Top

‘നോളജബിള്‍ സിനിഫൈല്‍സില്‍ ആ മലപ്പുറംകാരനും പെടും’; തരൂരിന്റെ തിരുവനന്തപുരം വാദം പ്രാദേശിക എലൈറ്റിസമെന്ന് സിപിസി

ഐഎഫ്എഫ്‌കെ വേദിമാറ്റ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സിനിമാസ്വാദകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബ്. തിരുവനന്തപുരം മാത്രമാണ് സിനിമ നഗരമെന്നു പറയുന്ന പ്രാദേശിക വാദത്തിനും അതിലുപരി ശശി തരൂരിന്റെ ട്വീറ്റിലെ എലൈറ്റിസത്തിനുമെതിരെ ശക്തമായ വിയോജിപ്പാണുള്ളതെന്ന് സിപിസി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അമ്പത് വയസ് പ്രായമുള്ള മലപ്പുറംകാരനായ ഡെലഗേറ്റിനെ ചലച്ചിത്ര മേളയില്‍ വെച്ച് കണ്ടതിനേക്കുറിച്ചുള്ള നിതിന്‍ പുത്തന്‍വീട്ടില്‍ എന്ന സിനിമാസ്വാദകന്റെ അനുഭവക്കുറിപ്പാണ് സിപിസി ഷെയര്‍ ചെയ്തിരിക്കുന്നത്. വേദിയൊരുക്കുക മാത്രമാണ് തിരുവനന്തപുരം ചെയ്യുന്നത്. സിനിമ ആസ്വാധിക്കാന്‍ വേണ്ടി ഐഎഫ്എഫ്‌കെക്ക് […]

3 Jan 2021 7:22 AM GMT

‘നോളജബിള്‍ സിനിഫൈല്‍സില്‍ ആ  മലപ്പുറംകാരനും പെടും’; തരൂരിന്റെ തിരുവനന്തപുരം വാദം പ്രാദേശിക എലൈറ്റിസമെന്ന് സിപിസി
X

ഐഎഫ്എഫ്‌കെ വേദിമാറ്റ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സിനിമാസ്വാദകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബ്. തിരുവനന്തപുരം മാത്രമാണ് സിനിമ നഗരമെന്നു പറയുന്ന പ്രാദേശിക വാദത്തിനും അതിലുപരി ശശി തരൂരിന്റെ ട്വീറ്റിലെ എലൈറ്റിസത്തിനുമെതിരെ ശക്തമായ വിയോജിപ്പാണുള്ളതെന്ന് സിപിസി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അമ്പത് വയസ് പ്രായമുള്ള മലപ്പുറംകാരനായ ഡെലഗേറ്റിനെ ചലച്ചിത്ര മേളയില്‍ വെച്ച് കണ്ടതിനേക്കുറിച്ചുള്ള നിതിന്‍ പുത്തന്‍വീട്ടില്‍ എന്ന സിനിമാസ്വാദകന്റെ അനുഭവക്കുറിപ്പാണ് സിപിസി ഷെയര്‍ ചെയ്തിരിക്കുന്നത്.

വേദിയൊരുക്കുക മാത്രമാണ് തിരുവനന്തപുരം ചെയ്യുന്നത്. സിനിമ ആസ്വാധിക്കാന്‍ വേണ്ടി ഐഎഫ്എഫ്‌കെക്ക് വരുന്ന പ്രേക്ഷകന് വേദിയൊരു പ്രശ്‌നമാണോ? തിരുവനന്തപുരത്തായാലും കൊച്ചിയായാലും, കാസര്‍ക്കോട് ആയാലും, അല്ല ഇനി ഓണ്‍ലൈനായിട്ടാണ് നടത്തുന്നത് എങ്കിലും ഒരു സിനിമാപ്രേമിക്ക് അത് ഒരുപോലെ ആവണം എന്നാണ് എന്റെ അഭിപ്രായം. കാരണം വേദിയല്ല, സിനിമയാണ് ഇവിടെ പ്രധാനം.

