‘വാക്സിനെടുത്തെന്ന ധൈര്യത്തില്‍ മറ്റു രോഗപ്രതിരോധ മാര്‍ഗങ്ങള്‍ അവഗണിക്കരുത്’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
കൊവിഡ് വാക്സിനെടുത്തെന്ന ധൈര്യത്തില്‍ മറ്റു രോഗപ്രതിരോധ മാര്‍ഗങ്ങളെല്ലാം അവഗണിച്ചു മുന്നോട്ടു പോയാല്‍ രോഗം വന്നേക്കാം എന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അത്തരം പ്രവണതകള്‍ ഉണ്ടായാല്‍ രോഗവ്യാപനമുണ്ടായേക്കാമെന്നും അതിനാല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷന് എടുത്തു എന്നതുകൊണ്ട് ഒരാള്‍ കോവിഡില്‍ നിന്നും പെട്ടെന്നൊരു സംരക്ഷണം നേടുന്നില്ല. ആദ്യ ഡോസ് വാക്സിനെടുക്കുന്നവരില്‍ ഏകദേശം പകുതി പേര്‍ക്കു മാത്രമായിരിക്കും രോഗപ്രതിരോധം കൈവരിക്കാനാവുക എന്നാണ് കണക്കാക്കുന്നത്. അതിനു തന്നെ രണ്ടാഴ്ചയോളം സമയമെടുക്കും എന്നും കരുതപ്പെടുന്നു. 70 മുതല്‍ […]

കൊവിഡ് വാക്സിനെടുത്തെന്ന ധൈര്യത്തില്‍ മറ്റു രോഗപ്രതിരോധ മാര്‍ഗങ്ങളെല്ലാം അവഗണിച്ചു മുന്നോട്ടു പോയാല്‍ രോഗം വന്നേക്കാം എന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അത്തരം പ്രവണതകള്‍ ഉണ്ടായാല്‍ രോഗവ്യാപനമുണ്ടായേക്കാമെന്നും അതിനാല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിനേഷന് എടുത്തു എന്നതുകൊണ്ട് ഒരാള്‍ കോവിഡില്‍ നിന്നും പെട്ടെന്നൊരു സംരക്ഷണം നേടുന്നില്ല. ആദ്യ ഡോസ് വാക്സിനെടുക്കുന്നവരില്‍ ഏകദേശം പകുതി പേര്‍ക്കു മാത്രമായിരിക്കും രോഗപ്രതിരോധം കൈവരിക്കാനാവുക എന്നാണ് കണക്കാക്കുന്നത്. അതിനു തന്നെ രണ്ടാഴ്ചയോളം സമയമെടുക്കും എന്നും കരുതപ്പെടുന്നു. 70 മുതല്‍ 80 ശതമാനം വരെ രോഗത്തില്‍ നിന്നും സുരക്ഷ ലഭിക്കണമെങ്കില്‍, രണ്ട് ഡോസുമെടുത്ത് 14 ദിവസങ്ങള്‍ കൂടെ കഴിയണം. അതായത് ആദ്യ ഡോസ് കഴിഞ്ഞുള്ള 28 ദിവസവും രണ്ടാമത്തെ ഡോസ് കഴിഞ്ഞുള്ള 14 ദിവസവും കൂടി കഴിഞ്ഞാലേ നമ്മള് ആഗ്രഹിക്കുന്ന നിലയിലുള്ള പ്രതിരോധം ലഭ്യമാകൂ.
കൊവിഡ് വാക്സിനെടുക്കുന്ന ആളുകളില്‍ കുറച്ചു പേര്‍ക്ക് വാക്സിനെടുത്ത അന്നോ തൊട്ടടുത്ത ദിവസമോ ശരീര ക്ഷീണം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. വാക്സിന് കുത്തിവയ്ക്കുന്നതിനെത്തുടര്ന്ന് രോഗപ്രതിരോധത്തിന്റെ ഭാഗമായി ശരീരത്തില്‍ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളാണവ. അവ കൊവിഡിന്റെ ലക്ഷണങ്ങളല്ലെന്നു തിരിച്ചറിയണം. സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ആ ബുദ്ധിമുട്ടുകള്‍ മാറും.ലക്ഷണങ്ങള്‍ അല്പം നീണ്ടു പോവുകയോ, കൂടുകയോ ചെയ്യുന്നു എന്ന് തോന്നുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ കാണണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 43,563 ആയിരുന്നു. ഒരാഴ്ച കൊണ്ടു ഏതാണ്ട് 15 ശതമാനം കേസ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണ് ഇപ്പോള്‍. വാക്സിനേഷന് ക്യാമ്പെയ്ന് ശക്തമായി നടക്കുന്നുണ്ട്. പരമാവധി വേഗത്തില്‍ എല്ലാവരിലേക്കും വാക്സിന് എത്തിക്കാനാണ് ശ്രമം.
വാക്സിനെതിരെ ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ചിലരെങ്കിലും വാക്സിന് എടുക്കുന്നത് കൊവിഡ് വരുത്തുമോ എന്നാശങ്കപ്പെടുന്നുണ്ട്. അത് തെറ്റായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചു ലക്ഷത്തില്‍പരം ആളുകള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ വാക്സിന് നല്കി. അവര്‍ക്കൊന്നും തന്നെ കാര്യമായെന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് അനാവശ്യമായ ആശങ്കകള്‍ മാറ്റിവെച്ച് വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.