ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അഭിമുഖം: ഇടതുഭരണത്തിലും സവർണത കൊടികുത്തി വാഴുന്നു

കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ പ്രമുഖ നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് കലാരംഗത്തെ ജാതിവിവേചനത്തെക്കുറിച്ച് സംസാരിക്കുന്നു.
ചോദ്യം: സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ താങ്കള്‍ക്ക് അവസരം നിഷേധിച്ചത് ആര്?
കേരളീയ കലകള്‍ക്ക് പ്രോത്സാഹനം കൊടുക്കേണ്ട കേരളസംഗീത നാടക അക്കാദമി സെക്രട്ടറി ആണ് ഈ സാഹചര്യത്തിന്റെ ആദ്യത്തെ ഉത്തരവാദി. അനുഭാവപൂര്‍വ്വം നിന്നിരുന്ന ചെയര്‍ പേഴ്സണ്‍ പിന്നീട് അക്കാദമിയുടെ കൂടെ നില്ക്കാന് വേണ്ടി വാക്ക് മാറ്റുകയായിരുന്നു. അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്ന രണ്ടു പേരാണ് പാവപ്പെട്ട ഒരാളുടെ ആഗ്രഹങ്ങളെ തല്ലികൊഴിച്ചത്. ഏതൊരു കലാകാരന്റെയും സ്വപ്നം ആണ് സര്‍ക്കാര്‍ വേദിയില്‍ നൃത്തം ചെയുക എന്നത് .
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ അക്കാദമിയുടെ പടവുകള്‍ കയറി ഇറങ്ങുകയാണ്. ഇതിനു മുന്‍പും പല പരിപാടികളും അക്കാദമി സംഘടിപ്പിച്ചിട്ടുള്ളത് പിന്നീട് പത്രങ്ങളിലൂടെ മാത്രമാണ് അറിഞ്ഞിട്ടുള്ളത്. സുതാര്യമായ ഒരു ഇടപാടുകളും, അക്കാദമിയുടെ ഭാഗത്തു നിന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്ക്ക് വേണ്ടി ഉണ്ടായിട്ടില്ല. കാരണം അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഒരു പരിപാടികളും ഇത് വരെ നടന്നിട്ടില്ല എന്നത് തന്നെയാണ്. അവര്‍ക്ക് അടുപ്പമുള്ള, താല്പര്യമുള്ള ആളുകളെ ആണ് അക്കാദമിനേതൃത്വം എന്നും പരിഗണിക്കുക .
വര്‍ഷങ്ങളുടെ പഠനവും , യോഗ്യതകളും, ഡോക്ടറേറ്റും, അധ്യാപന പരിചയവും ഉണ്ടായിട്ടും, വിരോധാഭാസപരമായ നിലപാടുകള്‍ ആണ് എന്റെ ആവശ്യങ്ങളോട് അക്കാദമി സ്വീകരിച്ചത്. ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം പാടില്ല, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായാണ് ഈ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്, നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ട പരിപാടി ആണിത് എന്നൊക്കെയാണ് ഞാന്‍ അന്വേഷിച്ചപ്പോള്‍ എന്നോട് മുന്‍പ് പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പറയുന്നത് പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ല, അപേക്ഷകള്‍ ക്ഷണിച്ചിട്ടില്ല എന്നൊക്കെ ആണ്. പിന്നീട് ഈ വിഷയത്തില്‍ ഞാന്‍ നുണ പറഞ്ഞു എന്ന രീതിയില്‍ കാര്യങ്ങളെ വളച്ചൊടിക്കുക ആയിരുന്നു. ഇതെല്ലാം ചെയര്‍പേഴ്സണ്‍ സെക്രട്ടറിക്ക് വേണ്ടി ചെയ്തതാണ് എന്ന് അവരുടെ മുന്‍ അഭിപ്രായങ്ങള്‍ കേട്ടത് കൊണ്ട് എനിക്ക് വ്യക്തമാണ്.
