
എന്‍എസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്തുനില്ക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലത്തെ തന്റെ പരാമര്‍ശം ചില മാധ്യമങ്ങള്‍ താന്‍ എന്‍എസ്എസിനെതിരെ കടുപ്പിച്ചു എന്ന നിലയ്ക്കാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇതിനോട് എന്‍എസ്എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍എസ്എസ് എക്കാലവും സമദൂരം അല്ലെങ്കില്‍ ശരിദൂരം എന്ന നിലപാടാണ് സ്വീകരിക്കാറുള്ളതെന്നും മുഖ്യമന്ത്രി പറയുന്നു. ഇന്നലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്ന് ചോദ്യങ്ങളാണ് എന്‍എസ്എസ് ഇന്നലെ ഉയര്‍ത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അവധിയാക്കത്തതെന്താണെന്നാണ് എന്‍എസ്എസ് ചോദിക്കുന്നത്. സര്‍ക്കാരിന് ഇതിന് വ്യക്തമായ മറുപടിയുണ്ട്. ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ഇതിലെ നിയമപരമായ തടസ്സം മാറാന്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. 15 ദിവസത്തില്‍ കൂടുതല്‍ അവധി നല്കാന് സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചില്ലെന്ന എന്‍എസ്എസ് ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. രാജ്യത്താദ്യമായി മുന്നോക്ക വിഭാഗങ്ങള്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം പ്രാവര്‍ത്തികമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുന്നോക്ക സംവരണം നടപ്പിലാക്കുകയെന്നത് സര്‍ക്കാര്‍ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബറില്‍ മുന്നോക്ക സംവരണം നടപ്പിലാക്കി ഉത്തരവായെന്നും സമുദായങ്ങളുടെ പട്ടിക തയ്യാറാക്കിവരികയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.