Top

‘നാട്ടില്‍ ഇത്രമാത്രം വികസനം കൊണ്ടുവന്ന കിഫ്ബിയെ ഇങ്ങനെ ഇകഴ്ത്താമോ?’; കൃതഘ്‌നത പാടുണ്ടോയെന്ന് മുഖ്യമന്ത്രി

കിഫ്ബി, നബാര്‍ഡ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 110 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

6 Feb 2021 2:44 AM GMT

‘നാട്ടില്‍ ഇത്രമാത്രം വികസനം കൊണ്ടുവന്ന കിഫ്ബിയെ ഇങ്ങനെ ഇകഴ്ത്താമോ?’; കൃതഘ്‌നത പാടുണ്ടോയെന്ന് മുഖ്യമന്ത്രി
X

കിഫ്ബി, നബാര്‍ഡ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 110 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ചത് കിഫ്ബിയാണെന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നതായി കുറ്റപ്പെടുത്തി.

നാട് വികസിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമുള്ളതുകൊണ്ട് മാത്രം കാര്യങ്ങള്‍ ചെയ്യാനാകില്ല. ബജറ്റിനും പരിമിതിയുണ്ടെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ 50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെയെന്ന് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നാട്ടിലേക്ക് ഇത്ര വികസനം കൊണ്ടുവന്ന കിഫ്ബിയെ ഈ വിധത്തില്‍ ഇകഴ്ത്താമോ എന്നും കിഫ്ബിയോട് ഇത്ര കൃതഘ്‌നത പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്ന് ഏത് കുഗ്രാമത്തിലെ കുട്ടിയും കിഫ്ബിയെക്കുറിച്ച് പറയും. അനാവശ്യമായ വിവാദങ്ങള്‍ കിഫ്ബിയ്‌ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നത് കൊണ്ടുകൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മുന്‍പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല കൊവിഡിനുശേഷം കുട്ടികള്‍ മടങ്ങിപ്പോകുക. 6.80 ലക്ഷം കുട്ടികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പൊതിവിദ്യാഭ്യാസരംഗത്തേക്ക് വന്നതെന്നും ഇത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി വിലയിരുത്തി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുന്നതോടെ വിദ്യാര്‍ഥികളുടെ കാഴ്ച്ചപ്പാടില്‍ മാറ്റംവരും. ഇത് ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കാനായതിന്റെ ചാരിതാര്‍ഥ്യം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story