Top

‘നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത് മുരളീധരന്‍ മന്ത്രിയായ ശേഷം’: എത്രതവണയെന്ന് കണക്കുണ്ടോയെന്നും മുഖ്യമന്ത്രി

വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം എത്ര തവണ സ്വര്‍ണക്കടത്ത് നടന്നു എന്നതിന് കണക്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ” ഇവിടെ കേന്ദ്ര വിദേശകാര്യവകുപ്പിന്റെ ചുമതലയിലുണ്ട് എന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങള്‍ പറയുന്നതു കേട്ടു. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. ഇദ്ദേഹം മന്ത്രിയായതിനുശേഷം എത്ര സ്വര്‍ണ്ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ […]

6 March 2021 8:01 AM GMT

‘നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത് മുരളീധരന്‍ മന്ത്രിയായ ശേഷം’: എത്രതവണയെന്ന് കണക്കുണ്ടോയെന്നും മുഖ്യമന്ത്രി
X

വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം എത്ര തവണ സ്വര്‍ണക്കടത്ത് നടന്നു എന്നതിന് കണക്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ” ഇവിടെ കേന്ദ്ര വിദേശകാര്യവകുപ്പിന്റെ ചുമതലയിലുണ്ട് എന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങള്‍ പറയുന്നതു കേട്ടു. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. ഇദ്ദേഹം മന്ത്രിയായതിനുശേഷം എത്ര സ്വര്‍ണ്ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ മന്ത്രി ചുമതലയില്‍ വന്നതിനുശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് തുടങ്ങിയത്? കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? നയതന്ത്ര ബാഗിലാണ് സ്വര്‍ണക്കടത്ത് നടത്തിയത് എന്ന് പാര്‍ലമെന്റില്‍ ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിനു വിരുദ്ധമായ നിലപാട് ഈ സഹമന്ത്രി ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴല്ലേ, അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്ന് ഈ സഹമന്ത്രി മറുപടി പറഞ്ഞത്. അതേ സഹമന്ത്രി തന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ജനക്ഷേമകരമായ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസ്സുകളില്‍ ഇകഴ്ത്താന്‍ ഇതൊന്നും സഹായകമാകില്ല. ആ വിശ്വാസം ജനങ്ങള്‍ക്കുണ്ട്; ഞങ്ങള്‍ക്കുമുണ്ട്. അതാണ് ഞങ്ങളുടെ ഉറപ്പ്.”

”കേസില്‍ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇന്നലെ പ്രതിപക്ഷ നേതാവ് ചോദിച്ച ചോദ്യത്തിന്റെ ഉത്തരവും ഇതില്‍ തന്നെ അടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം. അതിനായി തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജന്‍സികള്‍ മുതലെടുക്കുകയാണ്. അങ്ങനെ സമ്മര്‍ദം ചെലുത്തി എന്തെങ്കിലും പറയിച്ചാല്‍ അത് തെളിവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ മുന്നോട്ടുനീക്കാന്‍ കഴിയാതെ വരും. കേസിനെ പ്രതികൂലമായി ബാധിക്കും. അതെല്ലാം മറന്ന് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രസ്താവന നല്‍കുകയും അത് മാധ്യമങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഏജന്‍സി അവലംബിച്ചത്. ഇത് പ്രതിപക്ഷ നേതാവിന്റെ പാര്‍ടിക്കും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കിക്കൊടുക്കാനുള്ള വിടുവേലയല്ലെങ്കില്‍ മറ്റെന്താണ്?”

”മറ്റൊരു കാര്യം കൂടി പറയാം. 2020 നവംബറില്‍ തന്നെ ഈ രഹസ്യമൊഴിയില്‍ എന്തുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഏറ്റുപിടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കിയിരുന്നു. അവര്‍ ഒരേ സ്വരത്തിലാണ് അത് പറഞ്ഞത്. അതേ കൂട്ടര്‍ തന്നെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുന്നു. തെരഞ്ഞെടുപ്പല്ലേ? ആരോപണം വാരിവിതറി പുകപടലമുയര്‍ത്തി പൂഴിക്കടകന്‍ ഇഫക്ട് ഉണ്ടാക്കിക്കളയാം എന്നാകും ഭാവം. തെളിഞ്ഞ അന്തരീക്ഷത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ല എന്നും ജനമനസ്സുകളില്‍ വിഭ്രാന്തിയും ആശങ്കയും നിലനില്‍ക്കണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരേപോലെ ആഗ്രഹിക്കുന്നു. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നതാണ് അവരുടെ പുതിയ ആയുധം എന്നു മാത്രം. ഈ കസ്റ്റംസിന്റെ രീതികള്‍ തുടക്കംമുതല്‍ നാം കണ്ടതല്ലേ? കോണ്‍ഗ്രസ്, ബിജെപി ‘കേരളതല സഖ്യം’ സ്വര്‍ണ്ണക്കടത്ത് ആഘോഷിച്ചപ്പോള്‍ ആദ്യം വന്നതുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയാണ്. ഓഫീസില്‍നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് എത്ര കടുപ്പിച്ചാണ് ആരോപണം ഉന്നയിച്ചത്? അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്റ് കമ്മീഷണറോട് മാധ്യമങ്ങള്‍ തിരക്കിയപ്പോള്‍ ലഭിച്ച ഉത്തരം ഓര്‍മയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്. കേസ് മുന്നോട്ടുപോകുമ്പോള്‍ അന്വേഷണരംഗത്തുണ്ടായിരുന്ന പത്തുപേരെ ഒറ്റയടിക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത് എന്തിനായിരുന്നു? ഒരു അസിസ്റ്റന്റ് കമ്മീഷണറെ പൊടുന്നനെ മാറ്റിയത് എന്തിനായിരുന്നു? അന്നുതന്നെ അത് ചര്‍ച്ച ചെയ്തതല്ലേ? ഇതില്‍ കൃത്യമായ ചില കളികള്‍ നടക്കുന്നുണ്ട്. കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ല എന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ.”

Next Story