Top

‘രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം’; അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി

‘രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയുള്ള കൈയ്യേറ്റം ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. ‘

1 Oct 2020 8:08 AM GMT

‘രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം’; അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി
X

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ ജനാധിപത്യ അവകാശവും ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയുള്ള കൈയ്യേറ്റം ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. അത് ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്.

മുഖ്യമന്ത്രി

യുപി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിനേയും പ്രിയങ്കയേയും ഗ്രേറ്റര്‍ നോയിഡയിലെ ഗസ്റ്റ് ഹൗസിലെത്തിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുള്ള വഴിമധ്യേയാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ബലപ്രയോഗത്തിനിടെ രാഹുല്‍ ഗാന്ധി നിലത്തേക്ക് വീണു. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഭയം കൊണ്ടാണ് ഹാസ്രത് യുവതിയുടെ കുടുംബത്തെ കാണാന്‍ തങ്ങളെ യോഗി സര്‍ക്കാര്‍ അനുവദിക്കാത്തതെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദു:ഖത്തിന്റെ സമയത്ത് സ്‌നേഹിതരെ ഒറ്റയ്ക്ക് ആക്കരുതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. യുപിയിലെ ജംഗിള്‍രാജ് ദു:ഖാര്‍ത്തരായ കുടുംബത്തെ സന്ദര്‍ശിക്കുന്നതുപോലും ഭയപ്പെടുകയാണ്. മുഖ്യമന്ത്രീ അത്രയ്ക്കങ്ങ് ഭയക്കേണ്ട കാര്യമില്ല എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Next Story