‘സരിതയുടെ സാരിത്തുമ്പ് എന്ന് പറഞ്ഞപ്പോഴേക്കും സിഐ വട്ടമിട്ട് പിടിച്ചു’; മുഖ്യമന്ത്രിയെ കാണാനെത്തി അറസ്റ്റിലായ കെപിസിസി അംഗം
മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്നം പറയാന്‍ പോയ തന്നെ യാതൊരു കാരണവും കൂടാതെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് കെപിസിസി നിര്‍വ്വാഹക സമിതിയംഗം സി പി മാത്യു. ഇടുക്കിയിലെ തോട്ടങ്ങള്‍ പൂട്ടിക്കിടക്കുന്നതിനേക്കുറിച്ചും പെട്ടിമുടി ദുരിതബാധിതരേക്കുറിച്ചും മുഖ്യമന്ത്രിയോട് സംസാരിക്കാനാണ് പോയത്. ഉദ്യോഗസ്ഥരോട് വാക്കാല്‍ അനുവാദം വാങ്ങിയിരുന്നു. ഹാളിലിരുന്നപ്പോള്‍ വന്നതിന്റെ ഉദ്ദേശം അവിടെയുണ്ടായിരുന്ന സിപിഐഎം നേതാവിനോടും പറഞ്ഞു. നേതാവ് പുറത്തുപോയതിന് പിന്നാലെ അകത്ത് കയറി വന്ന ഉദ്യോഗസ്ഥന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. അവിടെ വച്ച് സംസാരിക്കുന്നതിനിടെ സി ഐ സുധി […]

മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്നം പറയാന്‍ പോയ തന്നെ യാതൊരു കാരണവും കൂടാതെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് കെപിസിസി നിര്‍വ്വാഹക സമിതിയംഗം സി പി മാത്യു. ഇടുക്കിയിലെ തോട്ടങ്ങള്‍ പൂട്ടിക്കിടക്കുന്നതിനേക്കുറിച്ചും പെട്ടിമുടി ദുരിതബാധിതരേക്കുറിച്ചും മുഖ്യമന്ത്രിയോട് സംസാരിക്കാനാണ് പോയത്. ഉദ്യോഗസ്ഥരോട് വാക്കാല്‍ അനുവാദം വാങ്ങിയിരുന്നു. ഹാളിലിരുന്നപ്പോള്‍ വന്നതിന്റെ ഉദ്ദേശം അവിടെയുണ്ടായിരുന്ന സിപിഐഎം നേതാവിനോടും പറഞ്ഞു. നേതാവ് പുറത്തുപോയതിന് പിന്നാലെ അകത്ത് കയറി വന്ന ഉദ്യോഗസ്ഥന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. അവിടെ വച്ച് സംസാരിക്കുന്നതിനിടെ സി ഐ സുധി എം മനോഹര്‍ പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘സരിതയുടെ സാരിത്തുമ്പില്‍’ എന്ന് പറഞ്ഞപ്പോഴേക്കും സിഐ എന്നെ കയറി വട്ടമിട്ട് പിടിച്ചു. അകത്ത് മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൊടുക്കാന്‍ കൂളായി ഇരുന്ന എന്നെ പുറത്തിറക്കി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
സി പി മാത്യു
മുരിക്കാശ്ശേരിയില്‍ നിന്ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കാനെത്തിയ കര്ഷകന് സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണത്തിലായെന്നും സിപി മാത്യു ആരോപിച്ചു.
സി പി മാത്യു പറഞ്ഞത്
ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. ചെരിപ്പുപോയി. അത് കിട്ടിയില്ല. മദര്‍ തെരേസാമ്മയെ കാണാന്‍ പോയപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്ന് വാങ്ങിയതാണ്. അന്നേരം അവിടെ വെച്ച് പറഞ്ഞിരുന്നു. ചെരുപ്പെടുക്കാന്‍ നേരം സിഐ സമ്മതിച്ചില്ല. മൊബൈല്‍ വണ്ടിക്ക് അകത്തായതുകൊണ്ട് രക്ഷപ്പെട്ടു.
കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് തൊടുപുഴയില്‍ വരുന്നു എന്നറിഞ്ഞ് അദ്ദേഹത്തെ കണ്ട് ജില്ലയിലെ ചില ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാമെന്ന് കരുതിയാണ് മാടപ്പറമ്പ് റിസോര്‍ട്ടില്‍ എത്തിയത്. രാവിലെ അവിടെ കയറിപോകുന്നതിന് മുമ്പ് അകത്ത് വഴിയില്‍ കണ്ട ഉദ്യോഗസ്ഥന്മാര് പലരോടും ചോദിച്ചു. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പറ്റുമോ അകത്ത് കയറാന്‍ പറ്റുമോ എന്ന്. ഇല്ല ഒരു പ്രശ്നവുമില്ല, ആര്‍ക്കും കയറാം എന്നാണ് പറഞ്ഞത്. അവിടെ ചായ കുടിച്ചുകൊണ്ടിരുന്ന പത്ര സുഹൃത്തുക്കളോടും ചോദിച്ചു. ആര്‍ക്കും കയറാമെന്ന് അവരും പറഞ്ഞു. അത് കഴിഞ്ഞാണ് ഞാന്‍ അകത്തേക്ക് കയറുന്നത്. റിസോര്‍ട്ടിന്റെ ലോഞ്ചില്‍ ഉദ്യോഗസ്ഥന്മാരാണെന്ന് തോന്നുന്നു മൂന്ന് പേര് സിവില്‍ ഡ്രസില്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവരോടും ചോദിച്ചു. കുഴപ്പമില്ല, എല്ലാവരും സംസാരിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു.
ഹാളില്‍ പുറകില്‍ നിന്ന് നാലാമത്തെ നിരയില്‍ കസേര ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ കസേരയില്‍ ഇരുന്നു. മത്തായി സഖാവിനെ കണ്ടപ്പോള്‍ കൈ കാട്ടി വിളിച്ച് ചോദിച്ചു. ‘അതിനെന്താ സിപി, സംസാരിക്കാന്‍ പ്രശ്നമൊന്നുമില്ല’ എന്ന് മത്തായി സഖാവ് പറഞ്ഞു. ‘ഞങ്ങളെ കുഴപ്പത്തിലാക്കുമോ’ എന്ന് ചോദിച്ചപ്പോള്‍ ‘അങ്ങനൊന്നുമില്ല, പീരുമേട്ടിലെ ചില തോട്ടങ്ങളൊക്കെ പൂട്ടി കിടക്കുകയല്ലേ. അതിന്റെ പ്രശ്നങ്ങളൊക്കെ പറയാനാണ് എന്ന് പറഞ്ഞു’. പ്രശ്നമില്ല എന്ന് പറഞ്ഞ് മത്തായി സഖാവ് പുറത്തുപോയി. മത്തായി പറഞ്ഞിട്ടാണോ എന്നറിയില്ല. ഏഴ് മിനുറ്റ് കഴിഞ്ഞപ്പോള്‍ സിവില്‍ ഡ്രസ് ധരിച്ച ഒരാള്‍ വന്ന് സിഐ അന്വേഷിക്കുന്നു എന്ന് പറഞ്ഞു. എന്താ കാര്യമെന്ന് ചോദിച്ചു. അറിയില്ലെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ചാനലുകാരും പത്ര സുഹൃത്തുക്കളും ഇങ്ങനെ റെഡിയായി നിക്കുവാണ്. അപ്പോള്‍ എനിക്ക് സംതിങ്ങ് റോങ്ങ് എന്ന് മനസില്‍ തോന്നി. എന്നെ വിളിച്ചുകൊണ്ടുപോയ ആളോട് സിഐ എവിടെ എന്ന് ചോദിച്ചു. സിഐ ജീപ്പിന്റെ പുറകിലാണ്, അങ്ങേയറ്റത്താണ് എന്ന് പറഞ്ഞു. ഉടനെ അങ്ങോട്ട് ചെല്ലണമെന്നും. സിഐയെ കാണാന്‍ എനിക്ക് സമയമില്ല. ഞാന്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നതാണ്. അകത്തെ ഹാളില്‍ ഇരുന്നതാണ് ഞാനെന്ന് പറഞ്ഞു.
