
കോഴിക്കോട് നാദാപുരത്തെ ചെക്യാട് പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റി യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് കയ്യാങ്കളി. പാറക്കടവിലെ ലീഗ് ഹൗസില്‍ ഇന്നലെ രാത്രി വിളിച്ചുചേര്‍ത്ത യോഗം ചേരിപ്പോരിനെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാകാതെ പിരിഞ്ഞു. ചെക്യാട്ട് ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് യോഗം നിര്‍ത്തിവെച്ചത്.
പാറക്കടവ് ടൗണില്‍ ലീഗ് ഓഫീസില്‍ തെരഞ്ഞെടുക്കപ്പെട്ട ലീഗ് പ്രതിനിധികള്‍ക്കുള്ള സ്വീകരണം സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം യോഗം ചേരുന്നതിനിടയിലായിരുന്നു സംഘര്‍ഷം. യോഗത്തിനിടയിലേക്ക് ഒരു വിഭാഗമാളുകള്‍ ഇരച്ചുകയറിവരുകയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുകയായിരുന്നു. ഒരു വിഭാഗമാളുകള്‍ ലീഗ് ഹൗസ് പൂട്ടി.
ഒരു വിഭാഗം പ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം നടന്നതെന്ന്് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിവിധ ഭാഗങ്ങളായി ചേരിതിരിഞ്ഞാണ് ലീഗ് മത്സരത്തിനിറഞ്ഞിയിരുന്നത്. ഇതേത്തുടര്‍ന്ന് ഔദ്യോഗിക വിഭാഗത്തിന് മൂന്ന് വാര്‍ഡുകള്‍ നഷ്ടമായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ രാത്രിയില്‍ ലീഗ് ഹൗസിനുമുന്നില്‍ തടിച്ചുകൂടി. മണിക്കൂറുകളോളം മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ച പ്രവര്‍ത്തകരെ വളയം എസ്ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നീക്കുകയായിരുന്നു.