Top

സി.കെ ജാനുവിന് കോടികള്‍ നൽകാമെന്ന സുരേന്ദ്രന്റെ ഉറപ്പ് ദേശീയ നേതൃത്വത്തിന്റെ അറിവോടെ?

തെരഞ്ഞെടുപ്പിന് നൽകിയ ഫണ്ട് കെ. സുരേന്ദ്രൻ സ്വന്തം മേൽനോട്ടത്തിൽ ചിലവഴിച്ചുവെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള ചിലരുടെ ആരോപണങ്ങൾ.

2 Jun 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സി.കെ ജാനുവിന് കോടികള്‍ നൽകാമെന്ന സുരേന്ദ്രന്റെ ഉറപ്പ് ദേശീയ നേതൃത്വത്തിന്റെ അറിവോടെ?
X

തിരുവനന്തപുരം: സി.കെ ജാനുവിന് കോടികൾ നൽകാമെന്ന് കെ. സുരേന്ദ്രൻ ഉറപ്പുനൽകിയത് ബിജെപി നേതൃത്വത്തിന്റെ അറിവുണ്ടായിരുന്നോയെന്നത് സംബന്ധിച്ച് ചർച്ചകൾ മുറുകുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതൃത്വം നൽകിയ കോടികൾ സംസ്ഥാനത്തെ ചില നേതാക്കൾ ചേർന്ന് ധൂർത്തടിച്ചതായി ആരോപണം നിലനിൽക്കെയാണ് പുതിയ ചർച്ചകൾ. സികെ ജാനുവിന് പണം നൽകാമെന്ന് കെ. സുരേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ വിഷയത്തിൽ ഔദ്യോ​ഗിക കേന്ദ്രങ്ങളിൽ നിന്നുള്ള സ്ഥിരീകരണവുമില്ല.

ഹെലികോപ്റ്റർ പ്രചരണം മുതൽ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോൽവി വരെയുണ്ടാക്കിയ കോലാഹലങ്ങൾ ബിജെപി കേരളാ ഘടകത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. കൊടകര കുഴൽപ്പണ കേസിൽ കൂടുതൽ നേതാക്കൾ കുടുങ്ങുമെന്നും അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് നൽകിയ ഫണ്ട് കെ. സുരേന്ദ്രൻ സ്വന്തം മേൽനോട്ടത്തിൽ ചിലവഴിച്ചുവെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള ചിലരുടെ ആരോപണങ്ങൾ. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പിന്തള്ളി ദേശീയ നേതൃത്വത്തെ കൈപ്പിടിയിലൊതുക്കാൻ സുരേന്ദ്രന് തെരഞ്ഞെടുപ്പിന് മുൻപ് സാധിച്ചിരുന്നതായും ഇതാണ് പണം നേരിട്ട് അദ്ദേ​ഹ​ത്തിന്റെ കൈകളിലേക്ക് എത്താൻ കാരണമെന്നും അഭ്യൂഹങ്ങളിൽ പറയുന്നു.

കൊടകര കുഴൽപ്പണ കേസ് ഉൾപ്പെടെ സമീപകാലത്ത് ബിജെപിക്കെതിരായി ഉയർന്നുവന്ന പരാതികൾ സുരേന്ദ്രന്റെ നേതൃ ഭരണത്തിനെതിരായ വിമർശനമായി ഉപയോ​ഗിക്കപ്പെടാൻ സാധ്യതയുണ്ട്. പാലാക്കാട് നടത്തിയ മുന്നേറ്റ മാറ്റിനിർത്തിയാൽ സംസ്ഥാനത്ത് വലിയ പരാജയമേറ്റു വാങ്ങിയ ഉത്തരവാദിത്വം കൂടി സുരേന്ദ്രന്റെ തലയിലേക്ക് വരും. പാർട്ടിയിൽ നിന്ന് വിമത നീക്കങ്ങൾക്കും സാധ്യതയുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ സുരേന്ദ്രൻ മാറി നിൽക്കുമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

സികെ ജാനു 10 കോടിയാണ് ആവശ്യപ്പെട്ടത്. പിന്നീട് താൽക്കാലിക ആവശ്യങ്ങൾക്കായി 10 ലക്ഷം രൂപയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സികെ ജാനു താമസിച്ച ഹോട്ടലിലാണ് പണം കൈമാറിയതെന്നും പ്രസീത അഴീക്കോട് നേരത്തെ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കെ സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തി പണം മാറിയതാണെന്ന് പ്രസീത പറയുന്നു.

