രത്യേക ലക്ഷ്യം വെച്ചു നീങ്ങിയ കേന്ദ്ര […]

16 Dec 2020 8:52 AM GMT

‘ഈ വിജയം എല്‍ഡിഎഫിനെ ഒട്ടും അഹങ്കാരികളാക്കുന്നില്ല…’ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പൂര്‍ണരൂപം
X

”തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് പൂര്‍ണ്ണമാവുകയാണ്. ഇതുവരെ വന്ന ഫലമനുസരിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടിയിരിക്കുന്നു. 14 ജില്ലാ പഞ്ചായത്തുകളില്‍ 11ലും എല്‍ഡിഎഫ് അധികാരത്തില്‍ വരുന്ന നിലയുണ്ടാക്കിയിരിക്കുകയാണ്. സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. ഇത് ജനങ്ങളുടെ വിജയമാണ്. നമ്മള്‍ ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടെയും വിജയമാണ്. കേരളത്തെയും അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.”

”ദല്ലാള്‍മാരും കുപ്രചാരകരും വലതുപക്ഷ വൈതാളികരും പ്രത്യേക ലക്ഷ്യം വെച്ചു നീങ്ങിയ കേന്ദ്ര ഏജന്‍സികളും സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിലൂടെ കേരളീയര്‍ ഉചിതമായ മറുപടിയാണ് നല്‍കിയത്. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണ്. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞിരിക്കുന്നു. വര്‍ഗീയശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരുപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്നുകൂടി ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു.”

”2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കാര്യത്തില്‍ എല്‍ഡിഎഫ് ഉണ്ടാക്കിയത്. 2015ല്‍ 7 ജില്ലാ പഞ്ചായത്ത് യുഡിഎഫിനും ഏഴെണ്ണം എല്‍ഡിഎഫിനുമായിരുന്നു. അതില്‍നിന്നാണ് ഇത്തവണ 11 ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുന്നത്. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് ഞങ്ങള്‍ ജയിച്ചതെങ്കില്‍ ഇക്കുറി 108 ബ്ലോക്കുകളിലാണ് വിജയിച്ചത് കോര്‍പറേഷനുകളുടെ കാര്യത്തിലും ആറില്‍ അഞ്ചിടത്ത് ജയം നേടിക്കൊണ്ട് ഇടതുപക്ഷം വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.”

”ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 514 എണ്ണത്തില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്. കൃത്യമായ മുന്നണി സംവിധാനത്തിലൂടെ തന്നെ 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തുകളിലാണ് ഇടതുപക്ഷം വിജയിച്ചത്. ഇപ്പോഴത്തെ നിലയില്‍ മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ കഴിഞ്ഞ തവണത്തെ നേട്ടം ഇടതുപക്ഷത്തിന് ഉണ്ടായിട്ടില്ല (2015ല്‍ 48, 2020ല്‍ 35).”

”ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കഴിഞ്ഞ രണ്ടു തദ്ദേശ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പരാജയപ്പെടുകയാണ് ഉണ്ടായതെങ്കില്‍, ഇക്കുറി സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന മുന്നണി തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു മേഖലയിലോ, പ്രദേശത്തോ മാത്രമല്ല ഈ മുന്നേറ്റം. സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സമഗ്ര ആധിപത്യമാണ് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇത് കേരളം ജനതയുടെ വിജയമാണ് എന്ന് ആരംഭത്തില്‍ തന്നെ പറഞ്ഞത്.”

”എല്ലാ കാലത്തും യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പഞ്ചായത്തുകളിലും പ്രദേശങ്ങളിലും കോണ്‍ഗ്രസ് ദയനീയമാണ് പരാജയപ്പെട്ടത്. യുഡിഎഫിനെ നയിക്കുന്ന പ്രധാന നേതാക്കളുടെ തട്ടകങ്ങളില്‍ പോലും പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയക്കൊടി നാട്ടിയിരിക്കുന്നു. ഒരിക്കലും തങ്ങളെ കൈവിടില്ലെന്ന് കോണ്‍ഗ്രസ് കരുതിയ പഞ്ചായത്തുകളില്‍ ഉണ്ടായ അട്ടിമറി ആ പാര്‍ടിയുടെ, മുന്നണിയുടെ വിശ്വാസ്യത പൂര്‍ണമായും തകരുന്നതിന്റെ സൂചനയാണ്. കേരളത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കാനും പ്രതിസന്ധികളില്‍ പ്രതിലോമ പ്രവര്‍ത്തനം നടത്താനും തയ്യാറായതിനുള്ള ശിക്ഷയാണ് അവര്‍ക്ക് ജനങ്ങള്‍ നല്‍കിയത്.”

”ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. ഈ മുന്നണിയോടൊപ്പം കൂടുതല്‍ ജനാധിപത്യ ശക്തികളും ജനങ്ങളും എല്‍ഡിഎഫിനോടൊപ്പം അണിചേര്‍ന്നിരിക്കുന്നു. അതിന്റെ കരുത്തുകൂടി ഈ വിജയത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് പ്രതിഫലിച്ചിട്ടുണ്ട്.”

”മതനിരപേക്ഷതയോടൊപ്പമാണ് കേരളത്തിന്റെ മനസ്സ്. മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാതെ പോരാടാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഇവിടെ ഉള്ളത് എന്ന് കേരളജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മുന്നണിയെ ജനങ്ങള്‍ വിശ്വസിക്കുന്നു. നാടിനെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചാരണം നടത്താനും തയ്യാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ്സ് സഞ്ചരിക്കുന്നത്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കാനും അതിലൂടെ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും തകര്‍ത്തുകളയാനും ചില മാധ്യമങ്ങളും ഈ ഘട്ടത്തില്‍ ശ്രമിച്ചിട്ടുണ്ട്. അസംബന്ധ പ്രചരണങ്ങള്‍ക്ക് തരംതാണ രീതികള്‍ പിന്തുടര്‍ന്നു. അതിനും ജനങ്ങള്‍ ചെവികൊടുത്തില്ല.”

”കഴിഞ്ഞ നാലര വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പരിപാടികള്‍ക്കും ജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയാണ് ഈ വിജയമെന്ന് നിശംസ്സയം പറയാം. ആ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിന് തുടര്‍ച്ചയുണ്ടാവണമെന്നും ജനങ്ങളാകെ ആഗ്രഹിക്കുന്നു.”

”കേരളത്തില്‍ സമാനതകളില്ലാത്ത അപവാദ പ്രചാരണമാണ് കഴിഞ്ഞ നാലഞ്ചു മാസമായി സര്‍ക്കാരിനെ, ഇടതുപക്ഷജനാധിപത്യ മുന്നണിയെ, ഇകഴിത്തിക്കാണിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിവന്നിട്ടുള്ളത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇതിനുവേണ്ടി വ്യാപകമായി ദുരുപയോഗിച്ചു. ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ചു. സാധാരണ നിലയില്‍ ഇത്തരം ദുഷ്പ്രചാരണ പ്രളയം ജനഹിതത്തെ അട്ടിമറിക്കാന്‍ പോലും പര്യാപ്തമാണ്. എന്നാല്‍, അത്തരം കുപ്രചാരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കുകയാണുണ്ടായത്. ഒരു ദുഃസ്വാധീനത്തിനും വഴങ്ങാതെ തീരുമാനമെടുത്ത വോട്ടര്‍മാരെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു. അവരോട് നന്ദി രേഖപ്പെടുത്തുന്നു.”

”ജനങ്ങള്‍ അവരുടെ നിലപാടുകള്‍ തീരുമാനിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണ്. അവരെ ചുരുക്കിക്കാണരുത്. അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി പറയുമെന്ന് ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതാണ് സംഭവിച്ചത്. ജനവികാരം മനസ്സിലാക്കി തങ്ങളുടെ ജനവിരുദ്ധമായ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകണം. അതുപോലെ നമ്മുടെ മാധ്യമങ്ങളും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. കേരളത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പരിപാടികളും തമസ്‌കരിക്കുന്നതിനു വേണ്ടി നടത്തിയ പ്രവര്‍ത്തനം നാടിന്റെ താല്‍പര്യത്തിന് ഗുണകരമായോ എന്ന് അവര്‍ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

”ജനങ്ങളോടൊപ്പം നിന്നാണ് കഴിഞ്ഞ നാലര വര്‍ഷവും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 600 പരിപാടികളില്‍ 570 എണ്ണവും നടപ്പാക്കി. മാത്രമല്ല, പ്രകടനപത്രികയില്‍ പറയാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സര്‍ക്കാര്‍ ഏറ്റെടുത്തു. സമാനതകളില്ലാത്ത വികസനമാണ് സര്‍വമേഖലകളിലും ഉണ്ടായത്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സര്‍വതലസ്പര്‍ശിയായ വികസനം. പൊതുവിദ്യാഭ്യാസ രംഗവും പൊതുജനരോഗ്യ മേഖലയും അവിശ്വസനീയമാംവിധം മെച്ചപ്പെട്ടു. വീടില്ലാത്ത രണ്ടരലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കി. അടിസ്ഥാന സൗകര്യവികസനത്തില്‍ റെക്കോഡ് മുന്നേറ്റമാണുണ്ടായത്. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാര്‍ത്ഥ്യമായി.”

”നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഇത്രയധികം പ്രതിസന്ധികള്‍ മറ്റൊരു സര്‍ക്കാരിനും നേരിടേണ്ടിവന്നിട്ടില്ല എന്നു തോന്നുന്നു. ഓഖി ചുഴലി, നിപ്പ, 2018ലെ മഹാപ്രളയം, 2019ലെ രൂക്ഷമായ അതിവര്‍ഷക്കെടുതി, ഇപ്പോള്‍ കോവിഡ് മഹാമാരി. ജനങ്ങളുടെ പിന്തുണയോടെ ഈ പ്രതിസന്ധികളെയൊക്കെ അതിജീവിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയത്. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി വേളയില്‍ ജനങ്ങള്‍ക്ക് പട്ടിണികൂടാതെ കഴിഞ്ഞുകൂടാനുള്ള സഹായം സര്‍ക്കാര്‍ ലഭ്യമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ വിലമതിക്കുന്നുണ്ട്. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.”

”വലിയ ഉത്തരവാദിത്തമാണ് ഞങ്ങളെ വിശ്വസിച്ച് ജനങ്ങള്‍ ഏല്‍പ്പിക്കുന്നതെന്ന് കാണുന്നു. എല്‍ഡിഎഫില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസമേയുള്ളൂ. ജനങ്ങള്‍ക്ക് പരാമാവധി ആശ്വാസം നല്‍കാനുള്ള പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. മൂന്നുമാസം മുമ്പ് പ്രഖ്യാപിച്ച നൂറുദിന പരിപാടികള്‍ക്ക് ലക്ഷ്യത്തില്‍ കവിഞ്ഞ വിജയമുണ്ടായത്. മറ്റൊരു നൂറുദിന പരിപാടി കൂടി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. അതിന്റെ വിശദാംങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കും.”

”ബിജെപിയുമായി രഹസ്യമായും തീവ്രവര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫേര്‍ പാര്‍ടിയുമായി പരസ്യമായും ധാരണയുണ്ടാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം എഐസിസി അംഗീകരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് ആവര്‍ത്തിച്ചപ്പോഴും പല ജില്ലകളിലും കോണ്‍ഗ്രസ് പരസ്യസഖ്യത്തിലായിരുന്നു. മതനിരപേക്ഷതയ്ക്ക് എതിരായ നിലപാട് കോണ്‍ഗ്രസ് എടുക്കുന്നതാണ് കണ്ടത്.”

”മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വേര്‍തിരിച്ചുനിര്‍ത്തുന്ന പ്രധാന ഘടകം ഇവിടെ നിലനില്‍ക്കുന്ന സമാധാനവും സമുദായമൈത്രിയുമാണ്. ജനങ്ങളുടെ മതനിരപേക്ഷമായ നിലപാടാണ് ഇതിന് അടിസ്ഥാനം. ഈ മതനിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ ആര്‍എസ്എസ്സും ബിജെപിയും നിരന്തരം പരിശ്രമിച്ചുവരികയാണ്. അതിനെ പ്രതിരോധിക്കുന്നതിന് പകരം ഒരു ഭാഗത്ത് മൃദുഹിന്ദുത്വവും മറുഭാഗത്ത് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള കൈകോര്‍ക്കലും. ഇതാണ് കോണ്‍ഗ്രസ് കേരളത്തില്‍ നടപ്പാക്കുന്നത്. കേരളത്തിന്റെ സാമൂഹിക മൈത്രിക്ക് അപകടകരമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. ഈ തെറ്റായ സമീപനം എന്ത് നേട്ടമുണ്ടാക്കി എന്ന് അവര്‍ തന്നെ പരിശോധിക്കട്ടെ.”

”സംഘടിതമായും ആസൂത്രിതമായും സര്‍ക്കാരിനെതിരെ നടത്തിയ അപവാദ പ്രചാരണങ്ങള്‍ കുറേ പേരില്‍ ആശയക്കുഴപ്പവും സംശയവും ജനിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് തന്നെയാണ് കാണുന്നത്. വൈകാതെ ഈ പുകമറ നീങ്ങും. സത്യം ജനങ്ങള്‍ പൂര്‍ണമായി തിരിച്ചറിയും. ജനങ്ങളില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങളെ ജനങ്ങള്‍ക്കും വിശ്വാസമുണ്ട്.”

