Top

സാക്ഷാല്‍ ലയണല്‍ മെസിയെ മറികടന്ന് സുനില്‍ ഛേത്രി; നിലവിലെ ഗോള്‍ സ്‌കോറര്‍മാരില്‍ രണ്ടാമത്

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഇരട്ടഗോള്‍ പ്രകടനത്തിലൂടെ ആക്ടീവ് ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി രണ്ടാമത്. ഇന്നലെ ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ യോഗ്യതാ റൗണ്ടിലെ ആദ്യ വിജയം നേടിയിരുന്നു. രണ്ടു ഗോളുകളോടെ തന്റെ രാജ്യാന്തര ഗോളുകളുടെ എണ്ണം 74 ആക്കി ഛേത്രി ഉയര്‍ത്തി. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഛേത്രിക്കു മുന്നിലുള്ളത്. 174 മത്സരങ്ങളില്‍ നിന്ന് 103 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി, യു.എ.ഇയുടെ അലി […]

7 Jun 2021 11:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാക്ഷാല്‍ ലയണല്‍ മെസിയെ മറികടന്ന് സുനില്‍ ഛേത്രി; നിലവിലെ ഗോള്‍ സ്‌കോറര്‍മാരില്‍ രണ്ടാമത്
X

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഇരട്ടഗോള്‍ പ്രകടനത്തിലൂടെ ആക്ടീവ് ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി രണ്ടാമത്. ഇന്നലെ ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ യോഗ്യതാ റൗണ്ടിലെ ആദ്യ വിജയം നേടിയിരുന്നു.

രണ്ടു ഗോളുകളോടെ തന്റെ രാജ്യാന്തര ഗോളുകളുടെ എണ്ണം 74 ആക്കി ഛേത്രി ഉയര്‍ത്തി. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഛേത്രിക്കു മുന്നിലുള്ളത്. 174 മത്സരങ്ങളില്‍ നിന്ന് 103 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി, യു.എ.ഇയുടെ അലി മക്ബൂത് എന്നിവരെയാണ് ഛേത്രി മറികടന്നത്. 89 മത്സരങ്ങളില്‍ നിന്ന് 73 ഗോളുകളുമായി മക്ബൂത് മൂന്നാമതും 143 മത്സരങ്ങളില്‍ നിന്ന് 72 ഗോളുകളുമായി മെസി നാലാമതുമാണ്.

രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ 11-ാം സ്ഥാനത്താണ് ഛേത്രി. 149 മത്സരങ്ങളില്‍ നിന്ന് 109 ഗോളുകള്‍ നേടിയ ഇറാന്‍ ഇതിഹാസം അലി ദെയിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

യോഗ്യതാ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യംമുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യക്ക് പക്ഷേ രണ്ടാം പകുതിയിലാണ് സ്‌കോര്‍ ചലിപ്പിക്കാനായത്. ബംഗ്ലാദേശിന്റെ കടുത്ത പ്രതിരോധം മറികടന്ന് 79-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ലീഡ് നേടിയ ശേഷം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്കായി ഇന്‍ജുറി ടൈമില്‍ ഛേത്രി രണ്ടാം ഗോളും നേടി പട്ടിക തികച്ചു.

യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ആദ്യ ജയമായിരുന്നു ഇത്. ഏഴു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും മൂന്നു സമനിലകളുമായി ആറു പോയിന്റോടെ ഗ്രൂപ്പില്‍ മൂന്നാമതാണ് ഇന്ത്യ. ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ച ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കായാണ് കളിക്കുന്നത്. ഇന്നലത്തെ ജയത്തോടെ ഈ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യക്കായി. ഗ്രൂപ്പില്‍ ഇനി ഒരു മത്സരം കൂടി ഇന്ത്യക്ക് ശേഷിക്കുന്നുണ്ട്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

Next Story

Popular Stories