‘വിദ്യാര്‍ഥിയെ തല്ലിയ ശേഷം ഒളിച്ചിരുന്ന ആളാണ് സുധാകരന്, പിടികൂടി മാപ്പ് പറയിപ്പിച്ചു’; ‘വീരകഥകള്‍’ പച്ചക്കള്ളമെന്നും സഹപാഠി
ബ്രണ്ണന്‍ കോളേജ് പഠനക്കാലത്തെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് സഹപാഠിയായിരുന്ന കെവി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പിണറായി വിജയന് ഒരിക്കലും എതിരാളികളെ കായികമായി അക്രമിച്ചിട്ടില്ല. കോളേജില്‍ അതിനെല്ലാം താന്‍ സാക്ഷിയാണെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു. ഒരിക്കല്‍ ഒരു വിദ്യാര്‍ഥിയെ തല്ലിയെ ശേഷം കോളേജില്‍ ഒളിച്ചിരുന്ന വ്യക്തിയാണ് കെ സുധാകരന്. അന്ന് അദ്ദേഹത്തെ പിടികൂടി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മാപ്പ് പറയിപ്പിച്ചത് താനാണെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു. കെവി കുഞ്ഞികൃഷ്ണന്റെ വാക്കുകള്‍: ”സുധാകരന് പറഞ്ഞത് പോലെയുള്ള ഒരു സംഭവവും കോളേജിനുള്ളിലോ പരിസരങ്ങളിലോ […]
20 Jun 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബ്രണ്ണന്‍ കോളേജ് പഠനക്കാലത്തെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് സഹപാഠിയായിരുന്ന കെവി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പിണറായി വിജയന് ഒരിക്കലും എതിരാളികളെ കായികമായി അക്രമിച്ചിട്ടില്ല. കോളേജില്‍ അതിനെല്ലാം താന്‍ സാക്ഷിയാണെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു. ഒരിക്കല്‍ ഒരു വിദ്യാര്‍ഥിയെ തല്ലിയെ ശേഷം കോളേജില്‍ ഒളിച്ചിരുന്ന വ്യക്തിയാണ് കെ സുധാകരന്. അന്ന് അദ്ദേഹത്തെ പിടികൂടി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മാപ്പ് പറയിപ്പിച്ചത് താനാണെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു.
കെവി കുഞ്ഞികൃഷ്ണന്റെ വാക്കുകള്‍: ”സുധാകരന് പറഞ്ഞത് പോലെയുള്ള ഒരു സംഭവവും കോളേജിനുള്ളിലോ പരിസരങ്ങളിലോ നടന്നിട്ടില്ല. കോളേജിന് പുറത്ത് ഒരുകാരണവശാലും അങ്ങനെയൊരു സംഭവം നടക്കില്ല. നടന്നാല്‍ പലരും ഇന്ന് കാണുന്ന രൂപത്തില്‍ ഉണ്ടാവില്ല. അത് വേറൊരു കാര്യം. ഒരിക്കല്‍ സുധാകരന് ഒരു പാവം വിദ്യാര്‍ഥിയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ തല്ലി. കുമാരന്, നാട്ടുകാരനാണ്. തളിപ്പറമ്പിനടുത്താണ്. അടി കഴിഞ്ഞപ്പോള്‍ ഉടന്‍ തന്നെ പുള്ളി ഓടി രക്ഷപ്പെട്ട് എവിടെയോ ഒളിച്ചു. കാരണം തിരിച്ചു കിട്ടുമെന്ന് അറിയാം. നാല് ബ്ലോക്കുകളാണ് അന്ന് കോളേജിലുള്ളത്. എനിക്കും അസീസിനുമാണ് സുധാകരനെ കിട്ടിയത്. ഞങ്ങള്‍ രണ്ട് കൈയും രണ്ട് സൈഡില്‍ നിന്ന് പിടിച്ചു. ഷര്‍ട്ടൂരി കൈകളും പിന്നിലേക്ക് കെട്ടി. കണ്ടപ്പോള്‍ തന്നെ അയാള്‍ പറഞ്ഞു, എന്നെ തല്ലരുത് എന്ത് വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. വേണമെങ്കില്‍ ഞങ്ങളെ രണ്ടു പേരെയും തല്ലാനുള്ള ആരോഗ്യം സുധാകരനുണ്ട്. പക്ഷെ ആദ്യത്തെ വാക്ക് ഉപദ്രവിക്കരുത്, തല്ലരുത് എന്നായിരുന്നു. തല്ലില്ലെന്ന് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. എന്നിട്ട് പിടിച്ച് താഴത്തെ നിലയിലേക്ക് കൊണ്ടുവന്നു. പിന്നെ റോഡിലേക്ക് കൊണ്ടുപോയി. അവിടെ ആള്ക്കാര് കൂടി നില്‍ക്കുകയാണ്. അവര്‍ തല്ലെടാ കൊല്ലെടാ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ അന്നൊന്നും ആയുധങ്ങളൊന്നും കുട്ടികള്‍ എടുക്കില്ല, അങ്ങനെയൊന്നും ചെയ്യില്ല. റോഡില്‍ വച്ച് കുമാരന്റെ കാലില്‍ വീണ് പരസ്യമായി മാപ്പ് പറഞ്ഞു സുധാകരന്. എന്നിട്ട് ഒരു തരി മണ്ണ് പോലും ദേഹത്ത് പറ്റാതെ സുധാകരന് പോയി. ഇതാണ് സുധാകരന്റെ വീരപരാക്രമം.”
