Top

‘മഹാമാരി നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയാകട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം’; സന്ദേശവുമായി മുഖ്യമന്ത്രി

കൊവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന മുന്നണി പോരാളികള്‍ക്ക് മുഖ്യമന്ത്രി അഭിവാദ്യമര്‍പ്പിച്ചു.

1 May 2021 12:21 AM GMT

‘മഹാമാരി നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയാകട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം’; സന്ദേശവുമായി മുഖ്യമന്ത്രി
X

എല്ലാ തൊഴിലാളികള്‍ക്കും മെയ്ദിനാശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണെന്നും മഹാമാരി നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന മുന്നണി പോരാളികള്‍ക്ക് മുഖ്യമന്ത്രി അഭിവാദ്യമര്‍പ്പിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മെയ്ദിനാശംസ.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എല്ലാ തൊഴിലാളികൾക്കും മെയ്ദിനാശംസകൾ നേരുന്നു.

തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫേസ്ബുക്കിലൂടെ മെയ്ദിന സന്ദേശവുമായെത്തി. മഹാമാരിയില്‍ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയര്‍ത്താന്‍ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികള്‍. രാപ്പകല്‍ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രതിപക്ഷ നേതാവിന്റെ മെയ്ദിന സന്ദേശം:

മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയർത്താൻ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികൾ. രാപ്പകൽ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നു.കോവിഡ്- 19 ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും നമ്മോടൊപ്പമുണ്ട്.

മഹാമാരി മാറും, തൊഴിലിടങ്ങൾ വീണ്ടും സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും…ഇന്ന് അവകാശപോരാട്ടത്തിന്റെ സ്മരണ തുടിക്കുന്ന ദിനം, മെയ്ദിനംലോകതൊഴിലാളി ദിനാശംസകൾ

Next Story

Popular Stories