സിഐ വന്നു. വന്നയുടനെ എന്റെ കോളറില്‍ പിടിച്ച് ഒന്ന് തള്ളി. അങ്ങനെയിരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. മത്തായി സഖാവ് എന്റെ അടുത്തേക്ക് വന്നു. ‘ഇതെന്താ തൊടുപുഴയിലെ പ്രശ്നങ്ങളൊന്നും ചോദിക്കാന്‍ പാടില്ലേ’ എന്ന് ഞാന്‍ ചിരിച്ചുകൊണ്ട് മത്തായിയോട് ചോദിച്ചു. സിപി അത് കുഴപ്പമില്ല എന്ന് മറുപടി. കുറച്ചുകഴിഞ്ഞപ്പോള്‍ സിഐ അങ്ങോട് മാറിനിന്ന് സംസാരിക്കാമെന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും ഞാന്‍ രഹസ്യമായി പറയാന്‍ വന്നതല്ലെന്നും മുഖ്യമന്ത്രിയെ കണ്ട് ജില്ലയിലെ ചില പ്രശ്നങ്ങള്‍ പറയാനാണെന്നും മറുപടി നല്കി. അപ്പോഴേക്കും പത്രസുഹൃത്തുക്കള്‍ ചുറ്റും ഒരു വലയം സൃഷ്ടിച്ചു. അതുകൊണ്ടാണ് പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റാതെ പോയത്. നിങ്ങള്‍ വലയം സൃഷ്ടിച്ചതുകൊണ്ട്. അതിന് നന്ദി പറയുന്നു. മത്തായി സഖാവിനെ പിന്നെ കാണുന്നില്ല. ഞാന്‍ പറഞ്ഞു ’20 വര്‍ഷമായി പീരുമേടിലെ തോട്ടങ്ങള്‍ പൂട്ടിക്കിടക്കുകയാണ്, പെട്ടിമുടി ദുരന്തത്തില്‍ പെട്ടവര്‍ക്ക് അഞ്ച് ലക്ഷം നല്കിയപ്പോള് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പെട്ടവര്‍ക്ക് 10 ലക്ഷമാണ് നല്‍കിയത്, പെട്ടിമുടി ദുരിത ബാധിതര്‍ക്ക് സഹായം കൂട്ടി നല്‍കണം, ലയത്തിലെ തോട്ടം തൊഴിലാളികള്‍ കഞ്ഞികുടിച്ച് കഴിയുന്നത് സര്‍ക്കാര്‍ കൊടുക്കുന്ന കിറ്റ് കൊണ്ടാണെന്നായിരുന്നു എന്റെ മൂന്നാമത്തെ വാചകം.’ ഇവിടെ നിന്ന് കൂടുതല്‍ പറയാന്‍ പറ്റില്ല എന്ന് സിഐ പറഞ്ഞു. കൂടുതല്‍ പറയേണ്ടിവരുമെന്ന് ഞാനും.
ജനങ്ങളുടെ പ്രശ്നം പറയാന്‍ വേണ്ടി മാത്രമാണ് അവിടെ പോയത്. കല്ലാര്‍ പീച്ചാണ്ടിക്കവലയിലെ മൂന്നരയേക്കര് തോട്ടം മാത്രമുള്ള കര്‍ഷകന്റെ ഏലത്തോട്ടം ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര് വെട്ടി നശിപ്പിച്ച് സംഹാര താണ്ഡവമാടി. ഇതടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയെ ബോധിക്കാനാണ് ചെന്നത്. ഇത്രയും പറഞ്ഞ് ‘സരിതയുടെ സാരിത്തുമ്പില്‍’ എന്ന് പറഞ്ഞപ്പോഴേക്കും സിഐ എന്നെ കയറി വട്ടമിട്ട് പിടിച്ചു. സുധി എം മനോഹര്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നിങ്ങള്‍ക്ക് പരിചയമുണ്ടോ എന്നെനിക്ക് അറിയില്ല. ആയി സജി എന്ന ക്രിമിനലിന്റെ പെങ്ങളുടെ മകനാണ്. സരിതയുടെ സാരിത്തുമ്പ് എന്ന് പറയുന്നതും കയറിപ്പിടിക്കുന്നതും ഒപ്പമാണ്. സരിതയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. എന്നെ എടുത്ത് വണ്ടിയിലേക്ക് കൊണ്ടുപോയി. ചെരുപ്പ് അടക്കം താഴെപോയി. അത് കഴിഞ്ഞ് അറസ്റ്റ് ചെയ്തു. പ്രവന്‍ഷന്‍ അറസ്റ്റാണെന്ന് പറഞ്ഞു. അകത്ത് മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൊടുക്കാന്‍ കൂളായി ഇരുന്ന എന്നെ പുറത്തിറക്കി ബലം പ്രയോഗിച്ച് സ്റ്റേഷനില്‍ കൊണ്ടുവന്ന ശേഷം പറയുകയാണ്, പ്രവന്‍ഷന്‍ അറസ്റ്റ് എന്ന്. ഞാന്‍ എന്റെ എല്‍എല്‍ബി കഴിഞ്ഞതാണ്. പ്രവന്‍ഷന്‍ എന്നതിന്റെ അര്‍ഥമെന്താണ്.
മുരിക്കാശ്ശേരിയില്‍ നിന്നുള്ള ദേവസിച്ചേട്ടന് മുഖ്യമന്ത്രിയെ കാണാന്‍ വേണ്ടി വന്നു. ഇന്നലെ ഏഴരയ്ക്ക് തൊടുപുഴയിലെ ലോഡ്ജില്‍ മുറിയെടുത്തു. രാവിലെ നാലരയ്ക്ക് സ്പെഷ്യല്‍ ബ്രാഞ്ചിലെ പൊലീസുകാരെത്തി. അപ്പോള്‍ മുതല്‍ ദേവസിച്ചേട്ടന്റെ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചായ കുടിക്കാന്‍ പോകുമ്പോള്‍ പൊലീസ് കൂടെ. രണ്ട് ഇഡ്ഡലി കഴിക്കാന്‍ പോകുമ്പോള്‍ പൊലീസ് കൂടെ. അദ്ദേഹം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയാന്‍ വന്നതാണ്.