Top

‘സാമൂഹ്യവിരുദ്ധമായ പ്രക്ഷോഭം’; വികസന പദ്ധതികളെ മറയ്ക്കാന്‍ ആക്രമണമെന്ന് മുഖ്യമന്ത്രി

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ നടന്നത് അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമൂഹ്യ വിരുദ്ധമായ പ്രക്ഷോഭമായി ഇത് മാറി. വികസന പദ്ധതികളെ മറയ്ക്കാന്‍ ആണ് ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആയിരം റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചുകൊണ്ടുള്ള തത്സമയ വീഡിയോയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണ് നടന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ മറച്ചു വെയ്ക്കാന്‍ മറ്റ് സംഭവങ്ങള്‍ ഉണ്ടാക്കുകയാണ്. […]

18 Feb 2021 6:20 AM GMT

‘സാമൂഹ്യവിരുദ്ധമായ പ്രക്ഷോഭം’; വികസന പദ്ധതികളെ മറയ്ക്കാന്‍ ആക്രമണമെന്ന് മുഖ്യമന്ത്രി
X

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ നടന്നത് അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമൂഹ്യ വിരുദ്ധമായ പ്രക്ഷോഭമായി ഇത് മാറി. വികസന പദ്ധതികളെ മറയ്ക്കാന്‍ ആണ് ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആയിരം റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചുകൊണ്ടുള്ള തത്സമയ വീഡിയോയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണ് നടന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ മറച്ചു വെയ്ക്കാന്‍ മറ്റ് സംഭവങ്ങള്‍ ഉണ്ടാക്കുകയാണ്. ആക്രമണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രി

പൊലീസിനെ ആക്രമിച്ചത് കൊണ്ടാണ് പൊലീസ് പ്രതികരിച്ചത്. പൊലീസിനെ പ്രകോപിപിച്ചു കൂടുതല്‍ ആക്രമണം ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ പൊലീസ് ആത്മസംയമനം പാലിച്ചു. തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക് ജനങ്ങളുടെ മനസിനെ കൊണ്ടുപോവുകയാണ് സമരക്കാരുടെ ലക്ഷ്യം. ദിനം പ്രതി നിരവധി വികസന പദ്ധതികളാണ് സര്‍ക്കാര്‍ നാടിന് സമര്‍പ്പിക്കുന്നത്. അത് ജനമനസ്സുകളിലേക്ക് എതിക്കാതിരിക്കുവാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരുമണിയോടെയാണ് കെഎസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ, പൊലീസ് ലാത്തി വീശുകയായിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ജലപീരങ്കിയും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റും പൊലീസുകാര്‍ക്ക് നേരെ കെഎസ്.യുക്കാര്‍ വലിച്ചെറിഞ്ഞു.

ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് കെഎസ്.യു തീരുമാനം. നിരവധി പ്രവര്‍ത്തകരാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. സംഘര്‍ഷാവസ്ഥ വീണ്ടുമുണ്ടാകുമെന്ന് കണക്കിലെടുത്ത് സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെഎസ്.യു മാര്‍ച്ച് നടത്തിയത്.

Next Story