Top

‘കേരളത്തിലെ ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച വ്യക്തിയുടെ പേര് നല്‍കുന്നത് അനീതിയാണ്’: മുഖ്യമന്ത്രി

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാംപസിന് എം എസ് ഗോള്‍വാള്‍ക്കറെപ്പോലെ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച വ്യക്തിയുടെ പേരു നല്‍കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

5 Dec 2020 11:14 AM GMT

‘കേരളത്തിലെ ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച വ്യക്തിയുടെ പേര് നല്‍കുന്നത് അനീതിയാണ്’: മുഖ്യമന്ത്രി
X

കേരളത്തിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാംപസിന് എം എസ് ഗോള്‍വാള്‍ക്കറെപ്പോലെ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച വ്യക്തിയുടെ പേരു നല്‍കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണ കേന്ദത്തിന് ഗോള്‍വാള്‍ക്കറിന്റെ പേര്‌ നല്‍കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്വാതന്ത്ര്യാനന്തരം മതവര്‍ഗീയത തീര്‍ത്ത നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ഒരു രാജ്യത്തിന്റെ ഭാഗമായിരുന്നിട്ടും, അതെല്ലാം സധൈര്യം ചെറുത്ത് മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു നിലകൊണ്ട സംസ്ഥാനമാണ് കേരളം. വര്‍ഗീയത പോലുള്ള സങ്കുചിത ചിന്തകകള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മാനവികത ഉയര്‍ത്തിപ്പിടിച്ച സംസ്‌കാരമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവാത്ത നടപടിയാണത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രമുള്‍പ്പെടെ ആധുനികതയുടെ സംഭാവനകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പ്രാകൃതമായ സംസ്‌കൃതിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഗോള്‍വാള്‍ക്കെറെപ്പോലൊരു വ്യക്തിയുടെ നാമം ഇത്തരമൊരു ഗവേഷണസ്ഥാപനത്തിനു ചാര്‍ത്തുന്നത് അനീതിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വര്‍ഗീയതയില്‍ ഊന്നിയ വെറുപ്പിന്റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടത്. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് പ്രസ്തുത തീരുമാനത്തില്‍ പുനര്‍വിചിന്തനം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധനു കത്തയച്ചതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ദ്ധന് അയച്ച കത്ത്‌

Next Story