വാസ്തവ വിരുദ്ധമായി ഞാന്‍ സംസാരിക്കുന്നു എന്ന പ്രസ്താവന അക്കാദമി ചെയര്‍ പേഴ്സണ്‍ നടത്തിയത് കൊണ്ടാണ് ആത്മഹത്യ ചെയ്യാന്‍ വരെ എനിക്ക് തോന്നിയത്. എന്റെ കൈയില്‍ ഞാന്‍ അവരോട് എത്ര വട്ടം സംസാരിച്ചു, എന്താണ് സംസാരിച്ചത് എന്നതിന് വ്യക്തമായ തെളിവുകളും രേഖകളും ഉണ്ട്. ഒരു സമൂഹത്തിന്റെ മുന്നില്‍ അല്പം നേരം നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചതിന് എന്നെ കള്ളനായി ചിത്രീകരിക്കാന്‍ ലളിത ചേച്ചി കാണിച്ച ആ ഒരു സംസ്കാരം എവിടുന്നു കിട്ടി എന്നെനിക്കു അറിയില്ല .
ചോദ്യം: ഏതൊരു കലാകാരനും നേരിടേണ്ടി വരാവുന്ന താരതമ്യേന ചെറിയ ഒരു അനുഭവം അല്ലെ ഇത് , ആത്മഹത്യാശ്രമം അനാവശ്യമായിരുന്നില്ലേ?
കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇതൊരു ചെറിയ കാര്യമാകാം. നാലു വയസ്സ് മുതല്‍ ചിലങ്ക കെട്ടി ശീലിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മണിച്ചേട്ടനുള്ള കടപ്പാട് ആണ് എന്റെ പഠനവും, അംഗീകാരവും എല്ലാം. മണിചേട്ടന് ലഭിച്ച അംഗീകാരങ്ങളുടെയും, വിമര്‍ശനങ്ങളുടെയും കണക്കെടുത്താല്‍, ഞങ്ങളുടെ സാമൂഹിക ചുറ്റുപാടും മറ്റും, മുഖ്യധാരയില്‍ നിന്നും ഞങ്ങളെ എത്ര മാത്രം പുറകോട്ടു വലിക്കുന്നുണ്ടെന്ന് അറിയാമല്ലോ .
പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും വളരെ കഷ്ടപ്പെട്ട് കലാകാരന്മാര് മുന്നോട്ടു വരുമ്പോള്‍ ഒരു അംഗീകാരം, അര്‍ഹത എല്ലാം നല്കേണ്ടതല്ലേ..? രാമന് സ്മാരക കലാഗൃഹത്തിലൂടെ പാവപെട്ട കുഞ്ഞുങ്ങള്‍ക്ക് നൃത്തം പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യമാണ് എനിക്കും ചേട്ടനും ഉള്ളത്. അഭിനയ രംഗത്തേക്ക് എളുപ്പം വരാന്‍ കഴിയുമായിരുന്നിട്ടും, കലയില്‍ ഒരു ഡോക്ടറേറ്റ് എടുക്കണം എന്ന ആഗ്രഹമുള്ളതു കൊണ്ടാണ് കഷ്ടപ്പെട്ട് പഠിച്ചു ആര്‍എല്‍വി എന്നും, ഡോക്ടര്‍ എന്നുമുള്ള രണ്ട് പദവികള്‍ ഞാന്‍ സ്വന്തമാക്കിയിട്ടുള്ളത്.
ഈ കഷ്ടപ്പാടുകള്ക്കിടയിലുമൊക്കെ ഇത് വരെ പിടിച്ചു നിന്ന എന്നെ നുണ പറയുന്ന ഒരു കലാകാരനാണ് എന്ന രീതിയില്‍ സാംസ്കാരിക രംഗത്തിരിക്കുന്ന ഒരു കലാകാരി തന്നെ ചിത്രീകരിക്കുമ്പോള്‍, ആ വാക്കുകളാണ് ആത്മഹത്യ എന്ന ഒരൊറ്റ ചിന്തയിലേക്ക് എന്നെ എത്തിച്ചത്. അവിടെ പതറിപ്പോയത് ഒരു കലാകാരന്റെ മനസ്സാണ്. ഇത്രയും സര്‍ട്ടിഫിക്കറ്റുകളുമായി ഈ 45ാം വയസ്സില്‍ ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്? ഇനിയൊരു ജോലി കിട്ടാനുള്ള സാധ്യത എനിക്കില്ല..ചിലങ്ക കെട്ടാനുള്ള ഒരു അവസരം മാത്രമല്ലെ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ..അവരുടെ സെര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിട്ടും എനിക്കൊരു വേദി കിട്ടുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്..?
