Top

സഭാതര്‍ക്കം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നാളെ; ഇരുവിഭാഗങ്ങളും നിലപാടില്‍ ഉറച്ചുനിന്നേക്കും

നാളത്തെ ചർച്ചയിലും നിലപാടുകളിൽ ഉറച്ച് നിൽക്കുമെന്നാണ് ഇരുവിഭാഗവും വ്യക്തമാക്കുന്നത്. ഒന്നിച്ചിരുന്നുള്ള ചർച്ചയിലും സമവായം ഉണ്ടായില്ലെങ്കിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

4 Oct 2020 6:44 AM GMT

സഭാതര്‍ക്കം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നാളെ; ഇരുവിഭാഗങ്ങളും നിലപാടില്‍ ഉറച്ചുനിന്നേക്കും
X

മലങ്കരസഭയിലെ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രണ്ടാം ഘട്ട ചർച്ച നാളെ നടക്കും. ഇരു സഭാ പ്രതിനിധികളെയും ഒരുമിച്ചിരുത്തിയാണ് ചർച്ച. ഇരുവിഭാഗവും നിലപാടുകളിൽ ഉറച്ച് നിൽക്കാനാണ് സാധ്യത.

മലങ്കര സഭയിലെ അധികാരത്തർക്കം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് സമവായത്തിനുള്ള സർക്കാർ ശ്രമങ്ങൾ. കഴിഞ്ഞ മാസം 21 ന് നടന്ന പ്രാഥമിക ഘട്ട ചർച്ചയിൽ സമവായം ഉണ്ടായിരുന്നില്ല. ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങളുമായി വെവ്വേറെയാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്. ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വിഫലമായത്. പള്ളികൾ കൈമാറുന്നത് വിശ്വാസികൾക്കിടയിലെ ഹിത പരിശോധനയിലൂടെ ആകണമെന്നും ഇതിനായി നിയമനിർമാണം നടത്തണമെന്നും ആയിരുന്നു യാക്കോബായ വിഭാഗത്തിന്റെ നിലപാട്.

എന്നാൽ സുപ്രീം കോടതി വിധി മറികടക്കുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്ന് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കി. തുടർ ചർച്ചകൾക്ക് സന്നദ്ധമാണെന്നും ഒന്നിച്ചുള്ള ചർച്ചയാകാമെന്നും ഇരു വിഭാഗവും മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സംയുക്ത യോഗം വിളിച്ചത്. സുപ്രീം കോടതി വിധിയെ തുടർന്ന് വിവിധയിടങ്ങളിൽ പള്ളിയേറ്റെടുത്തത് ക്രമസമാധാന പ്രശ്നത്തിലേക്ക് വളർന്നത് സർക്കാരിന് വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നാളത്തെ ചർച്ചയിലും നിലപാടുകളിൽ ഉറച്ച് നിൽക്കുമെന്നാണ് ഇരുവിഭാഗവും വ്യക്തമാക്കുന്നത്. ഒന്നിച്ചിരുന്നുള്ള ചർച്ചയിലും സമവായം ഉണ്ടായില്ലെങ്കിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

Next Story