‘ഒരു ചുക്കും ചെയ്യാനാകില്ല’; ആദായ നികുതി വകുപ്പിന്റെ കിഫ്ബി റെയ്ഡിനെതിരെ മുഖ്യമന്ത്രി
കിഫ്ബി ആസ്ഥാനത്ത് റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക സ്ഥാപനം എന്ന നിലക്ക് കിഫ്ബിക്ക് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയുണ്ട്. നികുതി കാര്യങ്ങള്‍ അറിയണമെങ്കില്‍ വ്യവസ്ഥാപിതമായ രീതിയുണ്ട്. പിന്നെ എന്തിനാണ് രാത്രി ഓഫീസില്‍ ചെന്ന് കയറിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മന്ത്രിസഭ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അധികാരം ഉണ്ടെന്ന് വെച്ച് എവിടേയും ചെന്ന് കയറരുത്. ഫെഡറല്‍ […]

കിഫ്ബി ആസ്ഥാനത്ത് റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക സ്ഥാപനം എന്ന നിലക്ക് കിഫ്ബിക്ക് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയുണ്ട്. നികുതി കാര്യങ്ങള്‍ അറിയണമെങ്കില്‍ വ്യവസ്ഥാപിതമായ രീതിയുണ്ട്. പിന്നെ എന്തിനാണ് രാത്രി ഓഫീസില്‍ ചെന്ന് കയറിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മന്ത്രിസഭ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അധികാരം ഉണ്ടെന്ന് വെച്ച് എവിടേയും ചെന്ന് കയറരുത്. ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ പഠിക്കണം. ഒരു ചുക്കും ചെയ്യാനാകില്ല.
മുഖ്യമന്ത്രി
ഡോളര്‍-സ്വര്‍ണക്കടത്ത് കേസ് അന്വേഷണങ്ങള്‍ വഴി തെറ്റിക്കുന്നു, സംസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിച്ച ജഡ്ജി കെവി മോഹനനെ കമ്മീഷനായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് അന്വേഷണത്തിനായി എത്തിയ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ഏതറ്റം വരെയും പോകാനുറച്ചാണ് സര്‍ക്കാര്‍. രാഷ്ട്രീയമായ പോരാട്ടം കടുപ്പിക്കുന്നതിനൊപ്പം നിയമപരമായ ഏറ്റുമുട്ടലും ശക്തമാക്കാനാണ് സംസ്ഥാന തീരുമാനം. ഇതിന്റെ ഭാഗമായാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ നീക്കം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം റിട്ടയേഡ് ജസ്റ്റിസ് കെവി മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, അതുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രതികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍, മറ്റൊരു പ്രതിയായ സരിത്തിന്റെ കത്ത് എന്നിവയാകും കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയ ശേഷമേ ജുഡീഷ്യല്‍ അന്വേഷണ ഉത്തരവ് ഇറക്കുകയുള്ളു. നേരത്തെ മുഖ്യമന്തിക്കെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ എന്‍ഫോഴ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തെത്തിയത്. മാധ്യമ പ്രവര്‍ത്തകരെ നേരത്തേ വിവരമറിയിച്ച ശേഷമായിരുന്നു അഞ്ചുവര്‍ഷം കിഫ്ബി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം തേടി ഉദ്യോഗസ്ഥരെത്തിയത്. ആവശ്യപ്പെട്ട രേഖകള്‍ നേരത്തേ നല്‍കിയിരുന്നെന്നും കൂടുതല്‍ രേഖകള്‍ ആവശ്യമെങ്കില്‍ അത് നല്‍കുമെന്നും കിഫ്ബി അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.