ചോദ്യം: മണിയെപ്പോലെ ഉറച്ച മനസുള്ള ഒരു കലാകാരന് ആയാണ് താങ്കളെയും കലാലോകം കാണുന്നത്
വളരെ ബുദ്ധിമുട്ടി നേടുന്ന അംഗീകാരം കിട്ടേണ്ടിടത്തു നിന്നും കിട്ടാതെ ആയാല്‍ ആരും പതറി പോകും. അതാണ് എനിക്കും സംഭവിച്ചത്.
ചോദ്യം: ‘നൃത്തം അവതരിപ്പിക്കാന്‍ അവസരം തന്നാല്‍ ധാരാളം വിമര്‍ശനം ഉണ്ടാകും, അന്തി വരെ വെള്ളം കോരിയിട്ട് കുടം ഉടക്കേണ്ടല്ലോ, അവസരം നല്കിയാല് അക്കാദമിയുടെ ഇമേജ് നഷ്ടമാകും’ എന്നൊക്കെ താങ്കള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആ വരികള്‍ സത്യമാണോ?
ഇതെല്ലാം സെക്രട്ടറിയുടെ വാക്കുകള്‍ ആണ്. ലളിത ചേച്ചി ഈ മറുപടി ആണ് എന്നോട് പറഞ്ഞത്. അവസരം തന്നിട്ട് വിമര്‍ശനം ഉണ്ടായാല്‍ അത് മൊത്തം ലളിത ഏറ്റെടുക്കണം എന്നാണ് സെക്രട്ടറി പറഞ്ഞത്, എന്നും ചേച്ചി പറഞ്ഞു. എനിക്ക് അവസരം തന്നാല്‍ എന്താണ് സംഭവിക്കുക..? ഞാന്‍ ഏതെങ്കിലും കേസില്‍ പ്രതിയാണോ..? പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ..? ലിംഗ വിവേചനം, ജാതി വിവേചനം, ഹരിജന്‍ പീഡനം എന്നൊക്കെ അല്ലെ ഇതിനെ വ്യഖ്യാനിക്കേണ്ടത്. അല്ലാതെ വിമര്‍ശനം ഉണ്ടാകാനും മാത്രം ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്? അക്കാദമി വേദി അശുദ്ധമാകുമോ?
ചോദ്യം: കെപിഎസി ലളിതയുടെ പ്രതികരണത്തില്‍, അവര്‍ താങ്കളോട് വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന ഒരു വ്യക്തി ആയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അകല്‍ച്ച ഇല്ല എന്ന് സ്ഥാപിക്കാനാണോ അവര്‍ അങ്ങനെ സംസാരിക്കുന്നത്?
ലളിത ചേച്ചി പറഞ്ഞത് ശരിവെച്ചു കൊണ്ട് പറയട്ടെ അവരോട് എനിക്ക് ബഹുമാനം മാത്രമേ ഉള്ളൂ. എനിക്ക് വേണ്ടി സംസാരിച്ചതില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ അവര്‍ പറഞ്ഞ പച്ചക്കള്ളം എനിക്ക് സഹിക്കാവുന്നതിലും വലിയ ക്രൂരത ആണ്. മണിയുടെ അനുജന് എന്നോ, കൂടെ അഭിനയിച്ച വ്യക്തി എന്നോ നോക്കാതെ രാമകൃഷ്ണന്റെ യോഗ്യത അനുസരിച്ചു അയാള്‍ക്കും ഒരവസരം കൊടുക്കൂ. ആ പ്രശ്നങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം എന്ന് പറയേണ്ടിടത്ത് ആണ്, ഞാന്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് അവര്‍ പറഞ്ഞത്.
