‘കേരളത്തിലെ ജനങ്ങളെ ചെന്നിത്തല താഴ്ത്തിക്കാണുകയാണോ?, കിറ്റ് കൊടുക്കുന്നതില്‍ എന്ത് അപാകത’ മാപ്പു പറയണമെന്ന് മുഖ്യമന്ത്രി
ജനങ്ങള്‍ക്ക് നല്കുന്ന കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള ആവശ്യം പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ പ്രതിപക്ഷ നേതാവ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.തെരഞ്ഞെടുപ്പ് വേളയില്‍ കുറച്ച് അരിയും പലവ്യഞ്ജനവും കൊടുത്താല്‍ സ്വാധീനിക്കപ്പെടുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് താഴ്ത്തിക്കാണുകയാണോ? കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്കുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ആദ്യമത് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളില്‍ ഒതുങ്ങും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വാചകം കൊണ്ടുമാത്രം തൃപ്തനാകാതെ അവ മുടക്കുവാനായി മൂന്ന് ആവശ്യങ്ങള്‍ […]

ജനങ്ങള്‍ക്ക് നല്കുന്ന കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള ആവശ്യം പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ പ്രതിപക്ഷ നേതാവ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തെരഞ്ഞെടുപ്പ് വേളയില്‍ കുറച്ച് അരിയും പലവ്യഞ്ജനവും കൊടുത്താല്‍ സ്വാധീനിക്കപ്പെടുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് താഴ്ത്തിക്കാണുകയാണോ? കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്കുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ആദ്യമത് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളില്‍ ഒതുങ്ങും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വാചകം കൊണ്ടുമാത്രം തൃപ്തനാകാതെ അവ മുടക്കുവാനായി മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വന്തം ലെറ്റര്‍ പാഡില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നല്‍കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടക്കില്ല എന്നുറപ്പാക്കണം, വിഷു സ്പെഷ്യലായി നല്കുന്ന ഭക്ഷ്യ കിറ്റ് വിതരണം ഏപ്രില്‍ ആറുവരെ നിര്‍ത്തിവെക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കണം, ഏപ്രില്‍, മെയ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഏപ്രില്‍ ആറിന് മുന്‍പ് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കണം എന്നീ മൂന്ന് കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്കൂള്‍ കുട്ടികള്‍ക്ക് അരിയും മറ്റും കൊടുക്കുന്നത് ഏപ്രില്‍ മാസം തെരഞ്ഞെടുപ്പ് വരുന്നത് കണ്ടിട്ടല്ല. ആ അരി ഇതിന് മുമ്പും നല്‍കുന്നതാണ്. മിച്ചമുള്ള അരി സ്കൂള്‍ കുട്ടികള്‍ക്ക് നല്കുന്ന നയം മുമ്പും സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരുന്നത്കൊണ്ട് ഇതൊക്കെ മുടക്കണം എന്ന് പറയുന്നത് എന്തിനാണ്? വിഷു മാത്രമല്ലല്ലോ , ഈസ്റ്റര്‍ ഏപ്രില്‍ നാലിനല്ലേ. അതിന് മുമ്പ് കിറ്റ് കൊടുക്കുന്നതില്‍ എന്ത് അപാകതയാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ആ പരാതി പിന്‍വലിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ‘അതില്‍ ഉറച്ചു നില്ക്കും’ എന്ന മറുപടിയാണ് പ്രതിപക്ഷ നേതാവില്നിന്നുണ്ടായത്. എന്താണിതിനര്‍ത്ഥം? സര്‍ക്കാര്‍ പെന്ഷന് വിതരണം ചെയ്യുന്നത് ഈ തെരഞ്ഞെടുപ്പ് കണ്ടു കൊണ്ടാണോ? വിഷുവും ഈസ്റ്ററും റമദാന് മാസവും വരുന്നത് തെരഞ്ഞെടുപ്പ് കണ്ടിട്ടാണോ? സ്കൂള്‍ കുട്ടികള്‍ക്ക് അരിയും മറ്റും കൊടുക്കുന്നത്, ഏപ്രില്‍ മാസത്തില്‍ ഒരു തെരഞ്ഞെടുപ്പുണ്ട് എന്ന് കണ്ടു കൊണ്ടാണോ? അങ്ങനാണോ പ്രതിപക്ഷം കരുതുന്നത്? അഞ്ചു വര്‍ഷത്തെ ജീവിതാനുഭവമാണ് ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുണ്ടായ വിശ്വാസത്തിന് അടിസ്ഥാനം. കിറ്റും പെന്‍ഷനും അരിയും മുടക്കി ആ വിശ്വാസം തകര്‍ക്കാമെന്നത് പ്രതിപക്ഷത്തിന്റെ ചെറിയ ബുദ്ധിയിലെ ചിന്തയാണ്.നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമായ ഒരു കാര്യവും നടക്കരുത് എന്ന വാശിയാണ് യുഡിഎഫ് കാണിക്കുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഭക്ഷ്യ കിറ്റിനെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ നാം കേട്ടതാണ്. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണ് എന്ന് പ്രചരിപ്പിച്ചവരാണ് സംഘപരിവാര്‍ . കേന്ദ്രം നല്‍കുന്നതാണ് വിതരണം ചെയ്യുന്നതെന്നാണ് പറഞ്ഞിരുന്നത്. അവര്‍ക്കും ഇപ്പോള്‍ ഒന്നും പറയാനില്ല. കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്കുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് വളരെ സങ്കുചിതമായ മനസിന്റെ ചിന്ത മാത്രമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.