ബിജെപി നേതാക്കളുമായി ചേര്‍ന്ന് വോട്ടുതിരിമറിയെന്ന് ആരോപണം; സികെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശന് മൊറാഴ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
27 May 2021 5:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപി നേതാക്കളുമായി ചേര്‍ന്ന് സാമ്പത്തിക ഇടപാടുകളും വോട്ടുതിരിമറിയും നടത്തിയെന്നാരോപിച്ച് സികെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെന്ഷന്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശന് മൊറാഴ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് ജാനുവിനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനുപുറമേയാണ് ആറ് മാസത്തെ സസ്പെന്ഷന്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതൃത്വം വേണ്ടത്ര പണം നല്‍കിയില്ലെന്ന് ജാനു ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് ജാനു തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.
ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മനപ്പൂര്‍വ്വം വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചുകൊണ്ട് ജാനു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനാധിപത്യ രാഷ്ട്രീയ സഭയുടെ രണ്ട് നേതാക്കളെ ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ട് അപമാനിച്ചെന്ന ഗുരുതരമായ ആരോപണവും ജാനു ഉയര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിജെപിയെ സംബന്ധിച്ച് ദളിത് വിരുദ്ധര്‍ എന്ന ലേബല്‍ ഊട്ടിയുറപ്പിക്കുന്നതാണ് ഈ സംഭവമെന്നും ജാനു പരാതിയില്പ്പറഞ്ഞെന്നായിരുന്നു വിവരം.
- TAGS:
- BJP Kerala
- CK Janu