Top

‘രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമാണ്, മന്ത്രിസ്ഥാനത്തിന് യോഗ്യനാണ്, അത്രമാത്രം’; ജാതി ചര്‍ച്ചയോട് മുഖ്യമന്ത്രിയുടെ പ്രതികരണം

ദളിത് വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ആ സമുദായത്തിലെ അംഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പൂജാരിയാകാമെന്ന ചരിത്രപരമായ തീരുമാനമെടുത്തത് തങ്ങളുടെ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

21 May 2021 10:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമാണ്, മന്ത്രിസ്ഥാനത്തിന് യോഗ്യനാണ്, അത്രമാത്രം’; ജാതി ചര്‍ച്ചയോട് മുഖ്യമന്ത്രിയുടെ പ്രതികരണം
X

ദേവസ്വം വകുപ്പ് മന്ത്രിയായി ദളിത് സമുദായാംഗമായ കെ രാധാകൃഷ്ണനെ തെരഞ്ഞെടുത്തത് വിപ്ലവകരമായ തീരുമാനമാണന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമായിരുന്നു. ചരിത്രം തിരുത്തിയെഴുതി ദേവസ്വത്തെ പിന്നോക്ക സമുദായക്കാരനായ മന്ത്രി നയിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും കാഴ്ച്ചപ്പാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണെന്നും മുന്‍ സ്പീക്കര്‍ ആയിരുന്നെന്നും മന്ത്രിസ്ഥാനത്തിന് അദ്ദേഹം യോഗ്യനാണെന്ന് ബോധ്യമുള്ളതിനാലാണ് ആ സ്ഥാനം നല്‍കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദളിത് സമുദായത്തില്‍പ്പെട്ട ആളെ ദേവസ്വം മന്ത്രിയാക്കുകവഴി സിപിഐഎം എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കാനുദ്ദേശിച്ചതെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

ദളിത് വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ആ സമുദായത്തിലെ അംഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പൂജാരിയാകാമെന്ന ചരിത്രപരമായ തീരുമാനമെടുത്തത് തങ്ങളുടെ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിനും തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ വലിയ രീതിയില്‍ സഹായിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതിന് കൃത്യമായ രീതികളുണ്ടെന്ന് നമ്മള്‍ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സ്വീകരിച്ചതുപോലെ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ജനാധിപത്യപരമായ സമീപനം കൊണ്ടുവരുമോ എന്ന മാധ്യമപ്രവര്‍ത്തയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി ഈ വിധത്തില്‍ മറുപടി പറഞ്ഞത്.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കൂടുതല്‍ ജനാധിപത്യപരമായ സമീപനം സ്വീകരിച്ചാല്‍ വലതുപക്ഷ പാര്‍ട്ടികള്‍ ഹിന്ദു വിഭാഗങ്ങളെ ഇളക്കിവിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലേ എന്ന ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ബിജെപിയെ പോലുള്ള പാര്‍ട്ടികള്‍ക്ക് വര്‍ഗീയ അജണ്ടയാണുള്ളതെന്നും കേരളത്തിലെ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടാണോ ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന ചോദ്യത്തിനും മുഖ്യമന്ത്രി കൃത്യമായി മറുപടി പറഞ്ഞു. ശബരിമല വിഷയം ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും നമ്മുക്ക് അന്തിമ വിധിക്കായി കാത്തിരിക്കാമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചത്.

Next Story