നിതിന്‍ പുത്തന്‍വീട്ടില്‍

എവിടെ നടക്കുന്നു എന്നതില്‍ അല്ല ഈ കോവിഡ് കാലത്ത്, നിയന്ത്രങ്ങള്‍ക്ക് വിധേയമായി ആണെങ്കില്‍ പോലും, ഐഎഫ്എഫ്‌കെ നടത്തപ്പെടുന്നുണ്ടോ എന്നതില്‍ ആണ് കാര്യം. ഇങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് മാത്രമല്ലേ ഈ കെട്ടകാലത്തെ കടന്നും ‘സിനിമ’ അതിജീവിക്കുന്നുണ്ട് എന്നു ഉറപ്പു വരുത്താന്‍ പറ്റു

ഐഎഫ്എഫ്‌കെക്ക് സ്ഥിരമായി ഒരു വേദി ഉണ്ടാവണം, എന്നാല്‍ മാത്രമേ എഫ്‌ഐഎംപിഎഫ് അംഗീകാരം ഉണ്ടാവു എന്നു അറിയാത്തത് കൊണ്ടല്ല ഈ പോസ്റ്റ്. ഐഎഫ്എഫ്‌കെയുടെ സ്ഥിരമായ വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റി മധ്യകേരളത്തില്‍ എവിടെ എങ്കിലും ആക്കണം എന്നു പറയാനുമല്ല ഈ പോസ്റ്റ്.തിരുവനന്തപുരം മാത്രമാണ് സിനിമ നഗരമെന്നു പറയുന്ന പ്രാദേശിക വാദത്തിനും അതിലുപരി താഴെ കൊടുത്ത ട്വീറ്റില്‍ കാണുന്ന പോലുള്ള എലീറ്റിസത്തിനും എതിരെ ശക്തമായ വിയോജിപ്പാണെന്നും സിനിമാസ്വാദകന്‍ പ്രതികരിച്ചു.

