Appointment Row

‘പിടിക്കപ്പെടുമ്പോള്‍ എനക്കറിയില്ല’; ജലീലിനൊപ്പം തുല്യ പങ്കുള്ള മുഖ്യമന്ത്രിയും രാജി വെയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

ബന്ധുനിയമനവിവാദത്തില്‍ കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍. ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ യോഗ്യതയില്ലാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. മന്ത്രി രാജിവെച്ച സ്ഥിതിക്ക് കയ്യൊഴിയാന്‍ മുഖ്യമന്ത്രിക്കുമാകില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തിയത്. മുഖ്യമന്ത്രിക്കും ജലീലിനും ഇക്കാര്യത്തില്‍ തുല്യപങ്കാണുള്ളതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നഗ്നമായ സത്യപ്രതിജ്ഞാന ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാല്‍ പിടിക്കപ്പെടുമ്പോള്‍ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്താറുള്ളത്.

കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീല്‍ രാജിവെച്ചതുകൊണ്ട് മാത്രം ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഇടതുസര്‍ക്കാരിന് സാധിക്കില്ല. ബന്ധുവിനെ നിയമിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് മന്ത്രി എ കെ ബാലന്‍ ചോദിക്കുന്നത്. ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഐഎമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

Covid 19 updates

Latest News