ഒരു പക്ഷെ ചെയര്‍ പേഴ്സണ്‍ സ്വന്തമായി തീരുമാനം എടുക്കാനുള്ള വൈഭവം ഇല്ലാത്തതാകാം കാരണം. ഭരണസമിതിയില്‍ സെക്രട്ടറിയുടെ ഏകാധിപത്യം ആണ്. സെക്രട്ടറിക്ക് അനുകൂലമായ മറുപടികളും, തീരുമാനങ്ങളും മാത്രമാണ് അവിടെ ഉണ്ടാകുന്നത്. അല്ലാത്തവര്‍ ഒക്കെ സമിതിയില്‍ നിന്നും രാജി വെച്ച് പോയിട്ടുണ്ട്.
ചോദ്യം: പുകാസ-പികെസ അംഗമായിരുന്നിട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുമ്പോളും ഇത്തരം നടപടികള്‍ നേരിടേണ്ടി വന്നത് എന്തുകൊണ്ടാണ്?
എനിക്കറിയില്ല, ഞാന്‍ ഇടതുപക്ഷത്തില്‍ വിശ്വസിക്കുന്ന ഒരു കുടുംബത്തില്‍ നിന്നാണ്. എന്ത് കൊണ്ടാണ് പിന്നെയും ഇങ്ങനൊരു അവസ്ഥ എന്ന് ചോദിച്ചാല്‍, ഒരുപക്ഷെ ചരിത്രത്തില്‍ ആദ്യമായാകാം ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെ ഇടതുപക്ഷ സംഘടനകള്‍ സംഗീത നാടക അക്കാദമിക്ക് എതിരെയുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.
ചോദ്യം: രാധാകൃഷ്ണന് നായര്‍ ജാതി വിവേചനം കാണിക്കുന്നു എന്ന് കരുതുന്നുണ്ടോ? എന്താണ് അതിനുള്ള തെളിവ്?
പട്ടിക ജാതിക്കാരനെ ജാതി പേര് വിളിക്കുന്നതല്ല വിവേചനം. ഞങ്ങളെ പോലുള്ളവര്‍ക്ക് തൊഴിലിടങ്ങളിലും, കലാസ്ഥാപനങ്ങളിലും നിന്നും മറ്റും ലഭിക്കേണ്ട അംഗീകാരം ഇല്ലായ്മ, അവഹേളനം, അവസരങ്ങളും, ആനുകൂല്യങ്ങളും ഒഴിവാക്കുക എന്നതാണ് പീഢനം. മറ്റുള്ളവര്‍ക്കൊപ്പം നില്ക്കാന് യോഗ്യത ഉണ്ടായിട്ടും എനിക്ക് അവസരം തരുന്നില്ല. അതേ സമയം എന്നേക്കാള്‍ കഴിവും, യോഗ്യതയും കുറഞ്ഞവര്‍ക്കു സെക്രട്ടറി അവസരം കൊടുത്തിട്ടുണ്ട്. ഇതെല്ലാം ജാതി പീഡനം അല്ലെ ..?
ചോദ്യം: നൃത്തം സംഗീതം ഇവയൊക്കെ so called സവര്‍ണ്ണരുടെ പിടിയിലാണോ?
ഇത് വരെയുള്ള അനുഭവങ്ങള്‍ അങ്ങനെ തന്നെ പറയാനാണ് എന്നെ പ്രേരിപ്പിക്കുന്നത് .ഇവിടെ ജാതി ഇല്ല എന്ന് പറയുമ്പോഴും, ജാതിവാല് ചേര്‍ക്കുന്നത് മേന്മയുള്ള ജാതിയാണ് എന്നത് കൊണ്ടല്ലേ..? പിന്നെ ഞങ്ങള്‍ പറയുമ്പോള്‍ മാത്രം എന്താണ് അങ്ങനെ ഒരു ചോദ്യം. പഠന കാലയളവിലും എനിക്കു ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. മോഹിനിയാട്ടം നടക്കുന്ന വേദിയില്‍ നിന്ന് എന്നോട് എഴുന്നേറ്റു പോകാന്‍ പല സവര്‍ണരും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണസമിതി അംഗങ്ങളില്‍ ഒരാള്‍ പോലും പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഇത് വരെ വന്നിട്ടില്ല. കലാകാരന്മാരായ ഒരു പട്ടിക ജാതി വിഭാഗക്കാരാണ് പോലും ഭരണ സമിതിയില്‍ ഇല്ല. അത്തരക്കാരില്‍ നിന്നും ഒരാളെ പോലും ഇവര്‍ പരിഗണിക്കില്ല.
