എല്‍ജെപി പ്രതിസന്ധി കലങ്ങി മറിയുന്നു; ചിരാഗിന്റെ ബന്ധുവായ വിമത എംപിക്കെതിരെ ലൈംഗികാരോപണം
ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് പ്രിന്‍സ് തനിക്ക് മദ്യം തന്ന് മയക്കിയതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
17 Jun 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാര്‍ട്ടിയിലെ പൊട്ടിത്തെറിക്ക് പിന്നാലെ എല്‍ജെപി എംപിക്കെതിരെ ലൈംഗിക പീഢന പരാതിയും. ചിരാഗ് പസ്വാന്റെ ബന്ധുവും വിമത എംപിയുമായ പ്രിന്‍സ് രാജ് പസ്വാനെതിരെയാണ് ഡല്‍ഹിക്കാരിയായ ഒരു യുവതി പീഡന പരാതി നല്‍കിയിരിക്കുന്നത്. ചിരാഗ് പസ്വാനെ അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കുന്നതിലും മുന്കൈയെടുത്തിരുന്നയാളാണ് പ്രിന്‍സ് രാജ് പസ്വാന്. ചിരാഗ് പസ്വാന്റെ അച്ഛനും എല്‍ജെപി സ്ഥാപകനുമായ രാം വിലാസ് പസ്വാന്റെ സഹോദരന്റെ മകനാണ് പ്രിന്‍സ് രാജ്.
ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് പ്രിന്‍സ് തനിക്ക് മദ്യം തന്ന് മയക്കിയതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പൊലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
ലോക്ജനശക്തി അധ്യക്ഷ സ്ഥാനത്തു നിന്ന് വിമതവിഭാഗം തന്നെ നീക്കിയതിന് തൊട്ടുപിന്നാലെ ചിരാഗ് പസ്വാന് അഞ്ച് വിമത എം പിമാരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പശുപതി കുമാര്‍ പരസ് ഉള്‍പ്പടെ അഞ്ച് വിമത എം പിമാരേയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ചിരാഗ് അറിയിക്കുകയായിരുന്നു.
അതേസമയം പശുപതികുമാര്‍ പരസിനെ ലോക്ജനശക്തി അധ്യക്ഷനായി ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു. ബിഹാര്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ലോക്ജനശക്തിയില് പ്രതിസന്ധി ഉടലെടുക്കുന്നത്. നിധീഷ് കുമാറിന് പിന്തുണ നല്കാന് ചിരാഗ് വിസമ്മതിച്ചതാണ് പരസിനേയും വിമതരേയും ചൊടിപ്പിച്ചത്. പരസ് നിധീഷിന്റെ അടുത്തയാളായാണ് അറിയപ്പെടുന്നത്.
- TAGS:
- Chirag Paswan
- LJP
- LJP crisis