”ഞങ്ങളെ നാലു ഭാഗത്തുനിന്നും ആക്രമിച്ച് ഇല്ലാതാക്കി കളയാമെന്ന് കരുതിയവര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്ന് കരുതുന്നില്ല. ഓരോ ഘട്ടത്തിലും ഞങ്ങളെ നശിപ്പിക്കാന്‍ അവര്‍ പുതിയ മാര്‍ഗങ്ങള്‍ തേടാറുണ്ട്. പരാജയങ്ങളില്‍ പാഠങ്ങള്‍ പഠിക്കാറുമില്ല. വോട്ടെടുപ്പിന്റെ ഘട്ടത്തില്‍ പോലും വ്യാജ പ്രചാരണങ്ങള്‍ നടത്തിയവരുണ്ട്. അറിഞ്ഞുകൊണ്ടുതന്നെ പച്ചക്കള്ളങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ ചൊരിഞ്ഞിട്ടുണ്ട്. ഒറ്റദിവസം പോലും ആയുസ്സില്ലാതെ ഒടുങ്ങുന്ന ആരോപണങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുവന്നിട്ടുണ്ട്. ഇതൊക്കെ ജനഹിതത്തെ സ്വാധീനിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ ഉണ്ടാകില്ലായിരുന്നു. അത്തരം ദുഷ്പ്രചാരകര്‍ക്കാണ് ജനങ്ങള്‍ തിരിച്ചടി നല്‍കിയിട്ടുള്ളത്.”

”ബിജെപിയുമായി ചേര്‍ന്ന് കേരളത്തിലെ വികസന പദ്ധതികളെയും ജനക്ഷേമ പരിപാടികളെയും തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന്റെ വന്‍കിട വികസന പദ്ധതികളെ സ്തംഭിപ്പിക്കാന്‍ ഇടപെട്ടപ്പോള്‍ അതിനെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്. അവര്‍ അവിടെയും നിന്നില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഈ മിഷന്‍ വഴിയാണ് വീടില്ലാത്ത രണ്ടര ലക്ഷം പേര്‍ക്ക് നാലര വര്‍ഷത്തിനിടയില്‍ വീടു നല്‍കിയത്.”

”ഈ മിഷനിലൂടെയാണ് ഇനിയും വീടുകള്‍ നല്‍കാന്‍ പോകുന്നത്. ഈ പദ്ധതി തകര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ തന്നെ മുന്നോട്ടുവന്നു. മാത്രമല്ല, ആര്‍ദ്രം മിഷനും ഹരിതകേരള മിഷനും പൊതുവിദ്യാഭ്യാസ രംഗം അടിമുടി പരിഷ്‌കരിച്ച വിദ്യാഭ്യാസ മിഷനുമെല്ലാം ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ചു. കാസര്‍കോട്-തിരുവനന്തപുരം അതിവേഗ റെയില്‍പാത ഉപേക്ഷിക്കുമെന്ന പ്രഖ്യാപനവും കേരളം ഞെട്ടലോടെ കേട്ടു.”

”ഈ വിജയം എല്‍ഡിഎഫിനെ ഒട്ടും അഹങ്കാരകളാക്കുന്നില്ല. ഇന്ന് നാടിനെ സംരക്ഷിക്കാനും മുന്നോട്ടുനയിക്കാനും നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊര്‍ജമാണ് സര്‍ക്കാരിനും മുന്നണിക്കും ഈ വിജയം. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്ക് അത്യധികമായി ആഹ്ലാദിക്കാനുള്ള വേളയാണ് ഇത് എന്നതില്‍ സംശയമില്ല. എന്നാല്‍, മറ്റൊരു കാര്യമാണ് എനിക്ക് ഇവിടെ പ്രത്യേകമായി അഭ്യര്‍ത്ഥിക്കാനുള്ളത്. കോവിഡ് നമുക്കു ചുറ്റുമുണ്ട്. ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോവിഡ് വ്യാപന തോത് ഉയരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.”

”വിജയാഘോഷത്തിലായാലും തുടര്‍ന്ന് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും അധികാരം ഏറ്റെടുക്കുന്ന ഘട്ടത്തിലായാലും പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകണമെന്ന് എല്ലാവരും ഉറപ്പുവരുത്തണം.”

Next Story