കുറിപ്പ് പൂര്‍ണരൂപം

കഴിഞ്ഞ രണ്ടു വർഷമായി ലീവെടുത്തു #IFFK ക്ക് പോവുന്ന ആളാണ് ഞാൻ. ഇനിയും എന്റെ സാഹചര്യം സമ്മതിക്കുന്ന കാലത്തോളം IFFKയിൽ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം.കോവിഡ് കാരണം ഇത്തവണ IFFK നാല് നഗരങ്ങളിൽ ആയി നടത്തുമെന്ന വാർത്ത വന്നത് മുതൽ കേൾക്കുന്നതാണ്, തിരുവനന്തപുരം മാത്രമാണ് “സിനിമ നഗരമെന്ന” തരത്തിൽ ഉള്ള പ്രഹസനങ്ങൾ.ശ്രീ ശശി തരൂർ എംപി ഇന്നലെ ഇട്ട ട്വീറ്റിൽ തിരുവനന്തപുരത്തുള്ളർ എന്തോ “Population of knowledgeable cinephiles” (വിവരമുള്ള ചലച്ചിത്രപ്രേമികളായ ജനത!!) ആണെന്നും അതുകൊണ്ടാണ് IFFK അവിടെ നടത്തുന്നത് എന്നും പറഞ്ഞു കണ്ടു.കഴിഞ്ഞ വർഷത്തെ IFFK യിൽ ടാഗോർ തിയേറ്ററിൽ നിന്ന് ഫ്രഞ്ച് ചിത്രം “കമീലെ” കണ്ടിറങ്ങി, അടുത്തായി കൃപയിലേക്ക് “കെഞ്ചിറ” കാണാൻ പോവാൻ വേണ്ടി ബൈക്കുമെടുത്ത് ഇറങ്ങുമ്പോൾ ആണ് ഗെയിറ്റിന് ഇടതു വശത്തു നിന്ന് ഒരാൾ കൈ കാണിക്കുന്നത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മധ്യവയസ്‌കൻ. ഒരു നീല കള്ളി ഷർട്ടും ലുങ്കിയും ആണ് വേഷം. കഴുത്തിൽ ഇട്ട IFFK ടാഗ് ഇല്ലായിരുന്നെങ്കിൽ “ഡെലിഗേറ്റ്” ആണെന്ന് പോലും എനിക്ക് മനസ്സിലാവില്ലായിരുന്നു. അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കാൻ താൽപര്യമില്ലാത്ത ഞാൻ അപ്പോൾ തന്നെ ആളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി. വണ്ടി നിർത്താൻ ഉദേശമില്ലെന്നു മനസ്സിലാക്കിയിട്ടു ആവണം “കൃപയിലേക്ക് ആണോ?” എന്നു അയാൾ വിളിച്ചു ചോദിച്ചു. എന്തോ പെട്ടെന്നെനിക്ക് ബൈക്ക് നിർത്താൻ തോന്നി. ഒന്നും പറയാതെ ഓടിവന്നയാൾ ബൈക്കിന്റെ പുറകിൽ കയറി.തിരുവനന്തപുരത്തെ ഈവനിങ് ട്രാഫിക്കിലൂടെ ഞാൻ ബൈക്ക് ഓടിച്ചു. പുറകിൽ ഇരുന്ന മനുഷ്യൻ എന്നോട് ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു. മുഴുവൻ സംസാരവും സിനിമയെ പറ്റി തന്നെ. അതുവരെ കണ്ടിഷ്ടപെട്ട ഓരോ സിനിമകളെ കുറിച്ചും അയാൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. “You will die at 20” ഒരുപാട് ഇഷ്ടമായെന്നു അയാൾ പറഞ്ഞപ്പോൾ ഞാൻ അയാളോട് ദൈവ വിശ്വാസി ആണോ എന്ന് ചോദിച്ചു. എന്റെ ആ ചോദ്യം ഇഷ്ടപ്പെട്ട പോലെ, ഒന്നു ചിരിച്ചുകൊണ്ട് അതേ എന്നയാൾ മറുപടി പറഞ്ഞു.ബൈക്കിന് മുന്നിൽ വെച്ച ഫോണിലെക്ക് ഞാൻ ഇടക്കിടെ നോക്കുന്നത് കണ്ടിട്ടാവണം റൂട്ട് മാപ്പ് നോക്കണ്ട, വഴി അയാൾ പറഞ്ഞു തരാം എന്ന് പറഞ്ഞു.മലപ്പുറത്ത് ആണ് വീട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. ഏകദേശം 10 വർഷത്തിന് മുകളിൽ ആയി അയാൾ IFFK ക്ക് വരുന്നുണ്ട്. ഇടക്കെപ്പോളോ ഒന്നു ഗൾഫിൽ പോയ സമയത്ത് മാത്രമാണ് അയാൾക്ക് ഫിലിം ഫെസ്റ്റിവൽ നഷ്ടമായിട്ടുള്ളത്. മൂത്ത മകൾക്കും സിനിമ നല്ല ഇഷ്ടമാണെന്നും ഒരു തവണ മക്കളെയുംകൊണ്ടു ഫെസ്റ്റിവലിന് വരണമെന്ന ആഗ്രഹവും അയാൾ പങ്കു വെച്ചു.നാട്ടിൽ എന്തോ ഷോപ്പ് നടത്തുന്ന ആളാണ്. ഷോപ്പ് അടച്ചിട്ടിട്ടാണ് തോന്നുന്നു IFFK ക്ക് വന്നിട്ടുള്ളത്.