‘പിന്നോക്ക വിഭാഗക്കാരെ തഴയാന്‍ പ്രത്യേക ലോബി’; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അധികാര സ്ഥാനങ്ങളില്‍ എത്താന്‍ ഇടയുള്ള ജാതീയമായി പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ മനഃപൂര്‍വം ഒഴിവാക്കി എന്ന് ആരോപിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന് രംഗത്തെത്തി. വികെ ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗത്തെ തഴയുന്നത് എന്നും സുമേഷ് അച്യുതന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി കോണ്‍ഗ്രസില്‍ നാലു തവണ മത്സരിച്ചവര്‍ക്കും മുസ്ലിം ലീഗില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്കും വീണ്ടും […]
18 Nov 2020 11:18 PM GMT
അക്ഷയ ദാമോദരന്‍

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അധികാര സ്ഥാനങ്ങളില്‍ എത്താന്‍ ഇടയുള്ള ജാതീയമായി പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ മനഃപൂര്‍വം ഒഴിവാക്കി എന്ന് ആരോപിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന് രംഗത്തെത്തി. വികെ ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗത്തെ തഴയുന്നത് എന്നും സുമേഷ് അച്യുതന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി കോണ്‍ഗ്രസില്‍ നാലു തവണ മത്സരിച്ചവര്‍ക്കും മുസ്ലിം ലീഗില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്കും വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കേണ്ടതില്ല എന്നാണ് പാലക്കാട് ജില്ലാ യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഈ തീരുമാനം ചിലര്‍ക്ക് മാത്രമാണ് ബാധകമാകുന്നത് എന്ന് ആരോപിച്ചാണ് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന് രംഗത്ത് എത്തിയിരിക്കുന്നത്.
അധികാര കേന്ദ്രങ്ങളില്‍ എത്താന്‍ സാധ്യതയുള്ള പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ മനഃപൂര്‍വം തഴയുകയാണെന്ന് സുമേഷ് അച്യുതന് ആരോപിച്ചു. നിലവില്‍ പുറത്തുവിട്ട ലിസ്റ്റില്‍ നാലും അഞ്ചും തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. പിന്നോക്ക വിഭാഗക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ പ്രത്യേക ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ വികെ ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലാണ് ഈ മാറ്റി നിര്‍ത്തല്‍ നടക്കുന്നത് എന്നും എം പി യുടെ ജാതി പേര് എടുത്തു പറഞ്ഞു കൊണ്ടു ഡിസിസി വൈസ് പ്രസിഡന്റ് ആരോപണം ഉന്നയിച്ചു
നാലു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ട എന്നത് കെപിസിസി യുടെ നിര്‍ദേശം അല്ല. വീണ്ടും മത്സരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. നിലവിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും റിബല്‍ ആയി മത്സരിച്ചവരും വരെ ഉള്‍പെട്ടിട്ടുണ്ടെന്നും സുമേഷ് അച്യുതന് വിമര്‍ശനം ഉന്നയിച്ചു.
അതേ സമയം ഡിസിസി വൈസ് പ്രസിഡന്റിന്റെ ആരോപണങ്ങളെ പൂര്‍ണമായും തള്ളി കൊണ്ടു ഡിസിസി പ്രസിഡണ്ട് കൂടിയായ വി കെ ശ്രീകണ്ഠന് എംപി രംഗത്തെത്തി. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് വികെ ശ്രീകണ്ഠന് അവകാശപ്പെടുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന നിമിഷങ്ങളിലും പലയിടങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ അന്തിമ തീരുമാനം ആകാതിരിക്കെയാണ് നേതൃതലത്തിലുള്ള വ്യക്തി തന്നെ ജില്ലാ ഘടകത്തിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്