മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ജൂലൈ 1 മുതല്‍; കോളേജ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് വാക്സിന് നല്കിയ ശേഷം
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്സിനേഷന് ലഭ്യമായതിനാലാണ് അവരുടെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്നു തന്നെ വാക്സിന് നല്കി കോളേജുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. സ്കൂള്‍ അധ്യാപകരുടെ വാക്സിനേഷനും മുന്‍ഗണന നല്കി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പറഞ്ഞത്: ”വാക്സിന് വിതരണത്തിനാവശ്യമായ നടപടികള്‍ കൂടുതല്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കോവാക്സിന് പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവര്‍ക്ക് അതു നല്കാന് കഴിയും. കുട്ടികളുടെ […]
22 Jun 2021 8:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്സിനേഷന് ലഭ്യമായതിനാലാണ് അവരുടെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്നു തന്നെ വാക്സിന് നല്കി കോളേജുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. സ്കൂള്‍ അധ്യാപകരുടെ വാക്സിനേഷനും മുന്‍ഗണന നല്കി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പറഞ്ഞത്: ”വാക്സിന് വിതരണത്തിനാവശ്യമായ നടപടികള്‍ കൂടുതല്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കോവാക്സിന് പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവര്‍ക്ക് അതു നല്കാന് കഴിയും. കുട്ടികളുടെ വാക്സിന് ഏതാനും മാസങ്ങള്‍ക്കകം ലഭ്യമായിത്തുടങ്ങും എന്നാണ് വാര്‍ത്തകള്‍ ഉള്ളത്. ലഭ്യമാകുന്ന മുറക്ക് കാലതാമസമില്ലാതെ നമ്മള് അതും വിതരണം ചെയ്യും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്സിനേഷന് ലഭ്യമായതിനാലാണ് അവരുടെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്നു തന്നെ വാക്സിന് നല്കി കോളേജുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. 18 വയസ്സുമുതല്‍ 23 വരെയുള്ള വിഭാഗത്തിന് പ്രത്യേക കാറ്റഗറിയാക്കി വാക്സിനേഷന് നല്‍കും. അവര്‍ക്കുള്ള രണ്ടാം ഡോസും കൃത്യസമയത്തു നല്കിയാല് നല്ല അന്തരീക്ഷത്തില്‍ കോളേജുകള്‍ തുറക്കാനാവും. സ്കൂള്‍ അധ്യാപകരുടെ വാക്സിനേഷനും മുന്‍ഗണന നല്കി പൂര്‍ത്തിയാക്കും.”
”സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. ഏറ്റവും ഉയര്‍ന്ന നിരക്ക് തൃശൂര്‍ ജില്ലയിലാണ്. 12.6 ശതമാനമാണ് അവിടത്തെ ടിപിആര്‍. 7.8 ശതമാനമുള്ള കണ്ണൂരാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂരിനു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയാണ്. ബാക്കി 7 ജില്ലകളിലും 10 മുതല്‍ 12.6 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്. വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആ കുറവിന്റെ വേഗം പ്രതീക്ഷിച്ച നിലയിലല്ല. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ്. 339 ഇടത്ത് മെച്ചപ്പെടുകയും 91 ഇടത്ത് മോശമാവുകയും ചെയ്തു.”
”ആശ്വസിക്കാവുന്ന സ്ഥിതിവിശേഷം എത്തണമെങ്കില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5ന് താഴെ എത്തിക്കാന്‍ സാധിക്കണം.കര്‍ശനമായ ജാഗ്രത തുടര്‍ന്നേ പറ്റൂ. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അക്കാര്യത്തില്‍ ആവശ്യമാണ്. മാസ്കുകള്‍ ധരിക്കുന്നതും ശരീര ദൂരം പാലിക്കുന്നതുമൊക്കെ ഇനിയും കൃത്യമായി പാലിക്കണം. അത്തരത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചു മുന്നോട്ടു പോയാല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ സാധിക്കും. വീണ്ടും ലോക്ഡൗണ്‍ ഉണ്ടാകുന്നത് ഒഴിവാക്കാനും കഴിയും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടു കൂടി വാക്സിന് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാത്തവരുടെ വാക്സിന് രജിസ്ട്രേഷന് ചെയ്തു വരുന്നുണ്ട്. രോഗപ്രതിരോധത്തിനാവശ്യമായ ശക്തമായ നടപടികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ തുടരുന്നുണ്ട്.”