
കേരളത്തില്‍ കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കൊവിഡ് വാക്സിന് വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അടിയന്തരമായി സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കൊവിഡ് വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. കൊവിഡിനെ പിടിച്ചുകെട്ടാനായി 45 ദിന കര്‍മ്മ പദ്ധതി ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കിവരികയാണെന്നും കൈവശമുള്ള വാക്സിന് സ്റ്റോക്ക് തീരാറായെന്നും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.

കര്‍മ്മപദ്ധതി പ്രകാരം ദിവസം രണ്ട് ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് വാക്സിന് നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ധരിപ്പിക്കുന്നുണ്ട്. കൊവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ധനവ് തടയുന്നതിനായി ദിവസം രണ്ടര ലക്ഷം മുതല്‍ 3 ലക്ഷം പേര്‍ക്ക് വരെ വാക്സിന് ലഭ്യമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും കത്തിലുണ്ട്. എന്നാല്‍ മൂന്ന് ദിവസം കൂടി നല്‍കാനുള്ള വാക്സിന് സ്റ്റോക്ക് മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വാക്സിന് കുറവാണെന്ന് ആരോഗ്യ കുടുംബമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 50 ലക്ഷം വാക്സിന് എത്തിക്കണമെന്ന് പറഞ്ഞാണ് പിണറായിയുടെ കത്ത് അവസാനിക്കുന്നത്. സംസ്ഥാനത്ത് ഫലപ്രദമായി നടക്കുന്ന വാക്സിനേഷന് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിന് മുടക്കമില്ലാതെ വാക്സിന് ഡോസുകള്‍ ലഭ്യമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
നിലവില്‍ കേരളത്തിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് കാണാനാകുന്നത്. സംസ്ഥാനത്ത് ഇന്ന് 5652 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,14,258 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.