”പിണറായി വിജയന്റെ ആജ്ഞശക്തി വളരെ പ്രധാനമാണ്. അതിന്റെ ഒരു അനുഭവം ഞാന്‍ പറയാം. പ്രിന്‍സിപ്പള്‍ ഓഫീസിന് സമീപത്ത് ഒരു കൂട്ടം കെഎസ്യുകാര് നില്ക്കുന്നു. അതില്‍ പ്രധാനി മിസ്റ്റര്‍ ബ്രണ്ണനായിരുന്ന രാധാകൃഷ്ണനാണ്. പിണറായി വിജയന് നടന്ന് പോകുമ്പോള്‍ ഇവര്‍ ബ്ലോക്ക് ചെയ്തു. ഞാന്‍ കുറച്ച് അകലെയുണ്ട്. ഇത് കണ്ടിട്ട് കൗതുകത്തോടെ നോക്കി നില്‍ക്കുകയാണ്. പിന്നെ കാണുന്നത് പിണറായി രാധാകൃഷ്ണന്റെ നെഞ്ചത്ത് കൈ വച്ചിട്ട് വളരെ സാവകാശത്തില്‍ പറയുന്നു, നിന്റെ ശരീരം നല്ല ഒന്നാന്തരം ശരീരമാണ്. അത് കളയേണ്ട. ഇത് പോയാല്‍ ഒരു കുഴപ്പവുമില്ല. എന്ന് പറഞ്ഞ് തിരിഞ്ഞ് പോയി. ഒന്നും സംഭവിച്ചില്ല. അവര്‍ അഞ്ചാറ് പേരുണ്ട്. നല്ല തടിയന്മാര്. ഇതൊന്നും സുധാകരന് സാധിക്കില്ല. ഇതൊക്കെ നേരിട്ട് കണ്ട കാര്യങ്ങളാണ്. എന്നിട്ടാണ് സുധാകരനൊക്കെ വീരസം പറഞ്ഞ് നടക്കുന്നത്.” കെവി കുഞ്ഞികൃഷ്ണന് പറഞ്ഞു.
ബ്രണ്ണന്‍ കോളേജ് പഠനക്കാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ പരാമര്‍ശം പച്ചക്കള്ളമാണെന്ന് ആവര്‍ത്തിച്ച് മറ്റൊരു സഹപാഠിയും രംഗത്തെത്തി. പിണറായി വിജയന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന കെ നാണുവാണ് സുധാകരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍ വച്ച് പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ ഗേറ്റിന് പുറത്തു കടക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നത് തനിക്ക് ഉറപ്പാണെന്നും കെഎസ്എഫിന്റെ പ്രവര്‍ത്തകരെ ആരെങ്കിലും ആക്രമിച്ചാല്‍ അത് നാട്ടുകാര്‍ ഏറ്റെടുക്കുന്ന രീതിയായിരുന്നെന്നും കെ നാണു പറഞ്ഞു.
