Top

‘ജീവനക്കാര്‍ ശമ്പള പരിഷ്‌കരണമില്ലാതിരുന്നപ്പോഴും എതിര്‍ക്കാത്തവര്‍’; എംഡി ഉത്തരവാദിത്തം കാണിക്കണം, പരമര്‍ശം തിരുത്തണമെന്ന് സിഐടിയു

തിരുവനന്തപുരം: ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെതിരെ സിപിഐഎം എംപിയും സിഐടിയു നേതാവുമായ എളമരം കരീം. ബിജു പ്രഭാകറിന്റെ പരാമര്‍ശങ്ങള്‍ ഒട്ടും ശരിയായില്ല. എംഡി ഉത്തരവാദിത്തത്തോടെ പെരുമാറണം. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്നും എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു. ‘തൊഴിലാളികള്‍ തെറ്റ് ചെയ്‌തെങ്കില്‍ നിയമാനുസൃതമായി നടപടി സ്വീകരിക്കണം. നോട്ടീസ് കൊടുത്ത് തെറ്റുണ്ടെന്ന് തെളിയിച്ച് നടപടി സ്വീകരിക്കണം. അത് ചെയ്യേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ്. ഓഫീസര്‍മാരുടെ ഭാഗത്തുനിന്നായാലും തൊഴിലാളികളുടെ ഭാഗത്തുനിന്നായാലും മോഷണം നടക്കുന്നുണ്ടെങ്കില്‍ അത് തടയേണ്ടത് […]

16 Jan 2021 5:23 AM GMT

‘ജീവനക്കാര്‍ ശമ്പള പരിഷ്‌കരണമില്ലാതിരുന്നപ്പോഴും എതിര്‍ക്കാത്തവര്‍’; എംഡി ഉത്തരവാദിത്തം കാണിക്കണം, പരമര്‍ശം തിരുത്തണമെന്ന് സിഐടിയു
X

തിരുവനന്തപുരം: ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെതിരെ സിപിഐഎം എംപിയും സിഐടിയു നേതാവുമായ എളമരം കരീം. ബിജു പ്രഭാകറിന്റെ പരാമര്‍ശങ്ങള്‍ ഒട്ടും ശരിയായില്ല. എംഡി ഉത്തരവാദിത്തത്തോടെ പെരുമാറണം. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്നും എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു.

‘തൊഴിലാളികള്‍ തെറ്റ് ചെയ്‌തെങ്കില്‍ നിയമാനുസൃതമായി നടപടി സ്വീകരിക്കണം. നോട്ടീസ് കൊടുത്ത് തെറ്റുണ്ടെന്ന് തെളിയിച്ച് നടപടി സ്വീകരിക്കണം. അത് ചെയ്യേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ്. ഓഫീസര്‍മാരുടെ ഭാഗത്തുനിന്നായാലും തൊഴിലാളികളുടെ ഭാഗത്തുനിന്നായാലും മോഷണം നടക്കുന്നുണ്ടെങ്കില്‍ അത് തടയേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ്. അതിന് പകരം ഒരു പുകമറയുണ്ടാക്കി ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതാക്കുന്നത് ശരിയല്ല’, എളമരം കരീം പറഞ്ഞു.

എംഡി നടത്തിയത് അനുചിതമായ പരാമര്‍ശമാണ്. അത് തിരുത്താന്‍ അദ്ദേഹം തയ്യാറാവണം. പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിയിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ജീവനക്കാരാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ റെഫറന്‍ഡം നടക്കുന്ന സമയത്ത് 37,000 ജീവനക്കാരുണ്ടായിരുന്നു. ഈ റഫറണ്‍ഡം നടക്കുമ്പോള്‍ വോട്ടവകാശമുള്ള സ്ഥിരം ജീവനക്കാരുടെ എണ്ണം 26,000 ആയി കുറഞ്ഞു. ആരെങ്കിലും അധ്വാന ഭാരം വര്‍ധിച്ചു, അതുകൊണ്ട് കോര്‍പറേഷനില്‍ എന്തെങ്കിലും ഡിമാന്‍ഡ് വെച്ച് എണ്ണം കുറഞ്ഞ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടോ മറ്റോ എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടാക്കിയോ? എല്ലാ പരിഷ്‌കരണ നടപടികളോടും ജീവനക്കാര്‍ സഹകരിക്കുകയാണുണ്ടായത്. സമ്പള പരിഷ്‌കരണം ഇല്ലാതിരുന്നിട്ടുപോലും ഒരു അപശബ്ദവും അവര്‍ ഉണ്ടാക്കിയിട്ടില്ല. പണിമുടക്ക് നടത്തിയിട്ടില്ല. ഇങ്ങനെയൊക്കെ മുന്നോട്ടുപോകുന്ന ജീവനക്കാരുടെ സഹകരണം ഇല്ലാതാക്കുന്ന ഒരു പ്രസ്താവന മാനേജിങ് ഡയറക്ടര്‍ നടത്താന്‍ പാടില്ല. അദ്ദേഹം ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം. എന്നാല്‍, കൃത്യവിലോപം കാണിക്കുകയോ മോഷണം നടത്തുന്നവരോ ഉണ്ട് എന്ന് കണ്ടുപിടിച്ചാല്‍ നടപടി സ്വീകരിക്കണം. നടപടിക്ക് എതിരായിട്ട് അല്ല ഇപ്പോള്‍ സമരം’, എളമരം കരീം പറഞ്ഞു.

തൊഴിലാളികള്‍ തെറ്റ് ചെയ്താല്‍ വാര്‍ത്താ സമ്മേളനം നടത്തി പറയുകയല്ല അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. ആര് ചെയ്തു എന്ന് വ്യക്തമാക്കിയിട്ട് അച്ചടക്ക നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസിയും രംഗത്തെത്തിയിട്ടുണ്ട്. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ എംഡിയുടെ ഓഫീസിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തി. തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഐഎന്‍ടിയുസി ആഹ്വാനം ചെയ്തിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജു പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. ജീവനക്കാര്‍ നിരവധി തട്ടിപ്പ് നടത്തി കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും എംഡി ആരോപിച്ചു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണ്. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയതെന്നെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധനം നടത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ വണ്ടികള്‍ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും പറഞ്ഞു.

ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയത്. വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാര്‍ മറ്റു പല ജോലികളിലും ഏര്‍പ്പെടുകയാണ്. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലര്‍ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നു. വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നുമായിരുന്നു ബിജു പ്രഭാകര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

Next Story

Popular Stories