ചോദ്യം: അതായത് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പോലും ഇത്തരം പോസ്റ്റുകളില്‍ സവര്‍ണ്ണര്‍ മാത്രമേ വരുന്നുള്ളൂ?
തീര്‍ച്ചയായും അതെ; ഭരണസമിതി അംഗങ്ങളാകാന്‍ ഓരോ സര്‍ക്കാരിന്റെ കാലത്തും നിയോഗിക്കപ്പെട്ട കുറെ വ്യക്തികളുണ്ട്. അവരെല്ലാവരും സവര്‍ണ്ണര്‍ ആണ്. ഇപ്പോള്‍ തന്നെ സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി ആയിരിക്കാന്‍ രാധാകൃഷ്ണന് നായര്‍ക്ക് എന്താണൊരു യോഗ്യത..? സവര്ണ്ണന് ആണെന്നുള്ള ഒരൊറ്റ യോഗ്യത മാത്രമാണ് അദ്ദേഹത്തിനുള്ളത്. സവര്‍ണ്ണ മേധാവിത്വത്തിന്റെ തെളിവല്ലേ ഇത്.
ചോദ്യം: സാംസ്കാരിക മന്ത്രി ഒരു ദളിതനല്ലേ?
രാമകൃഷ്ണന് ഒരു പത്തുമിനിറ്റ് കൊടുക്കാം എന്ന് ദളിതനായ സാംസകാരിക മന്ത്രിക്കും തോന്നാതിരുന്നത്, കൂടപ്പിറപ്പുകളോട് അദ്ദേഹത്തിന് ഒരു സ്നേഹവുമില്ലാതെ പോയതിനാലാണ്. അതാണ് അത്തരമൊരു തീരുമാനത്തിന് മുന്‍കൈ എടുക്കാന്‍ അദ്ദേഹത്തിന് തോന്നാതിരുന്നത്.
ചോദ്യം: മണി ഒരു ആവേശമാണ്. മരണ ശേഷം മണി ഇതിഹാസം ആയി മാറി. മണി പോയതിനു ശേഷം താങ്കള്‍ കൂടുതല്‍ ദുര്ബലന് ആയി പോയോ?
മണിയുടെ ആഗ്രഹം കൂടി കൊണ്ടാണ് ഞാന്‍ ഒരു ഡോക്ടറേറ്റ് ഈ കുടുംബത്തിലേക്ക് കൊണ്ട് വന്നത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ക്കൊപ്പം താങ്ങും തണലും ആയി നിന്നിരുന്ന ചേട്ടന് ഇപ്പോള്‍ ഇല്ല. എന്നും ശക്തി പകര്‍ന്നിരുന്ന ഊര്‍ജ്ജം ഇല്ലാതെ ആയിപോകുമ്പോള്‍ ആരും ദുര്‍ബലര്‍ ആയിപ്പോകും. ചേട്ടന് ആശ്വസിപ്പിക്കുന്ന പോലെ ഇനിയാരാണ് സ്വാന്തനിപ്പിക്കാന്‍. വല്ലാത്ത വേദനയാണ് ആ അഭാവം.
ചോദ്യം: മണി ഉണ്ടായിരുന്നെങ്കില്‍ ഈ വിഷയത്തെ താങ്കള്‍ ഇങ്ങനെ ആയിരുന്നില്ല നേരിടുക എന്ന് താങ്കള്‍ക്കറിയാം..ഇനി ഇങ്ങനൊരു ബുദ്ധിമോശം ഉണ്ടാകില്ല എന്ന് പ്രേക്ഷകര്‍ക്ക് താങ്കള്‍ ഉറപ്പു കൊടുക്കില്ലേ?
