Top

ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

ഒരു യാക്കിനെ കണ്ടെത്താന്‍ ഇടയന്മാരെ സഹായിക്കുന്നതിനിടയില്‍ വഴിതെറ്റി ഇന്ത്യന്‍ പ്രദേശത്ത് എത്തിപ്പെട്ടതായാണ് സൈനികന്‍ പറഞ്ഞതെന്നാണ് വിവരം.

20 Oct 2020 9:42 PM GMT

ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ   ചൈനയ്ക്ക് കൈമാറി
X

അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്ന് സൈന്യം പിടികൂടിയ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി. ഇന്നലെ രാത്രിയാണ് ഇയാളെ തിരിച്ചയച്ചത്. ചുഷുല്‍ മോള്‍ഡോ മീറ്റിങ് പോയിന്റില്‍വെച്ചാണ് കൈമാറ്റം നടന്നത്.

നിരവധി ഇന്ത്യന്‍ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന്‌ശേഷമാണ് ഇയാളെ വിട്ടയച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണോ, ചാരപ്രവൃത്തിയ്‌ക്കെത്തിയതാണോ എന്നീ കാര്യങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിച്ചത്. ചുമാര്‍- ഡെംചോക്ക് മേഖലയില്‍ നിന്ന് തിങ്കളാഴ്ച്ചയാണ് സൈന്യം ഇയാളെ പിടികൂടിയത്. പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെ സൈനികനെ കൈമാറുമെന്ന് ഇന്ത്യ തിങ്കളാഴ്ച്ചതന്നെ ചൈനയെ അറിയിച്ചിരുന്നു.

ഇയാള്‍ക്ക് ആവശ്യമായ വൈദ്യസഹായവും ഓക്‌സിജന്‍ സഹായവും ആവശ്യമായ വസ്ത്രവും ഭക്ഷണവും ഇന്ത്യന്‍ സൈന്യം നല്‍കിയിരുന്നു. ഒരു യാക്കിനെ കണ്ടെത്താന്‍ ഇടയന്മാരെ സഹായിക്കുന്നതിനിടയില്‍ വഴിതെറ്റി ഇന്ത്യന്‍ പ്രദേശത്ത് എത്തിപ്പെട്ടതായാണ് സൈനികന്‍ പറഞ്ഞതെന്നാണ് വിവരം.

ഇയാള്‍ ഒറ്റയ്ക്ക് തന്നെയാണ് അതിര്‍ത്തി കടന്നതെന്നും കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കരസേന വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സൈനികനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ചൈന ഇന്ത്യന്‍ സൈന്യത്തെ സമീപിച്ചിരുന്നു.

Next Story

Popular Stories