സികെ ജാനുവിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പത്ത് ലക്ഷം രൂപ ചോദിച്ചത്. സികെ ജാനുവിനെ കൂടി കൂടെ നിർത്തണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം പാർട്ടി പരിഗണിക്കുകയായിരുന്നു. സികെ ജാനു നേരിട്ടാണ് 10 കോടി കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. ഇത് തങ്ങളറിഞ്ഞിരുന്നില്ല. ആ ചർച്ച പൂർണമാവാതെ പിരിഞ്ഞു.

പിന്നീട് താൽക്കാലിക ആവശ്യങ്ങൾക്കായി 10 ലക്ഷം ആവശ്യപ്പെട്ടു. പാർട്ടിക്കായി അഞ്ച് നിയമസഭാ സീറ്റും ആവശ്യപ്പെട്ടു. സികെ ജാനുവിന് നിരവധി സംഘടനകളുമായി കൂട്ടുകച്ചവടമുണ്ട്. അത്തരം ആവശ്യങ്ങൾക്കാണ് പണം ആവശ്യപ്പെട്ടതെന്നാണ് തങ്ങൾക്ക് മനസ്സിലായതെന്നും പ്രസീത പറയുന്നു.

ശബ്ദ സന്ദേശത്തിന്റെ പൂർണരൂപം-

ഞാൻ ഇന്നലെ സാറിനോട് ഒരു കാര്യം പറഞ്ഞായിരുന്നു. ചേച്ചി ഇന്നലെ പത്ത് കോടി എന്നൊക്കെ പറഞ്ഞത് ആൾക്കാർക്ക് ഉൾകൊൾക്കൊള്ളാൻ കഴിയാത്തതെന്നൊക്കെ അറിയാം. കാര്യങ്ങൾ തുറന്ന് പറയാം. ഞങ്ങൾ വരുന്ന വഴിയിൽ അത് ചർച്ച ചെയ്തിരുന്നു. ആദ്യം അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പിടിവാശിയൊക്കെ കാണിച്ചു. അവസാനം പറഞ്ഞത് സിപി ഐഎമ്മിൽ ഉണ്ടായിരുന്ന സമയത്ത് ആരോടൊക്കയോ കുറച്ച് പൈസ ഒക്കെ വാങ്ങിയെന്നാണ് പറയുന്നത്. അത് തിരിച്ചുകൊടുക്കാതെ എൻഡിഎയുടെ ഭാഗമായി വന്നാൽ അവർ പ്രശ്‌നം ഉണ്ടാക്കും. പത്ത് ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. അതിൽ നമുക്ക് റോൾ ഒന്നുമില്ല. അത് അവർക്ക് കൊടുക്കുകയാണെങ്കിൽ ഏഴാം തിയ്യതി അമിത്ഷായുടെ മീറ്റിംഗ് തുടങ്ങുന്ന ദിവസം മുതൽ സജീവമായി രംഗത്തുണ്ടാവും. പിന്നെ ബത്തേരി സീറ്റും. മറ്റ് സീറ്റൊന്നും വേണ്ട. ചുമതലകൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. പൈസ എങ്ങനെയാണ് കൊടുക്കുന്നത് എന്നത് നിങ്ങൾ ഡീൽ ചെയ്യ്. നമ്മുടെ ചില പ്രശ്‌നങ്ങളും ഉണ്ട്. നമുക്കും എന്തെങ്കിലും പൈസ തരണം. ഏഴാം തിയ്യതിക്ക് മുന്നേ കൊടുക്കുകയാണെങ്കിൽ അതാണ് നല്ലത്. ആറാം തിയ്യതി പത്രസമ്മേളനം വിളിക്കാം.

ശബ്ദ സന്ദേശത്തിൽ ആറാം തിയ്യതി മുഴുവൻ പണവും നൽകാമെന്നും തിരുവനന്തപുരത്ത് എത്താനുമാണ് സുരേന്ദ്രൻ ആവശ്യപ്പെടുന്നത്. തങ്ങൾ തിരുവനന്തപുരത്ത് ഉണ്ടാവുമെന്നും സുരേന്ദ്രൻ പറയുന്നു.

Next Story