തീര്‍ച്ചയായും അതെ. അന്ന് ആ സംഭവം ഉണ്ടായപ്പോള്‍ ഞാന്‍ ഇനി ആരോട് ചെന്ന് പറയും എന്നാണ് ആലോചിച്ചത്. ഇങ്ങനെയൊരു ബുദ്ധിമോശം എന്റെ ഭാഗത്തു നിന്നും ഇനി ഉണ്ടാകില്ല. വല്ലാത്തൊരു നിരാശയിലാണ് ഞാന്‍ അങ്ങനൊരു സാഹസത്തിനു മുതിര്‍ന്നത്. എന്നെ ധാരാളം പേര് വിളിച്ചു ആശ്വസിപ്പിച്ചിട്ടുണ്ട്. ചേട്ടന് മുന്നോട്ടു വെച്ച ഉത്തരവാദിത്വത്തിലേക്കു കൂടിയാണ് ഞാനിനി സഞ്ചരിക്കുക.
ചോദ്യം: ലിംഗപരമായ വിവേചനം മോഹിനിയാട്ടത്തില്‍ എന്ന് പറയുമ്പോള്‍ ഈ നൃത്തരൂപത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ അക്കാദമിക്ക് കഴിയാതെ പോയിട്ടുണ്ടോ?
അക്കാദമിക്ക് ആ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. അതെ പറ്റി നടന്നിട്ടുള്ള പഠനങ്ങള്‍ അവര്‍ അറിഞ്ഞിട്ടില്ല. മോഹിനിയാട്ടം എന്നത് ലാസ്യം എന്ന പദവുമായി കൂട്ടിച്ചേര്‍ക്കുമ്പോഴും, ലാസ്യം എന്നത് ചലനത്തെ അല്ല മറിച്ചു ഭാവത്തെ ആണ് പ്രകടിപ്പിക്കുന്നത്. അത് ശൃംഗാര ഭാവമാണ്. അതിനു സ്ത്രീയും പുരുഷനും വേണം. മോഹിനിയാട്ടത്തില്‍ ഒരു നാണയത്തിലെന്ന പോലെ ഇരുപുറങ്ങളിലും താണ്ഡവ ലാസ്യങ്ങള്‍ സമ്മേളിതം ആണ്. സ്ത്രൈണത കൂടുതലുള്ള ‘ഒഡീസി’ ധാരാളം കലാകാരന്മാരും, ഭരത നാട്ട്യത്തിലെ പുരുഷ സ്വഭാവം കൂടുതലുള്ള താണ്ഡവം ധാരാളം സ്ത്രീകളും ചെയുന്നുണ്ട്.
പുരുഷന്മാര് മോഹിനിയാട്ടം ചെയ്യുന്നതിനുള്ള സാധ്യതകള്‍ പഠിച്ചു ആ വിഷയത്തിന് മേലാണ് ഞാന്‍ ഡോക്ടറേറ്റ് ചെയ്തിട്ടുള്ളതും, അതിന്മേല് അംഗീകാരം ലഭിച്ചിട്ടുള്ളതും. ഫ്യൂഡല്‍ വ്യവസ്ഥിതി ഇന്നും മനസ്സില്‍ കൊണ്ട് നടക്കുന്ന ആളുകളോട് എന്ത് പറയാനാണ് . മോഹിനി എന്ന അവതാരം തന്നെ വിഷ്ണുവിന്റെ ആണ്. അങ്ങനെ നോക്കിയാല്‍ പോലും മോഹിനിയാട്ടം ആടേണ്ടി വരിക സ്ത്രീ വേഷം കെട്ടിയ പുരുഷന്മാര് ആകും. എന്നാലിനിയും മോഹിനിമാര്‍ ആടിയാല്‍ മാത്രമേ മോഹിനിയാട്ടം ആവുകയുള്ളൂ എന്നാണ് ചിലര്‍ക്കെങ്കില്‍ ആ ചിന്താഗതിയോട് എനിക്കൊന്നും പറയാനില്ല.