‘പരിക്കിനെയും വംശീയ അധിക്ഷേപങ്ങളെയും മറികടന്ന് നേടിയ വിജയത്തിന് മധുരം ഏറെ’; ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ മിന്നും വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം. ഫെയിസ്ബുക്ക് പേജില്‍ മുഖ്യമന്ത്രി കുറിച്ചു.

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ 2-1 ന് നിലനിര്‍ത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം.

പിണറായി വിജയന്‍

3 വിക്കറ്റിനാണ് ഓസീസിനെ സ്വന്തം മണ്ണില്‍ ഇന്ത്യ കീഴടക്കിയിരിക്കുന്നത്. 1988ന് ശേഷം ബ്രിസ്ബേനിലെ മൈതാനത്ത് കംഗാരുക്കളെ കീഴ്പ്പെടുത്തിയെന്ന റെക്കോര്‍ഡ് നായകന്‍ അജികെ രഹാനെയുടെ പേരില്‍ എഴുതപ്പെടും. പരിക്ക് നല്‍കിയ അവസരങ്ങളില്‍ മികവ് കാട്ടിയ യുവതാരങ്ങള്‍ക്കും ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ് നല്‍കാം. വിജയത്തോടെ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍(91), അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര(56), ഋഷഭ് പന്ത് (89) എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.