സിനിമയിൽ ഏതു ഡിപ്പാർട്ട്‌മെന്റ് ആണ് താല്പര്യം എന്നു അയാൾ ചോദിച്ചപ്പോൾ. “തിരക്കഥയും, സംവിധാനവും” ആണെന്ന് ഞാൻ പറഞ്ഞു.ഷോർട്ട് ഫിലിം വല്ലതും ചെയ്തിട്ടുണ്ടോ എന്ന അയാളുടെ ചോദ്യത്തിന് ഇല്ലെന്ന് ആയിരുന്നു എന്റെ മറുപടി.ഈ ഒരു പ്രായത്തിലെ അതൊക്കെ ചെയ്യാൻ പറ്റുള്ളൂ എന്നും അവസരം പാഴാക്കി കളയരുത് എന്നും അയാൾ എന്നോട് പറഞ്ഞു.ആ വിളർത്ത മുഖത്തിൽ നിന്ന് സിനിമ സ്വപ്നം കണ്ടു നടന്ന ഒരു ഭൂതകാലം എനിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു.സാഹചര്യങ്ങളോ ഭാഗ്യക്കേടോ സിനിമയിൽ എത്തിപ്പെടാൻ അയാൾക്ക് പറ്റിക്കാണില്ല. പക്ഷെ സിനിമയോടുള്ള ആ ഒരു അടങ്ങാത്ത അഭിനിവേശം ഇന്നും നിലനിൽക്കുന്നത്കൊണ്ടാവണം വർഷത്തിൽ ഒരിക്കൽ ഒരു ദേശാടനം പോലെ അയാൾ തിരുവനന്തപുരത്തേക്ക് എത്തുന്നത്.പറഞ്ഞു വരുന്നത്, തിരുവനന്തപുരത്തിന്റെ സ്വന്തം “Passionate population of knowledgeable cinephiles” മാത്രമല്ല അനന്തപുരിയെ “സിനിമാപുരി” ആക്കുന്നത് എന്നാണ്. അതിൽ എനിക്ക് പേരു ഓര്മയില്ലാത്ത ഈ മലപ്പുറംകാരനും ഉൾപ്പെടും.സിനിമ ആഘോഷമാക്കാൻ വേണ്ടി മാത്രം വരുന്ന അന്യജില്ലക്കാർ മുതൽ തമിഴ്നാട്ടുകാരും വിദേശിയരും വരെ ഉൾപെടും.ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പങ്കെടുക്കുന്നവർ മുതൽ വർഷങ്ങളായി ഇവിടെ എത്തുന്നവർ വരെ ഉണ്ടാവും ആ കൂട്ടത്തിൽ. ഭാഷക്കും ദേശത്തിനും അതീതമായി ഒരു കൂട്ടം മനുഷ്യരെ സിനിമയെന്ന വികാരം ഒരുമിപ്പിക്കുന്ന കാഴ്ചയാണ് ഓരോ IFFKയും നമുക്ക് സമ്മാനിക്കുന്നത്. അതിനൊരു വേദിയൊരുക്കുക മാത്രമാണ് തിരുവനന്തപുരം ചെയ്യുന്നത്. സിനിമ ആസ്വാധിക്കാൻ വേണ്ടി IFFK ക്ക് വരുന്ന പ്രേക്ഷകന് വേദിയൊരു പ്രശ്നമാണോ? തിരുവനന്തപുരത്തായാലും കൊച്ചിയായാലും, കാസർക്കോട് ആയാലും, അല്ല ഇനി ഓൺലൈനായിട്ടാണ് നടത്തുന്നത് എങ്കിലും ഒരു സിനിമാപ്രേമിക്ക് അത് ഒരുപോലെ ആവണം എന്നാണ് എന്റെ അഭിപ്രായം. കാരണം വേദിയല്ല, സിനിമയാണ് ഇവിടെ പ്രധാനം. എവിടെ നടക്കുന്നു എന്നതിൽ അല്ല ഈ കോവിഡ് കാലത്ത്, നിയന്ത്രങ്ങൾക്ക് വിധേയമായി ആണെങ്കിൽ പോലും, IFFK നടത്തപ്പെടുന്നുണ്ടോ എന്നതിൽ ആണ് കാര്യം.ഇങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് മാത്രമല്ലേ ഈ കെട്ടകാലത്തെ കടന്നും “സിനിമ” അതിജീവിക്കുന്നുണ്ട് എന്നു ഉറപ്പു വരുത്താൻ പറ്റു?NB : IFFK ക്ക് സ്ഥിരമായി ഒരു വേദി ഉണ്ടാവണം, എന്നാൽ മാത്രമേ FIAPF അംഗീകാരം ഉണ്ടാവു എന്നു അറിയാത്തത് കൊണ്ടല്ല ഈ പോസ്റ്റ്.IFFKയുടെ സ്ഥിരമായ വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റി മധ്യകേരളത്തിൽ എവിടെ എങ്കിലും ആക്കണം എന്നു പറയാനുമല്ല ഈ പോസ്റ്റ്.തിരുവനന്തപുരം മാത്രമാണ് സിനിമ നഗരമെന്നു പറയുന്ന പ്രാദേശിക വാദത്തിനും അതിലുപരി താഴെ കൊടുത്ത ട്വീറ്റിൽ കാണുന്ന പോലുള്ള എലീറ്റിസത്തിനും എതിരെ ശക്തമായ വിയോജിപ്പ്.

Next Story