Top

മദ്യശാലകള്‍ക്കുമുന്നിലെ ക്യൂ: തിരക്ക് നിയന്ത്രിക്കാന്‍ ഒരുക്കിയ പുതിയ സംവിധാനങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ കഴിഞ്ഞ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് ഫലമോ ഹാജരാക്കുന്നവരെ മാത്രമേ ശബരിമലയില്‍ മാസപൂജയ്ക്ക് പ്രവേശിപ്പിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

10 July 2021 7:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യശാലകള്‍ക്കുമുന്നിലെ ക്യൂ: തിരക്ക് നിയന്ത്രിക്കാന്‍ ഒരുക്കിയ പുതിയ സംവിധാനങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി
X

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യവില്‍പ്പനശാലകള്‍ക്കുമുന്നിലെ തിരക്ക് സംസ്ഥാനത്തെ വലിയ പ്രശ്‌നമായി മാറിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ ഉറപ്പ് നല്‍കി. പ്രത്യേക കൗണ്ടറുകള്‍ വഴി മുന്‍കൂട്ടി പണമടച്ചവര്‍ക്ക് വേഗത്തില്‍ മദ്യം വാങ്ങിപ്പോകാന്‍ സാധിക്കും. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇതോടൊപ്പം തന്നെ മദ്യശാലകള്‍ക്കുമുന്നിലെ തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളെ കുറിച്ചും ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ കഴിഞ്ഞ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് ഫലമോ ഹാജരാക്കുന്നവരെ മാത്രമേ ശബരിമലയില്‍ മാസപൂജയ്ക്ക് പ്രവേശിപ്പിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. പരമാവധി 5000 ആളുകള്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഭക്തരെ പ്രവേശിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ട് അടങ്ങിയെങ്കിലും കേരളത്തില്‍ രോഗികള്‍ കുറയാത്തതില്‍ ചിലര്‍ ആശങ്കപ്പെടുന്നുണ്ട്. കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും അത് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരമാവധി ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിനു മുകളിലുള്ള 42 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി.
12 ശതമാനം പേര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കി. 15 ശതമാനം പേര്‍ക്ക് കൂടി വാക്‌സിനേഷന്‍ എത്രയും വേഗം നല്‍കാനുള്ള നടപടി സ്വീകരിക്കും. ഗര്‍ഭിണികള്‍ വാക്‌സിനെടുക്കാന്‍ തയാറാകണം. അര്‍ഹമായ മുറയ്ക്ക് വാക്‌സിന്‍ സ്വീകരിക്കുകയും, മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story