ഇരിട്ടിയില്‍ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കീഴടങ്ങി
വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ജില്ല വിട്ടതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.
26 May 2021 12:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: ഇരുട്ടി മുഴക്കുന്നില്‍ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്ത്തകന് കീഴടങ്ങി. വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ജില്ല വിട്ടതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് കീഴടങ്ങല്‍.
മെയ് 20-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീടിന് സമീപത്തു വെച്ച് പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ നിധീഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടും അറസ്റ്റുണ്ടാകാന്‍ വൈകിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വീടിനടുത്തുള്ള തോട്ടില്‍ ബാലിക തുണ അലക്കാന്‍ പോകുന്നതിനിടെയാണ് നിധീഷ് കൃത്യം ചെയ്തതെന്നാണ് സൂചന.
പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രദേശവാസിയാണ് വിവരം അറിയിക്കുന്നത്. പിന്നാലെ പെണ്‍കുട്ടിക്ക് വൈദ്യ സഹായം ലഭ്യമാക്കിയിട്ടുണ്ട്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്ക് ജാമ്യം ലഭിക്കില്ല. പ്രദേശത്തെ ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനാണ് നിധീഷെന്നാണ് വിവരം.
- TAGS:
- CHILD RAPE
- DYFI
- Kannur
- Rape