
നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റിലൊതുങ്ങിയ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് കഴിഞ്ഞ തവണത്തേക്കാള്‍ ഈ വര്‍ഷം ചോര്‍ന്നത് ഓരോ മണ്ഡലത്തിലും അയ്യായിരം മുതല്‍ പതിനായിരം വരെ വോട്ടുകള്‍. ബിജെപിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത പല മണ്ഡലങ്ങളിലും ബിഡിജെഎസിന് നാണം കെട്ട തോല്‍വിയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ പല മണ്ഡലങ്ങളിലും ബിഡിജെഎസ് വോട്ടുകള്‍ ഇത്തവണ അഞ്ചക്കം കടന്നിട്ടില്ല. എംഎം മണി മത്സരിച്ച ഉടുമ്പന്‍ ചോലയില്‍ 2016ല്‍ 21,799 വോട്ടുകള്‍ ലഭിച്ച ബിഡിജെഎസിന് ഇത്തവണ വെറും 7208 വോട്ടുകള്‍ വാങ്ങി ഒതുങ്ങേണ്ടി വന്നു.
ഇടുക്കിയില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി നേടിയത് 27403 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ സംഗീത വിശ്വനാഥന് ലഭിച്ചത് 9286 വോട്ടുകള്‍ മാത്രമാണ്. പൂഞ്ഞാറില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് ലഭിച്ചത് 19966 വോട്ടുകളായിരുന്നു. പൂഞ്ഞാര്‍ ഇത്തവണ വെറും 2965 വോട്ടുകള്‍ മാത്രം നേടിയുള്ള നാണംകെട്ട തോല്‍വിയാണ് ബിഡിജെഎസിന് ഏറ്റുവാങ്ങേണ്ടി വന്നത്.
2016 ല്‍ കുട്ടനാട് നിയോജക മണ്ഡലത്തില്‍ സുഭാഷ് വാസുവിന് ലഭിച്ചത് 33,044 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് 14946 വോട്ടുകള്‍ മാത്രമാണ്. 2016 ല്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച ടി അനിയപ്പന് 27,753 വോട്ടുകള്‍ കിട്ടിയിരുന്നു. അതേ സ്ഥാനാര്‍ഥി 2021 ല്‍ മത്സരത്തിനിറങ്ങിയപ്പോള്‍ ലഭിച്ചതോ 17,215 വോട്ടുകള്‍. ബിഡിജെഎസ് നേതാക്കളുമായി നടന്ന കൂടിയാലോചനയില്‍ എന്‍ഡിഎ സംസ്ഥാനം കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു കഴിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഉടന്‍ രാജിവെച്ചേക്കുമെന്നാണ് സൂചന.