‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടികള്‍ വിശദീകരിക്കണം’; മൂന്നുവട്ടം മാധ്യമങ്ങളില്‍ പരസ്യം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പകര്‍പ്പ് പിന്നീട് ഡൗണ്‍ലോഡ് ചെയ്ത് വരണാധികാരിക്ക് നല്‍കണം. കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാം. പ്രചരണ ജാഥകള്‍ക്ക് പരമാവധി അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. തപാല്‍വോട്ട് വീടുകളില്‍ എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീമിനെ സജ്ജീകരിക്കും. കൊട്ടിക്കലാശം ഒഴിവാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ടിക്കാറാം മീണയുടെ പ്രതികരണം. കൊവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പകര്‍പ്പ് പിന്നീട് ഡൗണ്‍ലോഡ് ചെയ്ത് വരണാധികാരിക്ക് നല്‍കണം. കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാം. പ്രചരണ ജാഥകള്‍ക്ക് പരമാവധി അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. തപാല്‍വോട്ട് വീടുകളില്‍ എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീമിനെ സജ്ജീകരിക്കും. കൊട്ടിക്കലാശം ഒഴിവാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ടിക്കാറാം മീണയുടെ പ്രതികരണം. കൊവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടികള്‍ വിശദീകരിക്കണം. എന്തുകൊണ്ട് മറ്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കണം.
ടിക്കാറാം മീണ
അഞ്ച് വാഹനങ്ങളില്‍ കൂടാതെയുള്ള വാഹന പ്രചരണ ജാഥ ഒരെണ്ണം പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്തത് അനുവദിക്കൂ. 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കായിരിക്കും തപാല്‍ വോട്ടിന് സൗകര്യമൊരുക്കുക. ഇവര്‍ക്ക് ജില്ലാ തലത്തിലുള്ള പ്രത്യേക ടീം തപാല്‍ വോട്ട് നേരിട്ട് എത്തിക്കും. തപാല്‍ വോട്ട് ആഗ്രഹിക്കുന്നവര്‍ 12 ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം.
തപാല്‍ വോട്ട് അനുവദിക്കപ്പെടുന്നവരുടെ പ്രത്യേക പട്ടിക ഓരോ ബൂത്തിലേയും വരണാധികാരി തയ്യാറാക്കും. ഉദ്യോഗസ്ഥരുടെ ടീം ഈ പട്ടിക അനുസരിച്ച് തപാല്‍ വോട്ടുകള്‍ വീടുകളില്‍ വിതരണം ചെയ്യും. രണ്ട് പോളിങ്ങ് ഓഫീസര്‍മാര്‍, ഒരു പൊലീസ് സെക്യൂരിറ്റി, ഒരു വീഡിയോഗ്രഫര്‍ എന്നിവരാണ് ടീമിലുണ്ടാകുക. ബാലറ്റ് നല്കാന് പോകുന്ന സമയക്രമം സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് സ്ഥലത്ത് എത്താന്‍ വേണ്ടിയാണിത്.
കള്ളവോട്ട് തടയാന്‍ എല്ലാ സ്ഥലങ്ങളിലും പോളിങ് ഏജന്റുമാര്‍ ഉണ്ടെന്ന് രാഷ്ട്രീയ കക്ഷികള്‍ ഉറപ്പാക്കണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടേയും കേസുകളുടേയും വിവരങ്ങളും സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കണം. ഇക്കാര്യങ്ങള്‍ മൂന്നുതവണ സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം.
ടിക്കാറാം മീണ
ഈ തെരഞ്ഞെടുപ്പ് മുതല്‍ കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നതെങ്കില്‍ എന്തുകൊണ്ട് മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്ന വിശദീകരണം കൂടി രാഷ്ട്രീയ കക്ഷികള്‍ നല്‍കേണ്ടി വരും. പത്രിക സമര്‍പ്പിക്കുന്നതിന് ഒപ്പം തന്നെ ഇതും സമര്‍പ്പിക്കേണ്ടി വരും. വോട്ടെടുപ്പും അനുബന്ധ നടപടികളും സമാധാനപരമായി നടത്താനുള്ള എല്ലാ പിന്തുണയും രാഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. വോട്ടിങ്ങിന് സാമൂഹ്യ അകലം പാലിക്കാന്‍ ആറടി അകലത്തില്‍ ജനങ്ങളെ ക്രമീകരിച്ചുള്ള ക്യൂ ഒരുക്കണം. കൊവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1,000 വോട്ടര്‍മാരാണുണ്ടാവുക. ആയിരത്തിലധികം വോട്ടര്‍മാര്‍ വരുന്ന ബൂത്തുകളില്‍ ഓക്സിലറി പോളിങ് സ്റ്റേഷനുകള്‍ അധികമായി ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ 15,730 അധിക ബൂത്തുകള്‍ വേണ്ടി വരും. ഓക്സിലറി ബൂത്തുകള്‍ വേണ്ടി വരുന്ന ഇടങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്ത് നിലവിലുള്ള ബൂത്തുകളുടെ അടുത്തു തന്നെ അധിക ബൂത്തുകള്‍ ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന ടിക്കാറാം മീണയുടെ നിര്‍ദ്ദേശത്തോട് അനുകൂലമായാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്. ഇതു സംബന്ധിച്ച് പാര്‍ട്ടികള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ രേഖാമൂലം അഭിപ്രായം അറിയിക്കണം. വോട്ടര്‍ പട്ടിക സംബന്ധിച്ചും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കിലും രേഖാമൂലം അറിയിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംഘം സംസ്ഥാനത്തെത്തുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മുഖ്യ ഓഫീസര്‍ രാഷ്ട്രീയകക്ഷികള്‍ക്ക് നല്കി.