Top

സിന്‍ജിയാങ്ങിലെ തടങ്കല്‍പാളയങ്ങള്‍ ചൈന അടച്ചുപൂട്ടണം; യുഎന്‍ പൊതുസഭയില്‍ 39 രാജ്യങ്ങള്‍

അമേരിക്ക അടക്കമുള്ള 39 രാജ്യങ്ങളാണ് ചൈനക്കെതിരെ രംഗത്തെത്തിയത്. മുസ്ലിം പള്ളികളും ആരാധനാ കേന്ദ്രങ്ങളും തകര്‍ക്കുന്നത് ചൈന അവസാനിപ്പിക്കണമെന്നും ബലം പ്രയോഗിച്ച് തൊഴിലെടുപ്പിക്കുന്നതും ജനസംഖ്യ നിയന്ത്രിക്കുന്നതും നിര്‍ത്തണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

6 Oct 2020 11:10 PM GMT

സിന്‍ജിയാങ്ങിലെ തടങ്കല്‍പാളയങ്ങള്‍ ചൈന അടച്ചുപൂട്ടണം; യുഎന്‍ പൊതുസഭയില്‍ 39 രാജ്യങ്ങള്‍
X

സിന്‍ജിയാങ്ങിലെ തടങ്കല്‍പാളയങ്ങള്‍ ചൈന അടച്ചുപൂട്ടണമെന്ന ആവശ്യവുമായി അമേരിക്ക അടക്കമുള്ള 39 രാജ്യങ്ങള്‍ രംഗത്ത്. യുഎന്‍ പൊതുസഭയിലെ മൂന്നാം സമിതിയിലെ രാജ്യങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അമേരിക്ക അടക്കമുള്ള 39 രാജ്യങ്ങളാണ് ചൈനക്കെതിരെ രംഗത്തെത്തിയത്. മുസ്ലിം പള്ളികളും ആരാധനാ കേന്ദ്രങ്ങളും തകര്‍ക്കുന്നത് ചൈന അവസാനിപ്പിക്കണമെന്നും ബലം പ്രയോഗിച്ച് തൊഴിലെടുപ്പിക്കുന്നതും ജനസംഖ്യ നിയന്ത്രിക്കുന്നതും നിര്‍ത്തണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയിലെ ജര്‍മന്‍ നയതന്ത്ര പ്രതിനിധി ക്രിസ്റ്റോഫ് ഹ്യൂസ്‌ഗെനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വരാനിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമേരിക്കയുടെ നീക്കമെന്നാണ് സൂചന.

സിന്‍ജിയാങ് ജനസംഖ്യയുടെ 45 ശതമാനം വീഗര്‍ വിഭാഗം സാംസ്‌കാരികവും മതപരവും സാമ്പത്തികവുമായ വിവേചനം നേരിടുകയാണ്. മുസ്ലിം ജനസംഖ്യയില്‍ ഏഴു ശതമാനത്തോളം രാഷ്ട്രീയ പുനര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ തടങ്കലിലാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍ വീഗര്‍ മുസ്ലിം അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി തടങ്കല്‍ പാളയങ്ങളിലോ ജയിലുകളിലോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണര്‍ അടക്കമുള്ള നിരീക്ഷകര്‍ക്ക് സിന്‍ജിയാങ്ങിലേക്ക് എത്രയും പെട്ടെന്ന് പ്രവേശനാനുമതി നല്‍കണമെന്നും രാജ്യങ്ങള്‍ ചൈനയോട് ആവശ്യപ്പെട്ടു. അതേസമയം സിന്‍ജിയാങിലേത് മനുഷ്യാവകാശ പ്രശ്‌നമോ, മതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ അല്ലെന്ന നിലപാടിലാണ് ചൈന.

Next Story