Top

പേജ് ലൈക്കില്‍ പിണറായി ഒന്നാമത്, തൊട്ടുപിന്നില്‍ ചെന്നിത്തല; സോഷ്യല്‍ മീഡിയ ഉപയോഗം സൂചിപ്പിക്കുന്ന ട്രെന്‍ഡുകള്‍ ഇങ്ങനെ; റിപ്പോര്‍ട്ട്

11 ലക്ഷത്തിനടുത്ത് പേജ് ലൈക്കുകളുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും 7.62 ലക്ഷം ലൈക്കുകളുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുമുണ്ട്.

24 May 2021 12:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പേജ് ലൈക്കില്‍ പിണറായി ഒന്നാമത്, തൊട്ടുപിന്നില്‍ ചെന്നിത്തല; സോഷ്യല്‍ മീഡിയ ഉപയോഗം സൂചിപ്പിക്കുന്ന ട്രെന്‍ഡുകള്‍ ഇങ്ങനെ; റിപ്പോര്‍ട്ട്
X

പതിനഞ്ചാമത് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ഭൂരിഭാഗം പേരും പൊതുജനാഭിപ്രായത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ സമൂഹമാധ്യമങ്ങളുടെ സാധ്യത തേടുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ത്തന്നെ ജനപ്രതിനിധികളുടെ ഏറ്റവും പ്രീയപ്പെട്ട പ്ലാറ്റ്‌ഫോം ഫേസ്ബുക്കാണെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത 140 പ്രതിനിധികളില്‍ 137 പേരും ഫേസ്ബുക്കില്‍ സജീവമാണ്. ഇതില്‍ 64 പേര്‍ക്കുമാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്ന ആളുകള്‍ വളരെ കുറവാണ്. 140 എംഎല്‍എമാരില്‍ വെറും 17 പേര്‍ മാത്രമാണ് ട്വിറ്ററില്‍ സജീവമായിട്ടുള്ളത്. കോട്ടയം ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ലീഡേര്‍സ് ആന്‍ഡ് ലാഡേഴ്‌സാണ് ജനപ്രതിനിധികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രണ്ടാം തവണയും ജനങ്ങള്‍ തങ്ങളുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഫേസ്ബുക്ക് ലൈക്കുകളുടേയും ഫോളോവേഴ്‌സിന്റേയും കാര്യത്തില്‍ കേരളത്തിലെ താരം. 15 ലക്ഷം പേരാണ് മുഖ്യമന്ത്രിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നത്. തൊട്ടുപിന്നില്‍ത്തന്നെ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. 12 ലക്ഷം ഫോളോവേഴ്‌സാണ് ചെന്നിത്തലയ്ക്കുള്ളത്. പേജ് ലൈക്കുകളുടെ കാര്യത്തിലും പിണറായി വിജയന്‍ തന്നെയാണ് ഒന്നാമന്‍. മുഖ്യമന്ത്രിയുടെ പേജിന് 13.17 ലക്ഷം ലൈക്കുകളുണ്ട്. തൊട്ടുപിന്നാലെ തന്നെ ചെന്നിത്തലയുമുണ്ട്. 12 ലക്ഷത്തിനടുത്ത ആളുകള്‍ മുന്‍ പ്രതിപക്ഷ നേതാവിന്റെ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്്. ഇവര്‍ക്ക് തൊട്ടുതാഴെ 11 ലക്ഷത്തിനടുത്ത് പേജ് ലൈക്കുകളുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും 7.62 ലക്ഷം ലൈക്കുകളുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുമുണ്ട്.

സജി ചെറിയാനും തോമസ് കെ തോമസിനുമാണ് സ്വന്തമായി വൈബ്‌സൈറ്റുള്ളത്. പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രിയും തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ ബാബു, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ക്ക് യൂട്യൂബ് അക്കൗണ്ടുണ്ട്. കൊവിഡ് വ്യാപനത്തോടെയാണ് ജനപ്രതിനിധികള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Next Story