കെ നാണു പറഞ്ഞത്: ”കെ സുധാകരന് പറയുന്നത് പച്ചക്കള്ളമാണ്. ബ്രണ്ണന്‍ കോളേജില്‍ വച്ച് പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ കോളേജ് ഗേറ്റിന് പുറത്തു കടക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് എനിക്ക് ഉറപ്പാണ്. കെഎസ്എഫിന് അക്കാലത്ത് അംഗബലം കുറവായിരുന്നു. എങ്കിലും വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്നു. കെഎസ്എഫിന്റെ പ്രവര്‍ത്തകരെ ആരെങ്കിലും ആക്രമിച്ചാല്‍ അത് നാട്ടുകാര്‍ ഏറ്റെടുക്കുമായിരുന്നു. ബീഡി, നെയ്ത്തു തൊഴിലാളികള്‍ ഏറെയുള്ള ധര്‍മ്മടം, പിണറായി പ്രദേശങ്ങള്‍ അന്നും പാര്‍ട്ടി ഗ്രാമങ്ങളായിരുന്നു. കെഎസ്എഫിന്റെ കുട്ടികളെ തൊട്ടാല്‍ അവര്‍ ഏറ്റെടുക്കും. കെഎസ്.യുക്കാര്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ തന്നെ രക്ഷിതാക്കള്‍ പാര്‍ട്ടി ഓഫീസിലെത്തി ഒത്തുതീര്‍ക്കുന്നതായിരുന്നു പതിവ്.”
”1963 മുതല്‍ 67 വരെയാണ് ഞങ്ങളും ബ്രണ്ണനില്‍ പഠിച്ചിരുന്നത്. ഒന്നിച്ചാണ് കോളേജില്‍ പോയിരുന്നത്. കോളേജിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും പിണറായി വിജയന് എന്നോട് പങ്കുവയ്ക്കുമായിരുന്നു. അതുകൊണ്ട് തന്നെ സുധാകരന് പറഞ്ഞത് പോലെയുള്ള സംഭവമുണ്ടെങ്കില്‍ ഞാന്‍ ഉറപ്പായും അറിയുമായിരുന്നു. എന്നോട് വിജയന് ഒന്നും മറച്ചുവയ്ക്കില്ല. അന്നും അക്രമത്തിനൊന്നും പോകാത്ത വ്യക്തിയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി പ്രശ്നങ്ങളില്‍ സജീവമായി ഇടപെടും.”-നാണു പറഞ്ഞു.
ബ്രണ്ണന്‍ കോളേജ് കാലഘട്ടത്തിലുണ്ടായ സംഘര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടിയെന്നായിരുന്നു കെ. സുധാകരന് മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ നല്കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. കെ സുധാകരന് പറഞ്ഞത്: ”തര്‍ക്കത്തിനിടെ ബാലന് ഉള്‍പ്പെടെയുള്ള എല്ലാവരെയും കെഎസ്യുക്കാര് അടിച്ചോടിച്ചു. പരീക്ഷയെഴുതുകയായിരുന്ന പിണറായി വിജയന് അതറിഞ്ഞ് പരീക്ഷാ ഹാളില്‍ നിന്നു സമര സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. നീല ഷര്‍ട്ടും മഞ്ഞ മുണ്ടുമായിരുന്നു അന്ന് പിണറായിയുടെ വേഷം. എസ്എഫ്ഐക്കാരെയും കൂട്ടി പിണറായി രണ്ടാം നിലയിലേക്ക് കോണിപ്പടി കയറിവന്ന് എന്നോട് ചോദിച്ചു. നീയെന്താ ധാരാസിങ്ങോ? കലയാലങ്ങളില് കെഎസ്യുവിന്റെ പടയോട്ടക്കാലം. കോണിപ്പോടിക്ക് ഇരുവശത്തു നിന്ന പ്രവര്‍ത്തകര്‍ ആര്‍പ്പു വിളിച്ചപ്പോള്‍ എനിക്ക് ആവേശമായി. ഞാനാകട്ടെ കളരി പഠിക്കുന്ന സമയം. വേറൊന്നും ആലോചിച്ചില്ല. പിണറായിയെ ഒറ്റച്ചവിട്ട്. വീണുപോയ പിണറായിയെ പിള്ളേര് വളഞ്ഞിട്ട് തല്ലി. പൊലീസ് വണ്ടി വന്നാണ് പിണറായിയെ എടുത്തോണ്ട് പോയത്.”