ചിയാനും മകൻ ധ്രുവും ഒന്നിക്കുന്നു; കാർത്തിക്ക് സുബ്ബരാജിന്റെ ‘ചിയാൻ 60’

തമിഴ് സൂപ്പർതാരം ചിയാൻ വിക്രമും മകൻ ധ്രുവും ‘ചിയാൻ 60’നായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സംവിധായകൻ കാർത്തിക്ക് സുബ്ബരാജാണ് ‘ചിയാൻ 60’ ഒരുക്കുന്നത്. ചിത്രം അടുത്ത ഫെബ്രുവരിയിൽ ആരംഭിക്കും.

വിക്രം ആദ്യമായി മകൻ ധ്രുവുമായി ഒന്നിക്കുന്ന ചിത്രമായിരിക്കും ‘ചിയാൻ 60’. ആക്ഷന് രം​ഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തെക്കുറിച്ച് പ്രതീക്ഷകൾ വളരെ കൂടുതലാണ്. കഴിഞ്ഞ മാസം പ്രത്യേക പോസ്റ്ററുമായി ‘ചിയാൻ 60’ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും.

സംവിധായകൻ അജയ് ജ്ഞാനമുത്തുവിനൊപ്പം ‘കോബ്ര’ എന്ന ചിത്രമാണ് വിക്രം ഇപ്പോൾ ചെയ്യുന്നത്. കൊവിഡ് മൂലം കോബ്രയുടെ ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ജനുവരിയിൽ ചിത്രം അവസാനിപ്പിച്ച് ഫെബ്രുവരിയിൽ ‘ചിയാൻ 60’ ഷൂട്ടിംഗിലേക്ക് ജോയിൻ ചെയ്യും.

മണിരത്നത്തിന്റെ ചരിത്ര സിനിമയായ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്റെയും ഭാ​ഗമാണ് വിക്രം. കൊവിഡ് കാരണം ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

Latest News