LDF Govt

‘ഓരോ ഗ്രാമവും ടൂറിസം കേന്ദ്രങ്ങള്‍, സമഗ്രവികസനവും സമ്പല്‍ സമൃദ്ധിയും ലക്ഷ്യം’; 12000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കി ജില്ലയുടെ വികസനത്തിനായി അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയുടെ സമഗ്രവികസനവും സമ്പല്‍ സമൃദ്ധിയുമാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈറേഞ്ചില്‍ 250 ഏക്കറില്‍ മെഗാ ഫുഡ് പാര്‍ക്ക്, ഓരോ ഗ്രാമവും ടൂറിസം കേന്ദ്രങ്ങള്‍, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ 10 പേരുടെ ഗ്രൂപ്പിന് സൗകര്യം, ഇത്തരം 100 കേന്ദ്രങ്ങള്‍ ജില്ലയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഇടുക്കിയുടെ സമഗ്രവികസനവും സമ്പല്‍ സമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പാക്കേജ്. കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുടേയും മൃഗപരിപാലനത്തിന്റേയും ഉദ്പാദനക്ഷമത ഉയര്‍ത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്ഥ പുനസ്ഥാപിക്കുക തുടങ്ങിയവും ലക്ഷ്യമിടുന്നു.

മുഖ്യമന്ത്രി

എല്ലാ പഞ്ചായത്തുകളിലും കന്നുകാലി ഫാമുകള്‍, പുരയിട മത്സ്യ കൃഷിക്ക് സഹായം, വിദ്യാശ്രീ പദ്ധതി മുഖേന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്, ഇടുക്കിയില്‍ പുതിയ ട്രൈബല്‍ കോളേജ്, ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് അഡ്വഞ്ചര്‍ പാര്‍ക്കിന് 100 കോടി, വാഗമണ്‍-ഇടുക്കി-മലങ്കര എന്നിവിടങ്ങളില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, രാമക്കല്‍മേട്ടില്‍ ബജറ്റ് ഹോട്ടല്‍, 3000 കോടി ചെലവില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇടുക്കി രണ്ടാം നിലയം എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജിലുണ്ട്.

കട്ടപ്പന പഴയ ബസ്റ്റാന്‍ഡില്‍ വെച്ച് നടന്ന പാക്കേജ് പ്രഖ്യാപന സമ്മേളനത്തില്‍ ധനമന്ത്രി ടി എം തോമസ് ഐസക്, റവന്യൂമന്ത്രി മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്‍, ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

Latest News